'ഞാന്‍ എന്റെ മകനെ കണ്ടു... സന്തോഷമായി'
കല്‍പ്പറ്റ: രാഹുല്‍ പ്രസവിച്ചുവീണപ്പോള്‍ ആദ്യമായി കൈയിലെടുത്ത് ശുശ്രൂഷിച്ച നഴ്‌സ് രാജമ്മ ഒരിക്കല്‍കൂടി രാഹുലിനെ കണ്ടു... എഴുപത്തിരണ്ടുകാരിയായ രാജമ്മയുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു. കൈപിടിച്ച് മുഖത്തേക്ക് കുറേനേരം നോക്കിയ രാജമ്മ സുഖവിവരങ്ങളും അമ്മയെക്കുറിച്ചും രാഹുലിനോട് ചോദിച്ചറിഞ്ഞു. രാഹുലും രാജമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ പുറത്തിറങ്ങിയപ്പോള്‍ രാജമ്മ പറഞ്ഞു... 'ഞാന്‍ എന്റെ മകനെ കണ്ടു, സന്തോഷമായി.'ബത്തേരി കല്ലൂര്‍ വാവത്തില്‍ രാജപ്പന്റെ ഭാര്യ രാജമ്മയാണ് കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലെത്തി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് നിയുക്ത എം.പിയുമായ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലാണ് രാജമ്മ രാഹുല്‍ ഗാന്ധി തന്റെ കൈകളിലേക്കാണ് പിറന്ന് വീണതെന്ന രഹസ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് രാജമ്മയെ കാണാന്‍ രാഹുല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയാണ് ട്വിറ്ററിലൂടെ രാജമ്മയെ രാഹുല്‍ കാണാന്‍ ആഗ്രഹിക്കുന്നതായി അറിച്ചത്. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷണപ്രകാരം രാജമ്മ സന്ദര്‍ശിക്കാന്‍ എത്തിയത്. ഒരു ദേശീയ മാധ്യമത്തിലൂടെയായിരുന്നു രാജമ്മയെക്കുറിച്ച് രാഹുലും പ്രിയങ്കയും അറിഞ്ഞത്.
ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ നഴ്‌സായിരുന്നു രാജമ്മ. 1970 ജൂണ്‍ 19 നായിരുന്നു ഈ ആശുപത്രിയില്‍ രാഹുല്‍ ഗാന്ധിയുടെ ജനനം. സ്വന്തം മാതാപിതാക്കള്‍ ആ കുഞ്ഞിനെ കാണും മുന്‍പ് കൈയിലെടുത്ത രാജമ്മ, രാഹുല്‍ ജില്ലയില്‍ എത്തിയതോടെ ഏറെ ആവേശത്തിലുമായിരുന്നു. തന്റെ മകനെ കണ്ടു സന്തോഷമായെന്നായിരുന്നു രാജമ്മയുടെ പ്രതികരണം.
ഭര്‍ത്താവും ആര്‍മിയില്‍ നായ്ബ് സുബേദാറുമായിരുന്ന വാവത്തില്‍ രാജപ്പനുമൊത്ത് വയനാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന 72 കാരിയായ രാജമ്മ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവവികാസങ്ങളും ഇന്നലെയെന്ന പോലെ ഓര്‍മ്മിക്കുന്നുണ്ട്. തന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് 1970 ജൂണ്‍ 19, ഉച്ചകഴിഞ്ഞു, ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ ആശുപത്രിയില്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും ആഹ്ലാദത്തിലായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയുടെ ജനനം, കുഞ്ഞിനെ ആദ്യമായി കാണാനുള്ള അവസരം. സുന്ദരനായിരുന്നു ആ ആണ്‍ കുഞ്ഞ്.
സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടേത്. വെളുത്ത കുര്‍ത്തയണിഞ്ഞ് രാജീവ് ഗാന്ധിയും, സഞ്ചയ് ഗാന്ധിയും ലേബര്‍ റൂമിന് പുറത്ത് കാത്തിരുന്നു. ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും അവര്‍ പുറത്ത് കാത്തിരിക്കുകയായിരുന്നെന്ന് രാജമ്മ പറഞ്ഞു. പാട്‌നയില്‍ ടൂറിലായിരുന്നതിനാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നാം ദിവസമാണ് പേരക്കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തിയതെന്നും രാജമ്മ ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."