വ്യോമസേനയുടെ ഓണ്‍ ലൈന്‍ പരീക്ഷയില്‍ ക്രമക്കേട്
ചണ്ഡീഗഡ്: റോത്തക്കില്‍ നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരെ നിയമിക്കാന്‍ വ്യോമസേന നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഹാക്കര്‍മാരുടെ ഇടപെടല്‍. സമാന്തര ശൃംഖല സ്ഥാപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ ഉപയോഗിച്ച കംപ്യൂട്ടറുകളിലേക്ക് ഹാക്കര്‍മാര്‍ പ്രവേശനം നേടിയത്. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രത്തിലെ മേല്‍നോട്ടച്ചുമതലയുള്ളയാള്‍ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ഉദ്യോഗാര്‍ഥികള്‍ കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ അനങ്ങാതെ ഇരുന്നപ്പോള്‍ വിദഗ്ധരുടെ സഹായത്തോടെ ഹാക്കര്‍മാര്‍ ഇവര്‍ക്കായി പരീക്ഷയില്‍ പങ്കെടുക്കുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് വ്യോമസേന അധികൃതര്‍ റോത്തക്ക് പൊലിസിനു പരാതി നല്‍കി. 175 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ചു പേരുടെ കംപ്യൂട്ടറുകള്‍ പുറമേ നിന്നു നിയന്ത്രിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സി ഡാക്കിനായിരുന്നു നടത്തിപ്പു ചുമതല. ഇവര്‍ ഇത് പുറമേയുളള മറ്റൊരു ഏജന്‍സിക്ക് കൈമാറുകയായിരുന്നു.
ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ കീബോര്‍ഡ് സ്പര്‍ശിക്കാതെ ഇരിക്കുമ്പോഴും കൃത്യമായി ഉത്തരം രേഖപ്പെടുത്തുന്നതായി ഓണ്‍ലൈന്‍ സെന്ററില്‍ വ്യോമസേനയുടെ വിജിലന്‍സ് വിഭാഗം നടത്തിയ സന്ദര്‍ശനത്തില്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തായത്. പരീക്ഷാ കേന്ദ്രത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഒരു സി.എ.ടി 6 ഫൈബര്‍ കേബിള്‍ ബന്ധിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഈ കേബിള്‍ ഘടിപ്പിച്ച മുറിയില്‍ ലാപ്‌ടോപ്പുമായി അഞ്ചു പേര്‍ ഇരുന്ന് ചോദ്യങ്ങള്‍ മനസിലാക്കിയ ശേഷം ഒരു വിദഗ്ധന് അയച്ച ശേഷം ശരിയായ ഉത്തരങ്ങള്‍ നേടി അവ ഉദ്യോഗാര്‍ഥികള്‍ക്കായി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിപ്പുകാര്‍ 3.5 ലക്ഷം മുതല്‍ ആറുലക്ഷം രൂപവരെ ഈടാക്കിയിരുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."