ആ ബി.ജെ.പി എം.പിയെ പിന്തുണയ്ക്കാത്തതെന്ത്
തലക്കെട്ടിലെ ഈ ചോദ്യം ബി.ജെ.പിക്കാരുള്‍പ്പെടെയുള്ള ഹൈന്ദവവിശ്വാസികളോടാണ്. ആരാധനാലയങ്ങളില്‍ സമ്പത്തു കുന്നുകൂട്ടിവച്ച ഏതെല്ലാം മതവിഭാഗക്കാരുണ്ടോ അവരോടും കൂടിയാണ്.
യഥാര്‍ഥ ദൈവവിശ്വാസി ഉദിത് രാജ് എന്ന ആ ബി.ജെ.പി എം.പിയെ പിന്തുണയ്ക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് ഈ ചോദ്യമുന്നയിക്കുന്നത്.
പ്രളയക്കെടുതിയില്‍ നിന്നു കേരളത്തെ രക്ഷിക്കാന്‍ ഈ സംസ്ഥാനത്തുള്ള മൂന്നു മഹാക്ഷേത്രങ്ങളില്‍ കുമിഞ്ഞുകൂടിയ കോടാനുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണം വിനിയോഗിക്കണമെന്നാണ് ഉദിത് രാജ് നിര്‍ദേശിച്ചിരിക്കുന്നത്. മതവിരോധിയോ ഹിന്ദുവിരോധിയോ ആയ ജനപ്രതിനിധിയല്ല ഇങ്ങനെ പറയുന്നത്, വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി പ്രതിനിധിയാണ്.
''ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികം വരും. 21,000 കോടി രൂപയുടെ പ്രളയനഷ്ടം നികത്താന്‍ ഇതില്‍ ചെറിയൊരു ഭാഗം വിനിയോഗിക്കാമല്ലോ. ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണം.'' ഇതാണ് ഉദിത് രാജിന്റെ ട്വീറ്റ്.
ആളുകള്‍ മരിക്കുകയും രോഗബാധിതരാകുകയും ചെയ്യുമ്പോള്‍ ക്ഷേത്രങ്ങളില്‍ ഇങ്ങനെ സമ്പത്തു കുന്നുകൂട്ടിയിടുന്നതിന്റെ ആവശ്യകതയെന്തെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ചു വ്യക്തമായ ബോധത്തോടെയാണോ ഉദിത് രാജ് ഇങ്ങനെ പറഞ്ഞതെന്നറിയില്ല. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നോ എന്നും അറിയില്ല.
പറഞ്ഞതു മാറ്റിപ്പറയില്ലെന്ന വിശ്വാസത്തില്‍ പറയട്ടെ, ഉദിത് രാജിന്റെ ആ അഭിപ്രായത്തെ ഈയുള്ളവന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. കേരളം അതിഗുരുതമായ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഈ സന്ദര്‍ഭത്തില്‍, പ്രളയദുരിതാശ്വാസത്തിന് അത്യാവശ്യമായ പത്തുമുപ്പതിനായിത്തോളം രൂപ എങ്ങനെ സംഘടിപ്പിക്കുമെന്നറിയാതെ സംസ്ഥാന സര്‍ക്കാര്‍ കണ്ടവരുടെയെല്ലാം മുന്നില്‍ കൈനീട്ടിക്കൊണ്ടിരിക്കുകയും ഒരു വഴിയും കാണാതെ ശമ്പളവും പെന്‍ഷനും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ഈ വേളയില്‍, കോടിക്കണക്കിനു രൂപ സഹായധനമായി നല്‍കാന്‍ തയാറായ യു.എ.ഇ പോലുള്ള രാജ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ആട്ടിയകറ്റുകയും കേരളത്തിന്റെ പുനര്‍നിര്‍മാണം സ്വയം ഏറ്റെടുക്കാതിരിക്കുകയും വായ്പ തന്നു സഹായിക്കാന്‍ തയ്യാറായി ലോകബാങ്കുള്‍പ്പെടെയുള്ളവയെ പിന്തിരിപ്പിക്കാന്‍ ചതുരുപായങ്ങളും പയറ്റിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആരാധനാലയങ്ങളില്‍ വെറുതെ കുന്നുകൂടിക്കിടക്കുന്ന സമ്പത്ത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിനിയോഗിക്കുന്നതില്‍ എന്താണു തെറ്റ്.
