മുന്നോക്ക സംവരണം: കോണ്‍ഗ്രസ് നിലപാട് വിമര്‍ശിക്കപ്പെടുന്നു
പാലക്കാട്: കേന്ദ്രനിയമത്തിന്റെ ചുവട് പിടിച്ച് പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കക്കാരുടെ സംരക്ഷകരാവുമ്പോഴും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയാണെന്ന് വിമര്‍ശനമുയരുന്നു. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയും പിന്നീട് നരസിംഹ റാവുവും കളിച്ച വഞ്ചനാ നാടകങ്ങളെല്ലാം തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. മതേതരത്വത്തെ മാത്രമല്ല അതിലൂടെ ബലികൊടുക്കപ്പെട്ടത്. മറിച്ച് സ്വന്തം പാര്‍ട്ടിയെ കൂടിയായിരുന്നു. ഇപ്പോഴിതാ സംവരണക്കാര്യത്തിലും കോണ്‍ഗ്രസ് ന്യൂനപക്ഷ വിരുദ്ധ നയങ്ങളുമായി മൗനം പാലിച്ച് കേരള ജനതയെ വഞ്ചിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.
പിണറായി സര്‍ക്കാരും കോണ്‍ഗ്രസും ഒരു പോലെ പ്രീതിപ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുന്ന മുന്നോക്ക വിഭാഗങ്ങളുടെ വോട്ടുബാങ്കിന് വേണ്ടിയാണ് മുന്നോക്ക സംവരണക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളുടെ വേഗതയും കോണ്‍ഗ്രസിന്റെ മൗനവും ശക്തമാക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന വി.പി സിങ് തീരുമാനിച്ചതിലൂടെ ഇന്ത്യയില്‍ അനിവാര്യമായും നടക്കുമായിരുന്ന ഒരു സാമൂഹിക വിപ്ലവത്തെ ചെറുക്കാന്‍ സംഘ്പരിവാറും കോണ്‍ഗ്രസിലെ സവര്‍ണ ലോബിയും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയായി വേണം ഇടതുസര്‍ക്കാരിന് സംവരണക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണയേയും കാണാന്‍. കോണ്‍ഗ്രസിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ഇടതു പാര്‍ട്ടികളുടെയുമെല്ലാം അടിത്തറ സവര്‍ണ പ്രത്യയശാസ്ത്രമായതിനാല്‍ ഈ ദുരന്തം സ്വാഭാവികമാണ്.
പിന്നോക്കവിഭാഗങ്ങളുടെ സംവരണക്കാര്യത്തില്‍ സമീകരണ യുക്തിയിലൂടെ ഇസ്‌ലാമോഫോബിയ ഒരു പൊതുബോധമായി വളര്‍ത്തുന്നതില്‍ ഇടതു ലിബറലുകളും സംഘ്പരിവാര്‍ ഗ്രൂപ്പുകളും കോണ്‍ഗ്രസിനൊപ്പം അവരുടേതായ പങ്കു വഹിക്കുന്നുണ്ട്. പിന്നോക്ക വിഭാഗമെന്നാല്‍ അത് മുസ്‌ലിംകള്‍മാത്രമാണെന്ന് രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍.
ഇത്തരം പ്രചാരണങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളായ ഈഴവ, പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും ആദിവാസികളും പെട്ടുപോകുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവന്‍ പിന്നോക്ക വിഭാഗങ്ങളും ഒറ്റക്കെട്ടായി മുന്നോക്ക സംവരണ നിയമത്തെ എതിര്‍ക്കുന്നതിനു പകരം പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട ചിലരെങ്കിലും മുന്നോക്കക്കാര്‍ക്കുവേണ്ടിയുള്ള നുണപ്രചാരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാംപയിന്‍ ഏറ്റെടുക്കുന്നു എന്നതാണ് കേരളം അഭിമുഖീകരിക്കുന്ന പുതിയ ദുരന്തം.
( തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."