HOME
DETAILS

വിഭാഗീയതയും ദേശീയ വൈകാരികതയും അജന്‍ഡ നിശ്ചയിച്ച തെരഞ്ഞെടുപ്പ്

  
backup
June 09 2019 | 05:06 AM

vibhageeyathayum-desheeya

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പതിനേഴാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ്. മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളോടൊപ്പം ഭരണപക്ഷം ഭരണകാലഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. ഇതൊന്നും വിഷയീഭവിക്കാതെ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ദേശീയതയുടെയും വര്‍ഗീയതയുടെയും വൈകാരികതലം ഉണര്‍ത്തിയാണ് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പനെ ബി.ജെ.പിയും പ്രധാനമന്ത്രിയും നേരിട്ടതും വിജയിച്ചതും.
ഇന്ത്യന്‍ ജനത നേരിടുന്ന ജീവല്‍പ്രശ്‌നങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ഥ വെല്ലുവിളികളും ഇതിലൂടെ തമസ്‌കരിക്കപ്പെട്ടു. ഇതൊന്നും വോട്ടര്‍മാര്‍ ചര്‍ച്ചചെയ്യുകയോ വിലയിരുത്തുകയോ ചെയ്യരുതെന്ന മുന്‍വിധിയോടുകൂടിയ ഹിഡന്‍ അജന്‍ഡയുമായാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും മുന്നോട്ടുപോയത്. ഇപ്രകാരം വോട്ടര്‍മാരെ കബളിപ്പിച്ച് അസാധാരണവും അസൂയാവഹവുമായ വിജയം തന്നെ അവര്‍ കരസ്ഥമാക്കി. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യത്തിനും രാജ്യത്തിനും ഏല്‍പ്പിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും അനാരോഗ്യകരമായ ദുരവസ്ഥയും ചിന്താവിഷയമാകേണ്ടതുണ്ട്.
ഭാരതമൊട്ടാകെ നിരവധി പ്രതിസന്ധികളും വിഷമതകളും പേറുന്ന കാലഘട്ടമാണിത്. അഭ്യസ്തവിദ്യരടക്കം തൊഴില്‍രഹിതരുടെ സംഖ്യ രാജ്യത്ത് വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 45 വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്കിലാണ് 2019ല്‍ രാജ്യം എത്തിയതെന്നാണ് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കു തന്നെ വെളിപ്പെടുത്തിയത്. 2014ലെ ബി.ജെ.പി പ്രകടനപത്രികയില്‍ പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതു യാഥാര്‍ഥ്യമാക്കാന്‍ അഞ്ചു വര്‍ഷം ഭരിച്ച മോദി സര്‍ക്കാരിനു സാധിച്ചിരുന്നെങ്കില്‍ ഇതിനകം 10 കോടി തൊഴില്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. ഇക്കാര്യത്തില്‍ വേണ്ടവിധം ഇച്ഛാശക്തിയും പ്രതിബദ്ധതയും ഇനിയെങ്കിലും ഭരണസംവിധാനം പുലര്‍ത്താതെ പോയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.
ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായി എക്കാലവും വര്‍ത്തിച്ചുപോന്നത് കാര്‍ഷികമേഖലയാണ്. ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വിവരണാതീതമാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാകാത്തതിനാല്‍ ദശലക്ഷക്കണക്കിനു കര്‍ഷകരാണ് കടക്കെണിയിലകപ്പെട്ടത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമമാക്കപ്പെട്ട സര്‍ഫാസി വ്യവസ്ഥ പ്രകാരം ലക്ഷക്കണക്കിനു കര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ രാജ്യത്തെമ്പാടുമായി 12,000ത്തിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രവും ഫലപ്രദവുമായ ഭരണനടപടികള്‍ അധികൃതരില്‍ നിന്നുണ്ടാകുന്നില്ല. കാര്‍ഷികമേഖല നഷ്ടത്തിലായതിനാല്‍ ദശലക്ഷക്കണക്കിന് കര്‍ഷകരാണ് ഉപജീവനമാര്‍ഗമായ കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരാകുന്നത്. ഇത് തൊഴിലില്ലായ്മയുടെ ആക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തികമേഖലയെ തളര്‍ത്തുകയും ചെയ്യും.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും രൂക്ഷമായ കര്‍ഷകപ്രക്ഷോഭങ്ങളാണ് സമീപകാലത്ത് രാജ്യത്ത് അരങ്ങേറിയത്. ഇതു കണ്ടില്ലെന്നു നടിച്ച കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ 6,000 രൂപ കര്‍ഷകര്‍ക്ക് പാരിതോഷികമായി പ്രഖ്യാപിച്ച് അവരെ വലയില്‍ വീഴ്ത്താനുള്ള ചെപ്പടിവിദ്യയാണ് പ്രയോഗിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്ക് ഈ പരിമിത തുക ചെറിയ താല്‍കാലിക ആശ്വാസത്തിനു മാത്രമേ ഉപകരിക്കൂ. ശാശ്വത പരിഹാരം വിദൂരമായിത്തന്നെ നിലകൊള്ളും. ഉല്‍പാദനച്ചെലവിനോടൊപ്പം 50 ശതമാനം അധികം തുക കൂടി കാര്‍ഷികോല്‍പന്നങ്ങള്‍ക്കു നല്‍കുമെന്ന് 2014ല്‍ ബി.ജെ.പി പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം കര്‍ഷകരെ ഏറെ വ്യാമോഹിപ്പിച്ചു. അധികാരത്തിലെത്തിയപ്പോള്‍ ഇതു മറന്നു.
വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത പുലര്‍ത്താതെ പോയതാണ് കാര്‍ഷിക മേഖല ഇന്ന് നേരിടുന്ന ദുരവസ്ഥയുടെ മുഖ്യകാരണമായിത്തീര്‍ന്നത്. ഈ സാഹചര്യത്തിലാണ് കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കിയതും പരിവാരസമേതം വിദേശപര്യടനങ്ങള്‍ക്കും പ്രതിമാനിര്‍മാണങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുമായി ക്രമാതീതമായി പണം ചിലവിട്ടതും.
നോട്ട് നിരോധന ദുരന്തത്തിലൂടെ ഇന്ത്യയില്‍ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇതിലൂടെ ഒരു കോടിയിലധികം തൊഴിലവസരങ്ങളാണ് നഷ്ടമായത്. ഇപ്രകാരം തകര്‍ന്ന വ്യവസായ സംരംഭങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ യാതൊന്നും തന്നെ ഇനിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുമില്ല. ഇതോടൊപ്പം ഇന്ത്യയുടെ പൊതുവ്യവസായ വളര്‍ച്ചാ നിരക്കുതന്നെ ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ബോധ്യപ്പെടുത്തുന്നു. കയറ്റുമതി കുത്തനെ കുറഞ്ഞു. രൂപയുടെ മൂല്യവും ഇടിഞ്ഞു.
ഇതോടൊപ്പം ആഭ്യന്തരരംഗവും ഗുരുതര സ്ഥിതിവിശേഷത്തിലാണ്. പാകിസ്താന്‍, കശ്മിര്‍, മാവോയിസ്റ്റ് ഭീകരതകളില്‍ ഏറെ സുരക്ഷാസേനാംഗങ്ങളെ നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. ഇതിനു പുറമെയാണ് അസഹിഷ്ണുതയുടെയും വര്‍ഗീയ, വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും ഫലമായി അക്രമങ്ങളും കൊലപാതകങ്ങളും ഏറിവരുന്നത്. ഇതോടൊപ്പം ഭരണഘടനാസ്ഥാപനങ്ങള്‍ ഏറിയപങ്കും സര്‍ക്കാര്‍ സ്വാധീനത്തിലകപ്പെട്ട് നിഷ്പക്ഷതയും നീതിയും നിര്‍ഭയത്വവും നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
ഈ പ്രധാനവിഷയങ്ങള്‍ ഏറെ ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കപ്പെടേണ്ടിയിരുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭാവിയില്‍ രാജ്യത്തുണ്ടാകേണ്ട ഭരണപരിഷ്‌കാരങ്ങളും നടപടികളും ചര്‍ച്ചയാക്കപ്പെടേണ്ടതുതന്നെയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു ഗോദയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വേറെ അജന്‍ഡ വന്നു. ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലിന് അവസരം നല്‍കിയാല്‍ പരിമിത ഭരണനേട്ടങ്ങളേക്കാള്‍ മുഴച്ചുനില്‍ക്കുന്ന ഭരണപരാജയങ്ങളും വാഗ്ദാനലംഘനങ്ങളും തിരിച്ചടിയായി മാറുമെന്ന് മുന്‍കൂട്ടി കണ്ട പ്രധാനമന്ത്രിയും കൂട്ടരും ദേശീയ വൈകാരികതയുടെയും വര്‍ഗീയ വിഭാഗീയതകളുടെയും കാര്‍ഡുതന്നെ എടുത്തു പ്രയോഗിച്ചു. അതിനവര്‍ പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കും നന്നായി വിനിയോഗിച്ചു.
പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ-ഭൂരിപക്ഷപ്രയോഗവും പാകിസ്താനിലാണോ വയനാട് എന്ന അമിത്ഷായുടെ പ്രയോഗവും മലേഗാവ് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയാക്കപ്പെട്ട പ്രജ്ഞാസിങിന്റെ സ്ഥാനാര്‍ഥിത്വവും ബഹുസ്വരതയോടൊപ്പം വിവിധ മത-ജാതി വിഭാഗങ്ങളുടെ സ്വത്വം ഹനിക്കുന്ന ഏക സിവില്‍ക്കോഡ് കൊണ്ടുവരുമെന്ന പ്രഖ്യാപനവും വിഭാഗീയതയിലധിഷ്ഠിതമായ പൗരത്വനിയമ നീക്കങ്ങളും തെരഞ്ഞെടുപ്പില്‍ എടുത്തു പ്രയോഗിച്ചു. ഏറ്റവും ഒടുവില്‍ കാശിയില്‍ ഗുഹയ്ക്കുള്ളില്‍ പ്രധാനമന്ത്രിനടത്തിയ ധ്യാനവും തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രയോഗിച്ച തന്ത്രപരമായ നീക്കങ്ങളായി മാറി. ഇതിലൂടെ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെട്ടു.
പ്രതിപക്ഷം ഭരണപരാജയങ്ങളും വാഗ്ദാനലംഘനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവതും ശ്രമിച്ചുനോക്കി. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിട്ട ഈ വര്‍ണ ബലൂണുകളില്‍ വോട്ടര്‍മാരുടെ ദൃഷ്ടി പതിപ്പിക്കുവാന്‍ അവര്‍ക്ക് അസാധാരണ മികവുപുലര്‍ത്താന്‍ സാധിച്ചു. ഈ പ്രചാരണ തന്ത്രത്തില്‍ മേല്‍ക്കൈ നേടാന്‍ സംഘടനാപരമായും മറ്റു പ്രചാരണ ഉപാധികളിലൂടെയും ദുര്‍ബലതയാല്‍ ബി.ജെ.പിയുടെ അടുത്തെങ്ങും എത്താന്‍ കഴിയാതെപോയ പ്രതിപക്ഷം പരാജയമടയേണ്ടിവന്നു.
ഈ തെരഞ്ഞെടുപ്പ് സമീപനം രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പുരോഗതിക്കും നല്ല ഭരണത്തിനും ഒരു വെല്ലുവിളിയായിത്തന്നെ നിലകൊള്ളും. തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തില്‍ എത്ര ഭരണപരാജയമുണ്ടായാലും തെരഞ്ഞെടുപ്പുഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്ന വൈകാരികതകളില്‍ ജനത്തെ അകപ്പെടുത്തുന്ന തന്ത്രം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും രാജ്യത്തിന്റെ യഥാര്‍ഥപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിനും കാരണമാകും. അതിനാല്‍ ഈ പ്രവണത രാജ്യത്തിന്റെ മുന്നോട്ടുള്ള ആരോഗ്യകരമായ പ്രയാണത്തിന് അപകടകരമാണ്. ഇതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഭാവി ഭാരതത്തിന്റെ പുരോഗതിക്കും നിലനില്‍പ്പിനും അനിവാര്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago