പുഴയ്ക്കല്‍ വ്യവസായ പാര്‍ക്ക്;ആദ്യഘട്ടപ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും: മന്ത്രി എ.സി മൊയ്തീന്‍
തൃശൂര്‍: പുഴയ്ക്കല്‍ വ്യവസായ പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നവംബറില്‍ തുടങ്ങുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പുഴയ്ക്കല്‍ വ്യവസായ പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം പുരോഗതി വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുഴയ്ക്കല്‍ പാടത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് ഏറ്റെടുത്ത 51.4 ഏക്കര്‍ ഭൂമിയില്‍ കിന്‍ഫ്രയ്ക്ക് നല്‍കിയ 40 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയത് കഴിച്ച് ബാക്കിയുളള 11.41 ഏക്കര്‍ ഭൂമിയിലാണ് വ്യവസായ പാര്‍ക്ക്. 5 ഫേസുകളിലായിടിട്ടാണ് വ്യവസായ പാര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2012 ല്‍ കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. 2.500 ഏക്കര്‍ ഭൂമിയില്‍ 111816.22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളോടു കൂടിയ കെട്ടിടത്തിന്റെ പ്രധാന സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സിഡ്‌കോ വഴിയാണ് കെട്ടിടനിര്‍മ്മാണം. ആദ്യത്തെ എസ്റ്റിമേറ്റ് 15 കോടി രൂപയാണ്. അതില്‍ 10.4 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. സിവില്‍ വര്‍ക്ക് പ്ലമ്പിങ്ങ്, ഫിറ്റിങ്‌സ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായി 4.12 കോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കെട്ടിട പൂര്‍ത്തീകരണം, പാര്‍ക്കിങ് സ്ഥലം, ഇന്റേണല്‍ റോഡ്‌സ്, ഡ്രെയിനേജ്, കല്‍വര്‍ട്ട് എന്നിവയാണ് സിവില്‍ ജോലിയില്‍പ്പെടുക.
ഫയര്‍ എക്‌സിങിഷിങ്, ഇലക്ട്രിക്കല്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ലിഫ്റ്റ് എന്നീ പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തി 20.42 കോടി രൂപയാണ് റിവൈസ്ഡ് എസ്റ്റിമേറ്റ്. ആദ്യഘട്ടത്തില്‍ ഇവിടെ 66 യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും.
പുഴയ്ക്കല്‍ പാടം ബഹുനില സമുച്ചയം രണ്ടാം ഘട്ടത്തിന്റെ ചുമതല കിറ്റ്‌കോക്കാണ്. മൊത്തം എസ്റ്റിമേറ്റ് 22.5 കോടി രൂപയാണ്. അതില്‍ 20.5 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുളളത്. 3.75 ഏക്കര്‍ സ്ഥലത്ത് 1,29,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 2 നിലകോളടുകൂടിയ കെട്ടിടമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ക്ക് 18 മാസമാണ് കാലാവധി. ഏപ്രിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ ബേസ്‌മെന്റ് ജോലികള്‍ പൂര്‍ത്തീകരിച്ചു. മലിനീകരണമില്ലാത്ത വ്യവസായ യൂനിറ്റുകളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക. സിഡ്‌കോ എം.ഡി കെ.ബി.ജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.പ്രദീപ് കുമാര്‍, ഡെപ്യൂട്ടി മാനേജര്‍ കെ.എസ് കൃപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."