ഒരുപക്ഷേ, വിശ്വാസിസമൂഹം ഈ നിര്‍ദേശത്തിനെതിരേ ഒന്നുരണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചേയ്ക്കാം. വിശ്വാസികള്‍ ആരാധനയുടെ ഭാഗമായി ദൈവത്തിനു നല്‍കുന്ന സ്വര്‍ണവും പണവും നാടുനന്നാക്കാന്‍ ഉപയോഗിക്കാനുള്ളതാണോ എന്നതായിരിക്കും ഒരു ചോദ്യം. ദൈവത്തിന്റെ പണം ക്ഷേത്രത്തിന്റെ പുരോഗതിക്കും ദൈവികമായ ആവശ്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനുള്ളതാണെന്ന വാദവും ഉയര്‍ത്തിയേക്കാം.
ഇവിടെയൊരു മറുചോദ്യം ചോദിക്കട്ടെ, വിശ്വാസി നല്‍കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്നവനാണോ സകല ചരാചരങ്ങളുടെയും സ്രഷ്ടാവ്. ഈ ലോകം തന്നെ സൃഷ്ടിച്ചവന് മനുഷ്യന്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഇത്തിരി സ്വര്‍ണത്തിലും വെള്ളിയിലും നോട്ടുകെട്ടുകളിലും കണ്ണു മഞ്ഞളിക്കുമെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ പൊന്‍കുരിശു തോമ എന്ന മോഷ്ടാവ് സമൂഹത്തിനു മുന്നില്‍ ഉന്നയിക്കുന്ന ചോദ്യം ഇന്നും പ്രസക്തമല്ലേ, 'കര്‍ത്താവായ യേശു മിശിഹാ തമ്പുരാനെ ക്രൂശിച്ചതു മരക്കുരിശിലല്ലേ, പള്ളിക്കെന്തിനാ പൊന്‍കുരിശ്.'
ഈ ചോദ്യം ഏതു ദേവാലയത്തിന്റെ കാര്യത്തിലും വാക്കുകള്‍ മാറ്റി ചോദിക്കാവുന്നതാണ്. ദൈവത്തിന്റെ പേരില്‍ എന്തിനാണിത്ര ആര്‍ഭാടങ്ങള്‍. ആരാധനാലയങ്ങളിലെന്തിനാണ് കോടാനുകോടിയുടെ സ്വര്‍ണവും കാശും സൂക്ഷിക്കുന്നത്. പൊന്‍കുരിശും പൊന്‍താഴികക്കുടങ്ങളും പൊന്നുപൂശലുമെല്ലാം എന്തിനു വേണ്ടി. സമ്പത്തു കൂടുതല്‍ സമ്മാനിക്കുന്നവനെയാണോ ദൈവം കൂടുതലായി അനുഗ്രഹിക്കുക.
സമ്പന്നന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതുപോലെ ദുഷ്‌കരമാണെന്ന വാക്യം ഓര്‍ക്കുന്നില്ലേ. സമ്പത്തല്ല, സദാചാരവും വിശ്വാസദൃഢതയുമൊക്കെയാണ് യഥാര്‍ത്ഥ ദൈവമാര്‍ഗം. പ്രവാചകന്‍ ജീവിതാന്ത്യം വരെ പ്രാര്‍ത്ഥന നടത്തിയിരുന്ന പള്ളിയും താമസിച്ചിരുന്ന വസതിയും ലാളിത്യത്തിന്റെ മകുടോദാഹരണമായിരുന്നു. ഖുറൈശികളാല്‍ വേട്ടയാടപ്പെട്ട കാലത്തു മാത്രമല്ല, മദീനയുടെയും മക്കയുടെയുമെല്ലാം അധിപനായ കാലത്തുപോലും പ്രവാചകന്റെ ജീവിതവും ആരാധനാരീതിയുമൊക്കെ അത്യന്തം ലളിതമായിരുന്നു.
മാളികമുകളില്‍ ഇരുന്നരുളുന്ന ശ്രീകൃഷ്ണന്‍ മുഴുപ്പട്ടിണിക്കാരനായ കുചേലന്‍ കൊണ്ടുവന്ന കല്ലും നെല്ലുമുള്ള അവിലില്‍ പ്രസാദിച്ച കഥ ഓര്‍ക്കുന്നില്ലേ.
വിശ്വാസത്തില്‍ പണമല്ല, ആത്മാര്‍ത്ഥതയാണ് പ്രധാനം. സന്മാര്‍ഗത്തില്‍ ജീവിക്കലാണു സുപ്രധാനം. മറ്റുള്ളവരുടെ ദുരിതം പരിഹരിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യലാണു സന്മാര്‍ഗത്തില്‍ ഏറെ പ്രധാനം. ഈ മഹാപ്രളയകാലത്ത് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു ശതമാനവും ദുരിതക്കയത്തില്‍പ്പെട്ടവരെ തങ്ങളാലാവുംമട്ടില്‍ സഹായിക്കാന്‍ രംഗത്തുവന്നു. പണം നല്‍കിയവരുണ്ട്, ഭൂമി നല്‍കിയവരുണ്ട്, സ്വന്തം ജീവരക്ഷയെക്കുറിച്ചു ചിന്തിക്കാതെ പ്രളയജലം നിറഞ്ഞൊഴുകുന്ന പ്രദേശങ്ങളിലേയ്ക്കു സന്നദ്ധപ്രവര്‍ത്തകരായി എത്തിയവരുണ്ട്.
അപ്പോഴൊക്കെ നാം ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും തരതമഭേദങ്ങള്‍ നോക്കാത്ത നല്ല മനുഷ്യരായി പ്രവര്‍ത്തിച്ചു. ആകെയുള്ള ജീവിതസമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്തവരുണ്ട്. മറ്റുള്ളവര്‍ ദുരിതക്കയത്തില്‍ കൈകാലിട്ടടിക്കുമ്പോള്‍ താന്‍ പണത്തെ കെട്ടിപ്പിടിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന തിരിച്ചറിവാണിതിനു കാരണം.
ഇനി കേരളത്തെ പുനര്‍നിര്‍മിക്കേണ്ട ഘട്ടമാണ്. അതിനായി 30,000 കോടിയെങ്കിലും വേണ്ടിവരുമെന്നു സര്‍ക്കാര്‍ പറയുന്നു. ആരാധനാലയങ്ങളില്‍ വെറുതെ കുന്നുകൂടിക്കിടക്കുന്ന സമ്പത്ത് എന്തുകൊണ്ട്, ഈയൊരു നല്ല കാര്യത്തിനായി ചെലവഴിച്ചുകൂടാ. അങ്ങനെ ചെയ്യാന്‍ തയാറായാല്‍ അതില്‍പ്പരമൊരു പുണ്യപ്രവൃത്തിയില്ല. അന്യന്റെ കണ്ണീരൊപ്പുന്നവരോടാണു പ്രപഞ്ചനാഥനു പ്രിയം.
വെറുതെ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പില്‍ക്കാലത്ത്, അത്രയും തുക തിരിച്ചുകൊടുക്കാമെന്ന ഉപാധിവച്ചു കൊണ്ടെങ്കിലും ആരാധനാലയങ്ങളിലെ സ്വര്‍ണവും പണവും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി ചെലവഴിക്കാന്‍ തയാറായാല്‍ അതാണു മാതൃകാപരമായ പ്രവൃത്തി. വിശ്വാസി സമൂഹത്തിന് ഇതില്‍പ്പരമൊരു പുണ്യം ഉണ്ടാകാനില്ല.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നപ്പോള്‍ കണ്ട സമ്പാദ്യത്തിന്റെ പെരുമ കേട്ടു ഞെട്ടിത്തരിച്ചവരാണു നമ്മള്‍. ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടെന്നു വിശ്വസിക്കുന്ന ബി നിലവറ ഇനി തുറക്കാനുണ്ട്. അതു കൂടിയാകുമ്പോള്‍ എത്ര ലക്ഷം കോടികളാകും. ഇത്രയും ഭാരിച്ച സ്വത്ത് പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ ആയി ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുകയാണ്.
ഉദിത് രാജിന്റെ അഭിപ്രായപ്രകടനം വന്നിട്ടു ദിവസങ്ങളായെങ്കിലും ഇതുവരെ അതിനോടു യോജിച്ചോ എതിര്‍ത്തോ ആരും പ്രതികരിച്ചതായി കണ്ടില്ല. കണ്ടതിനും കേട്ടതിനുമെല്ലാം പ്രതികരിക്കുന്ന രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മിണ്ടിയിട്ടേയില്ല. മറ്റു സമുദായക്കാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ലെങ്കിലും ഹിന്ദുമത വിശ്വാസികള്‍ക്കു പറയാമല്ലോ. ബി.ജെ.പി നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതികരിക്കാന്‍ ബാധ്യതയുണ്ടല്ലോ. എന്തേ ആരുമൊന്നും പറയാത്തത്.
അവരെയെല്ലാം, അവര്‍ തന്നെ പലപ്പോഴും ഉരുവിടാറുള്ള ഒരു മുദ്രാവാക്യം ഓര്‍മിപ്പിക്കട്ടെ,
'മാനവസേവയാണ് മാധവസേവ'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."