ഭോപ്പാലിലും ഷെല്‍ട്ടര്‍ ഹോം പീഡനം; ഉടമയെ അറസ്റ്റ് ചെയ്തു
ഭോപ്പാല്‍: ബിഹാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികള്‍ക്ക് നേരിട്ടതിന് സമാനമായ പീഡനം മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഷെല്‍ട്ടര്‍ ഹോമിലും. തുടര്‍ച്ചയായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് രക്തസ്രാവം വന്ന് മൂന്ന് അന്തേവാസികള്‍ മരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ഷെല്‍ട്ടര്‍ ഹോം ഉടമയും വിമുക്തഭടനുമായ എഴുപതുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് പീഡനം സംബന്ധിച്ച വിവരം പുറത്തെത്തിച്ചത്. കുട്ടികളുടെ പരാതി സാമൂഹിക ക്ഷേമ വകുപ്പ് പൊലിസിന് കൈമാറിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ പീഡനങ്ങളുടെ വിവരം പുറത്തായത്. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികളായുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും മറ്റുമായി ഒരു ഫുള്‍ടൈം വാര്ഡന് ഉണ്ടായിരുന്നു. ഇയാളുടെ അഭാവത്തില്‍ പിന്നീട് നാല് അധ്യാപകര്‍ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിയിരുന്നു. ഇവരും പോയ ശേഷമാണ് കുട്ടികള്‍ക്ക് ലൈംഗികമായി പീഡനം ഏല്‍ക്കേണ്ടി വന്നത്. കുട്ടികള്‍ ദുരിതജീവിതം നയിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മധ്യപ്രദേശ് മുഖ്യമന്ത്രി ഷെല്‍ട്ടര്‍ ഹോം പരിശോധനക്ക് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."