സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്
തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. കായത്ത് റോഡില്‍വച്ച് നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടു പ്രതികളാണ് ബൈക്കില്‍ നിന്നിറങ്ങി നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നസീറിനെ രണ്ടുപേര്‍ ചേര്‍ന്ന് തുടരെ വെട്ടുകയായിരുന്നു. പിന്നീടു വയറില്‍ കുത്തുന്നതും കാണാം.
ഇതിനിടെ നിലത്ത് വീണ നസീറിന്റെ ദേഹത്ത് പ്രതിയായ അശ്വന്ത് മൂന്നുതവണ ബൈക്ക് കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അശ്വന്ത് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ വ്യക്തമാണ്. സംഭവസമയം അതുവഴി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. വഴിയാത്രക്കാരനായ വയോധികനും പോകുന്നത് ദൃശ്യത്തില്‍ വ്യക്തമായി കാണാം. പരിസരത്തെ കടയിലെ സി.സി.ടി.വി കാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. കൂടുതല്‍ വാഹനങ്ങള്‍ വന്നതോടെയാണു നസീറിനെ ആക്രമിക്കുന്നതില്‍നിന്നു സംഘം പിന്‍വാങ്ങുന്നത്. പ്രതികള്‍ മൂന്ന് പേരും ഒരു ബൈക്കില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അതുവഴി പോകുന്ന യാത്രക്കാര്‍ ആക്രമണഭീതി കാരണം നസീറിനെ രക്ഷിക്കാനും ശ്രമിച്ചിട്ടില്ല.
അതിനിടെ നസീറിനെ ആക്രമിച്ച മൂന്നുപേരെയും അറസ്റ്റ്‌ചെയ്‌തെന്നാണു പൊലിസ് പറയുന്നത്. കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍, പൊന്ന്യം സ്വദേശി കെ. അശ്വന്ത് എന്നിവരാണ് ആക്രമണത്തില്‍ പങ്കെടുത്ത മൂന്നുപ്രതികള്‍. റോഷനും ശ്രീജനും കഴിഞ്ഞദിവസമാണു കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലിസ് നല്‍കിയ എഫ്.ഐ.ആറില്‍ ഇവര്‍ പ്രതികളായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതികളെ എങ്ങനെ കസ്റ്റഡിയില്‍ വാങ്ങുമെന്നതിനെ സംബന്ധിച്ച് പൊലിസിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന റോഷനെയും ശ്രീജനെയും ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നു പൊലിസ് അറിയിച്ചു.
അതേസമയം, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.ഐ വി.കെ വിശ്വംഭരനെ കാസര്‍കോട്ടേക്കും എസ്.ഐ ഹരീഷിനെ പേരാമ്പ്രയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. സി.ഐയായി കണ്ണൂര്‍ ക്രൈംബ്രാഞ്ച് സി.ഐ സനല്‍ കുമാറിനെയാണു നിയമിച്ചത്.
എസ്.ഐയെ നിയമിച്ചിട്ടില്ല. ഗൂഢാലോചനയില്‍ ജനപ്രതിനിധിക്കും പങ്കുണ്ടെന്നാണു നസീറിന്റെ ആരോപണം. നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.എം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ശനിയാഴ്ച കണ്ണൂരിലെ ജില്ലാകമ്മിറ്റി ഓഫിസില്‍ മേഖലയിലെ പാര്‍ട്ടി അംഗങ്ങളായ ഇരുപതോളം പേരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
പാര്‍ട്ടി നേതൃത്വം
സമീപിച്ചിട്ടില്ല: നസീര്‍
തലശേരി: തനിക്കു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനു പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിട്ടില്ലെന്നു സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സി.ഒ.ടി നസീര്‍. സംഭവത്തില്‍ പാര്‍ട്ടി തെളിവെടുത്തതായി അറിഞ്ഞു. പാര്‍ട്ടി അവരുടെ ശൈലിയില്‍ അന്വേഷിക്കുകയാണ്. ഇതുവരെ നേരിട്ടു പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിട്ടില്ല. കഴിഞ്ഞദിവസം കീഴടങ്ങിയ രണ്ടു പ്രതികളില്‍ ഒരാള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണോ എന്നതിനു സംശയമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."