ആയുഷ്മാനില്‍ തൊട്ട് പ്രധാനമന്ത്രി
രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷം ഗുരുവായൂരില്‍ തൊഴാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രാവശ്യം ഇടതു ണ്ണമുന്നണി സര്‍ക്കാരിനെതിരെ ആരോപിക്കുവാന്‍ ആയുഷ്മാന്‍ പദ്ധതി മനസ്സിലുറപ്പിച്ചാണ് വന്നത്. എങ്ങനെയെങ്കിലും കേരളത്തിലൊരു താമര വിരിയിക്കുക എന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യം പറഞ്ഞാല്‍, ആയുഷ്മാന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് തീരെ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പൊതുവെ ഇടതുമുന്നണി സര്‍ക്കാരിന് എതിരായി നില്‍ക്കുന്ന ഇപ്പോഴത്തെ ജനവികാരം ഒന്നു കൂടി ആളിക്കത്തിക്കാമെന്ന് നരേന്ദ്ര മോദി കണക്ക് കൂട്ടിയിട്ടുണ്ടാകും. അതല്ലാതെ പാവങ്ങളുടെ ആരോഗ്യസ്ഥിതിയോര്‍ത്തുള്ള ഉല്‍ക്കണ്ഠയായിരിക്കില്ല. ഇങ്ങനെ ഉല്‍ക്കണ്ഠപ്പെടുന്ന ആളായിരുന്നുവെങ്കില്‍ യു.പിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവിടെയൊന്നും ഓടിയെത്തിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ കണ്ടില്ലല്ലോ. സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോ. ഖഫില്‍ അഹമ്മദിനെ കണക്കറ്റ് ശിക്ഷിക്കുകയും ചെയ്തു മുഖ്യമന്ത്രി ആദിത്യനാഥ്.
മാലിദ്വീപിലേക്ക് കൊച്ചി വഴി പോകുന്ന പോക്കില്‍ കിട്ടുന്ന ചുരുങ്ങിയ സമയം കൊണ്ട് ഇടതുമുന്നണി സര്‍ക്കാരിന് ഒരു കിഴുക്ക് കൊടുക്കാമെന്ന് നല്ലൊരു രാഷ്ട്രീയ തന്ത്രജ്ഞനും കൂടിയായ നരേന്ദ്ര മോദി കരുതിക്കാണും. അതില്‍ തെറ്റില്ലതാനും. പക്ഷെ, ഉന്നം തെറ്റിയെന്നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തില്‍ കാരുണ്യ രൂപത്തില്‍ പദ്ധതി നടപ്പാക്കി വരുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുംപോലെ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇപ്പോള്‍ ഗുണം കിട്ടുന്ന പലര്‍ക്കും അത് നഷ്ടപ്പെടുമെന്നും പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് മന്ത്രി കെ.കെ ശൈലജയുടെ പക്ഷം.
പ്രധാനമന്ത്രിക്ക് കേരള സര്‍ക്കാരിനെ വിമര്‍ശിക്കാനായി ആയുഷ്മാന്‍ പദ്ധതി കുറിപ്പ് തയ്യാറാക്കിയ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും ബി.ജെ.പി നേതാവിന് പറ്റിയ കൈ പിഴ ആയിരിക്കാനും സാധ്യതയുണ്ട്. രാജ്യത്തെ പത്ത് കോടി പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയെന്നാണ് വിവക്ഷ. എന്നാല്‍, ഇതൊരു തട്ടിപ്പ് പദ്ധതിയാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്. പദ്ധതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തന്നെ കേരളം പദ്ധതിയില്‍ അംഗമായിട്ടുണ്ടെന്നാണ് മന്ത്രി തോമസ് ഐസക്ക് പറയുന്നത്. രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നതെന്നും പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ സഹായം ഉറപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നും എന്നാല്‍ കേരളീയര്‍ക്ക് ഈ പദ്ധതിയുടെ നേട്ടം കിട്ടുന്നില്ലെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ ഏതൊരു കേരളീയന്റെയും ഞെരമ്പില്‍ ഇടതു മുന്നണി സര്‍ക്കാരിനോടുള്ള രോഷം തിളക്കും. അതാണല്ലൊ നരേന്ദ്ര മോദിക്കും വേണ്ടത്. എന്നാല്‍, കേരളം പദ്ധതിയില്‍ അംഗമാന്നെന്നും ആദ്യ ഗഡു കിട്ടി ബോധിച്ചെന്നും മന്ത്രി ശൈലജ പറയുമ്പോള്‍ പ്രധാനമന്ത്രിക്ക് തെറ്റായ വിവരം നല്‍കിയ ആളെയാണ് ഇനി കണ്ടു പിടിക്കേണ്ടത്. നിലവില്‍ മികച്ച ആരോഗ്യ സംരക്ഷണപദ്ധതികള്‍ ഉള്ളതിനാല്‍ 'മോദി കെയര്‍ ' എന്ന് വിളിപ്പേരുള്ള ആയുഷ്മാന്‍ ഭാരത് തല്‍ക്കാലം വേണ്ടെന്നുവച്ചിരുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിനൊപ്പം തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഉണ്ടായിരുന്നു.
നിലവിലുള്ള ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ചികിത്സാ സഹായമാണ് കിട്ടുന്നത്. എന്നാല്‍ 1110 രൂപയുടെ പ്രീമിയത്തിന് അഞ്ച് ലക്ഷത്തിന്റെ ആനുകൂല്യം കിട്ടുമെന്നാണ് ആയുഷ്മാന്‍ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തില്‍ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമോ എന്നും എവിടെ നിന്നാണ് ഇതിന് പണം കിട്ടുക എന്നും പദ്ധതി ഉദ്ഘാടനം ചെയ്ത 2018 സപ്റ്റംബറില്‍ തന്നെ തോമസ് ഐസക്ക് സംശയം പ്രകടിപ്പിച്ചതാണ്. അതുകൊണ്ടായിരുന്നു പദ്ധതി തട്ടിപ്പാണെന്ന് വളരെ മുമ്പ് തന്നെ അദ്ദേഹം പറഞ്ഞതും. പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണിതെന്നും അന്ന് തന്നെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞുവച്ചിരുന്നു. ആയുഷ്മാനില്‍ ചേരാത്തതിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക്കിനെയും പ്രധാനമന്ത്രി മുമ്പ് കുറ്റപ്പെടുത്തിയിരുന്നു.
ദുര്‍ബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങള്‍ക്കും ഏകദേശം 50 കോടി കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ എന്നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ബി .ജെ.പി സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ചെലവിലേക്കായി വലിയ ഒരു തുക സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടതുണ്ട്. എന്നാല്‍ പദ്ധതിയുടെ ബഹുമതി കേന്ദ്ര സര്‍ക്കാര്‍ കരസ്ഥമാക്കുകയും ചെയ്യുമെന്നാണ് പദ്ധതിയില്‍ നിന്നും വിട്ടുനിന്ന പല സംസ്ഥാനങ്ങളും വ്യക്തമാക്കിയത്. മാത്രമല്ല. ആയുഷ്മാന്‍ ഭരത് പദ്ധതിയെക്കാള്‍ മികച്ച ആരോഗ്യ സംരക്ഷണ പദ്ധതികള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തി വരുന്നുമുണ്ട്. മാലിദ്വീപിലേക്ക് പോകുന്ന വഴിയില്‍ കിടക്കട്ടെ ഇടത് മുന്നണി സര്‍ക്കാരിന് ഒരു കിഴുക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതിക്കാണും. ബംഗാളിന് ശേഷം കേരളം എന്ന അജണ്ടയാണല്ലൊ ബി.ജെ.പിയുടെ കൈയിലുള്ളത്. സംസ്ഥാനത്തെ സി.പി.എം അതിനായി അവരാലാകും വിധം സഹായ സഹകരണങ്ങള്‍ നല്‍കുന്നുമുണ്ട്. അത് എന്തൊക്കെയായിരുന്നുവെന്ന് ചികയുകയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."