നിപാ: വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
കൊച്ചി: നിപാ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഇന്നലെ വിദ്യാര്‍ഥിയുടെ അമ്മ ഇദ്ദേഹത്തെ ഐ.സി.യുവില്‍ സന്ദര്‍ശിച്ചു. പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അമ്മയെ യുവാവിന്റെയടുത്ത് എത്തിച്ചത്. പൂനെ എന്‍.ഐ.വിയില്‍ നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ മൂന്ന് സാംപിളുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് രണ്ട് സാംപിളുകള്‍ നെഗറ്റീവാണ്.
അതിനിടെ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇന്നലെ നടന്നു. തൊടുപുഴയിലും പറവൂരിലുമാണ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നത്.
വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് പരിശോധനക്കായ് സാംപിളുകള്‍ ശേഖരിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ രണ്ടാംഘട്ട സാംപിള്‍ പരിശോധനയുടെ ഫലത്തിന്റെ സ്ഥിരീകരണത്തിനാണ് കഴിഞ്ഞ ദിവസം പൂനെയിലേക്കയച്ചത്. പരിശോധന ഇനിയും തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന പതിനൊന്ന് പേരില്‍ നാലു പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധസംഘം ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളെ ഇന്നലെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അമൃത, രാജഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ ആശുപത്രികളില്‍നിന്ന് നിപാ സംശയിച്ച മൂന്ന് പേരുടെ സാംപിളുകള്‍ കളമശേരി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ലാബില്‍ പരിശോധിച്ചിരുന്നു. ഇതും നെഗറ്റീവാണ്.
നിപാ ബാധിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണം ആരോഗ്യവകുപ്പ് ഇപ്പോഴും തുടരുകയാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 52 പേരാണ് ഇപ്പോള്‍ തീവ്ര നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 41 പേര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരാണ്. ആലപ്പുഴ, കൊല്ലം, തൃശൂര്‍, മലപ്പുറം, ഇടുക്കി ജില്ലക്കാരാണ് മറ്റുള്ളവര്‍. 275 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമുണ്ട്.
ഏഴു വയസുകാരന് രോഗബാധയില്ല
അമ്പലപ്പുഴ: വിദേശത്ത് താമസിക്കുന്ന മാവേലിക്കര സ്വദേശികളായ ദമ്പതികളുടെ മകനായ ഏഴു വയസുകാരന് നിപായില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ രക്തസാംപിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയില്‍ ഫലം നെഗറ്റീവായിരുന്നു. കുട്ടി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ശക്തമായ പനിയും തലവേദനയും ഉള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തലച്ചോറില്‍ ഉണ്ടായ അണുബാധയാണ് പനി, തലവേദന, ഓര്‍മ കുറവ് എന്നിവക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് കുട്ടി ബന്ധുവിനൊപ്പം നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."