എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ സര്‍വിസ്; റിയാദ് -കോഴിക്കോട് സര്‍വിസ് ഷെഡ്യൂളില്‍ മാറ്റം
റിയാദ്: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് തുടങ്ങുന്നതിന്റെ ഭാഗമായി റിയാദില്‍ നിന്നും സര്‍വിസ് ഷെഡ്യൂളില്‍ മാറ്റം വരുത്തി.
അടുത്ത മാസം 30 മുതലുള്ള സര്‍വിസുകളിലെ സമയക്രമങ്ങളാണ് മാറ്റുന്നത്. നിലവിലെ സമയം മാറ്റുന്നതോടൊപ്പം ആഴ്ചയിലെ ഒരു സര്‍വിസ് വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് നിന്ന് റിയാദിലേക്ക് സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസും കണ്ണൂരില്‍ നിന്ന് റിയാദിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വിസും തുടങ്ങാനിരിക്കുന്നതാണ് ഷെഡ്യൂള്‍ മാറ്റത്തിനും സര്‍വിസ് എണ്ണം ചുരുക്കാനും കാരണം.
പുതിയ ഷെഡ്യൂള്‍ പ്രകാരം നിലവിലെ പകല്‍ സമയത്തിനു പകരം രാത്രിയിലാണ് സര്‍വിസ്. ഒക്ടോബര്‍ 30 മുതല്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക.
കോഴിക്കോട്ട് നിന്ന് റിയാദിലേക്ക് ശനി, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സര്‍വിസ് നടത്തും. രാത്രി 12.35ന് പുറപ്പെടുന്ന വിമാനം കാലത്ത് 8.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് രാത്രി ഒമ്പതു മണിക്ക് പുറപ്പെട്ട് 11.30ന് റിയാദിലുമെത്തും.
നിലവില്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് റിയാദ് കോഴിക്കോട് സര്‍വിസുകളുള്ളത്.
കോഴിക്കോട് നിന്ന് കാലത്ത് 9.15ന് പുറപ്പെട്ട് 11.45ന് റിയാദിലെത്തുന്ന വിമാനം ഉച്ചക്ക് 01.15 ന് പുറപ്പെട്ട് രാത്രി 08.45ന് കോഴിക്കോട്ടെത്തും.
ഒക്ടോബര്‍ 27 വരെ നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെയാണ് സര്‍വിസ് തുടരുക. 2016 അവസാനം ആഴ്ചയില്‍ നാലു ദിവസം കോഴിക്കോട്-റിയാദ് സെക്ടറില്‍ സര്‍വിസ് തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ ബാഹുല്യം കാരണം ചൊവ്വ ഒഴികെ എല്ലാ ദിവസവും സര്‍വിസ് നടത്തിയിരുന്നു.
വ്യാവസായിക നഗരിയായ കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ നിന്നും കോഴിക്കോട് സെക്ടറിലേക്കുള്ള എക്‌സ്പ്രസിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളിലെയും നാലു സര്‍വിസ് ഷെഡ്യൂളിലും മാറ്റമുണ്ട്.
ഒക്ടോബര്‍ 28 ന് ശേഷം ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ എന്നിങ്ങനെ നാലു സര്‍വിസുകളാണ് ഉണ്ടാവുക.
നിലവില്‍ പുലര്‍ച്ചെ 2:30 ന് പുറപ്പെട്ട് 9:25 ന് കോഴിക്കോട്ടെത്തുന്ന വിമാനം അടുത്ത മാസം 31 മുതല്‍ ഉച്ചക്ക് ശേഷം 2 മണിക്ക് പുറപ്പെട്ട് രാത്രി 8:55 നായിരിക്കും കോഴിക്കോട് എത്തിച്ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."