സംവരണ അട്ടിമറി സമസ്ത പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഉദ്യോഗ,വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങളെ ബോധപൂര്‍വം അവഗണിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകളുടെ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നത്. പതിറ്റാണ്ടുകളായി ഈ അനീതി നടന്നു കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണ് മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കെന്ന പേരില്‍ 10ശതമാനം സംവരണം ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഭരണഘടനയുടെയും നീതിയുടെയും അന്തസത്തക്ക് നിരക്കാത്തതാണ് ഈ നടപടി. സംവരണത്തിന്റെ അടിസ്ഥാന ആശയം സാമ്പത്തികമല്ല. പുതിയ സവര്‍ണ സംവരണ പ്രഖ്യാപനത്തോടെ നിലവിലുള്ളതില്‍ പോലും കൈയിട്ടുവാരുകയാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതില്‍ നിന്നാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തില്‍ നിന്നാണ് ഇപ്പോള്‍ സംവരണമേര്‍പ്പെടുത്തിയത്. ഇത് കടുത്ത ചതിയാണെന്നും നേതാക്കള്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്ന വിഷയത്തില്‍ അതിന്റെ അന്തിമ തീര്‍പ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തില്‍ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. ഈ പശ്ചാതലത്തില്‍ പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ സമസ്ത മുന്നോട്ടുവയ്ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചു കൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ ശബ്ദിക്കുമ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച് അരികു വല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ സമസ്ത ചെറുക്കും.
കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് സമസ്തയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക്കുകയാണെന്നും ഇതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ ഉടന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണുമെന്നും നേതാക്കള്‍ പറഞ്ഞു. നവംബര്‍ രണ്ടിന് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും. ആറിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മേഖലാ തലങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംവരണ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ.എന്‍.എ .എം അബ്ദുല്‍ ഖാദര്‍, കണ്‍വിനര്‍ മുസ്തഫ മുണ്ടുപാറ,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടാത്തായി, സത്താര്‍ പന്തലൂര്‍ പങ്കെടുത്തു.
പുതുതായി പ്രഖ്യാപിച്ച 10ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രിം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകള്‍ കഴിയുന്നത് വരെ ഇത് സംബന്ധമായി കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കുക.
നരേന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലും പാലൊളി കമ്മിഷന്‍ റിപ്പോര്‍ട്ടിലും നിര്‍ദേശിക്കപ്പെട്ട ബാക്ക് ലോഗ് നികത്തല്‍ ഉടന്‍ നടപ്പിലാക്കുക.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണമേര്‍പ്പെടുത്തുക.
പിന്നോക്ക വിഭാഗങ്ങളിലെ ഓരോ കക്ഷിക്കും എല്ലാ തസ്തികകളിലും നിലവില്‍ അനുവദിക്കപ്പെട്ട ശതമാനം പൂര്‍ണമായും നല്‍കുക.
ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സാമൂഹിക, സാമ്പത്തിക, ജാതി സര്‍വെ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക.
സംവരണത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി അവസാനിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."