വേദനകള്‍ക്ക് വിരാമം; സ്വപ്ന ബര്‍മന് അഡിഡാസ് പുതിയ സ്‌പൈക്ക് നല്‍കും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഹെപ്റ്റാത്തലന്‍ താരം സ്വപ്ന ബര്‍മന് ഇനി വേദനയില്ലാതെ മത്സരിക്കാം. അതിനായി അഡിഡാസ് പുതിയ സ്‌പൈക്ക് നല്‍കാന്‍ തയാറായിരിക്കുകയാണ്. കാലിലെ ആറു വിരലുകളാണ് എന്നും ബര്‍മന് വേദന സമ്മാനിച്ചിരുന്നത്. അഡിഡാസിന്റെ ഷൂ എത്തുന്നതോടെ ഇതിന് പരാഹാരമാകും. ഇരു കാലുകളിലും ആറു വിരലുമായിട്ടായിരുന്നു സ്വപ്ന ജനിച്ചത്. ചെറുപ്പത്തിലേ ഷൂവും മറ്റും ഉപയോഗിച്ചാന്‍ ബര്‍മന്റെ കാല്‍പാദം വേദനിക്കും. ഈ വേദനയെല്ലാം കടിച്ചമര്‍ത്തിയാണ് ബര്‍മന്‍ ഇന്തോനേഷ്യയില്‍ ഇന്ത്യയുടെ സ്വര്‍ണ റാണിയായത്. മീറ്റുകളില്‍ പങ്കെടുക്കാന്‍ ബര്‍മന്‍ ആവശ്യപ്പെടുമ്പോള്‍ ആറു വിരലുള്ള കാലുകള്‍ സ്‌പൈക്കിനുള്ളില്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നായിരുന്നു ബര്‍മന്റെ മാതാവിന്റെ ആശങ്ക. എന്നാല്‍ ആ ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്ന രീതിയിലായിരുന്നു ബര്‍മന്റെ ഓരോ പ്രകടനവും.
ഓരോ മീറ്റ് ജയിക്കുന്ന സമയത്തും ബര്‍മന്‍ അന്വേഷിക്കുന്നതും ആവശ്യപ്പെടുന്നതും എവിടെ നിന്നെങ്കിലും ആറുവിരലുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌പൈക്ക് ലഭിക്കുമോ എന്നായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തോടെയാണ് സ്വപ്നയുടെ വേദന തീര്‍ക്കാന്‍ ഇന്ത്യന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്. ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയ ശേഷവും സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് എവിടെ നിന്നെങ്കിലും ആറു വിരലുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌പൈക്ക് ലഭിക്കുമോ എന്നായിരുന്നു ചോദിച്ചത്. ഈ ചോദ്യമാണ് ഇന്ത്യന്‍ കായിക മന്ത്രാലയം കേട്ടത്. കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് അഡിഡാസ് കമ്പനിയുമായി സംസാരിച്ച് സ്വപ്നക്ക് പുതിയ സ്‌പൈക്ക് നല്‍കാമെന്ന് അറിയിച്ചത്. സ്വപ്നയുടെ കാലിന്റെ സൈസ് ചോദിച്ച് അഡിഡാസില്‍ നിന്ന് മെയില്‍ വന്നിട്ടുണ്ടെന്ന് സ്വപ്നയുടെ പരിശീലകന്‍ സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. മെയില്‍ വന്നെന്ന കാര്യം സ്വപ്നയും സ്ഥിരീകരിച്ചു. പുറം വേദനയുടെ ചികിത്സക്ക് സ്വപ്ന ഇപ്പോള്‍ മുംബൈയിലാണുള്ളത്.
പുറം വേദന, കാലുവേദന, പല്ലുവേദന എന്നീ വേദനകള്‍ സഹിച്ചായിരുന്നു സ്വപ്ന ഇന്ത്യക്കായി ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. സ്വപ്നയുടെ കാലിന്റെ കാര്യം വളരെ നേരത്തെ ഇന്ത്യന്‍ കായിക മന്ത്രാലയത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴെങ്കിലും ഇതിന് പരിഹാരം കാണാനായതില്‍ സന്തോഷമുണ്ടെന്ന് സ്വപ്നയുടെ പരിശീലകന്‍ പറഞ്ഞു.
കൊല്‍ക്കത്തിയിലെ സായിയില്‍ പരിശീലനം നടത്തുന്ന സ്വപ്ന ഒളിംപിക്‌സ് മെഡലിനായുള്ള തയാറെടുപ്പിലാണ്. തന്റെ വിരലുകളുള്‍ക്കൊള്ളുന്ന സ്‌പൈക്ക് ലഭിച്ചാല്‍ എനിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് സ്വപ്ന ബര്‍മന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."