ദുരിതം വിതച്ച് മാങ്ഖൂട്ട്, ഫ്ളോറന്‍സ് ചുഴലിക്കാറ്റുകള്‍
മനില: ഫിലിപ്പൈന്‍സിനെ പിടിച്ചുലച്ച് മാങ്ഖൂട്ട് ചുഴലിക്കാറ്റ്. വടക്കന്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ 14 പേര് മരിച്ചു. രാജ്യത്തെ പ്രധാന ദ്വീപായ ലൂസോണിനെ വിഴുങ്ങിയ ചുഴലിക്കാറ്റ് ഇപ്പോള്‍ ചൈനയുടെ ഭാഗത്തേക്കു നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ 185 കി.മീറ്റര്‍ വേഗതയിലാണ് മാങ്ഖൂട്ട് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഫിലിപ്പൈന്‍സിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റഗറി അഞ്ചില്പെട്ടതാണ് മാങ്ഖൂട്ട്. ടുഗ്യുഗറാവോ നഗരത്തിലെ ഏറെക്കുറെ മുഴുവന്‍ കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബാഗാവോയില് ചുഴലിക്കാറ്റിനു പിറകെയുണ്ടായ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞുവരുന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. സൂപ്പര്‍ ടൈഫൂണില്നിന്ന് ശക്തികുറഞ്ഞ് കാറ്റഗറി അഞ്ചിലേക്ക് താഴ്ന്നിട്ടുണ്ട് കാറ്റിന്റെ ഗതി. ഹോങ്കോങ്, ദക്ഷിണ ചൈനാ തീരങ്ങള്‍ എന്നിവയെ ലക്ഷ്യമാക്കിയാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. മണിക്കൂറില്‍ 30 കി.മീറ്റര്‍ ആണ് ഇപ്പോള്‍ കാറ്റിന്റെ വേഗത. ഞായറാഴ്ചയോടെ കാറ്റ് ഹോങ്കോങ്ങില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഫിലിപ്പൈന്‍സില്‍ 40 ലക്ഷത്തോളം ജനങ്ങളെയാണു ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. അപകടമുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ തന്നെ പതിനായിരങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍, നേരത്തെ ജനങ്ങളെ ഒഴിപ്പിച്ച തീരനഗരമായ അപാരിയിലെ ദുരിതാശ്വാസ ക്യാംപും കനത്ത കാറ്റില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്റ്റെയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഫ്രാന്‍സിസ് ടോളെന്റിനോ ആണു മരണസംഖ്യ പുറത്തുവിട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ രണ്ടു രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 2013ലുണ്ടായ ഹൈയാന്‍ സൂപ്പര്‍ ടൈഫൂണ്‍ ആണ് ഫിലിപ്പൈന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തം വിതച്ച ചുഴലിക്കാറ്റ്. അന്ന് 7,000ത്തിലേറെ പേര് കൊല്ലപ്പെടുകയും ലക്ഷക്കണക്കിനു പേര് ഭവനരഹിതരാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."