കുറ്റം സമ്മതിച്ച് പോള്‍ മനഫോര്‍ട്ട്
വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന് മുന്‍ ചെയര്മാന് പോള്‍ മനഫോര്‍ട്ട് അന്വേഷണ സമിതിക്കു മുന്‍പാകെ കുറ്റം സമ്മതിച്ചു. സ്പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്നും മനഫോര്‍ട്ട് സമ്മതിച്ചിട്ടുണ്ട്.
റഷ്യന്‍ ഇടപെടല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന നിയമയുദ്ധം അവസാനിപ്പിച്ചാണ് മനഫോര്‍ട്ട് രണ്ട് ക്രിമിനല്‍ കേസുകളില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയില്‍ പ്രത്യേക കോടതിയില്‍ വാദംകേള്ക്കുന്നതിനിടെയായിരുന്നു ഇത്. രണ്ട് കേസുകളില്‍ താന്‍ കുറ്റക്കാരനാണെന്നു സമ്മതിച്ച മനഫോര്‍ട്ട് കേസില്‍ ഏതുതരത്തിലും സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ സഹായിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ടുള്ള തന്റെ പങ്കിനെ കുറിച്ചും മറ്റു വിവരങ്ങളെ കുറിച്ചും അന്വേഷണ സമിതിക്കു മുന്‍പാകെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിര്‍ജിനിയയില്‍ വ്യത്യസ്തമായ എട്ട് സാമ്പത്തിക തട്ടിപ്പുകേസുകളില്‍ 69കാരനായ മനഫോര്‍ട്ട് കുറ്റാരോപിതനായിരുന്നു. ട്രംപിനെ കൂടുതല്‍ നിയമക്കുരുക്കിലേക്കു നയിക്കുന്നതാണ് മനഫോര്‍ട്ടിന്റെ കുറ്റസമ്മതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."