ഭാഷാപ്രശ്‌നം വീണ്ടും തലപൊക്കുന്നോ
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ഫെഡറേഷനാണ് ഇന്ത്യ. അതു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന യൂണിയനാണ്. മറ്റൊരു വിധത്തില്‍ അതിനെ 'യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ' എന്നും വിളിക്കാം.
ഭരണഘടനാ നിയമനിര്‍മാണ സമിതി രൂപം കൊള്ളുന്നതിനു മുമ്പുതന്നെ ഇന്ത്യയില്‍ ഭാഷയെച്ചൊല്ലി ഏറെ ചര്‍ച്ചകളുണ്ടായിരുന്നു. ഇതില്‍ പ്രധാനം ഇന്ത്യയില്‍ ഹിന്ദിഭാഷയുടെ സ്ഥാനവും സ്വാധീനവും എത്രത്തോളമാണെന്നതിനെക്കുറിച്ചു തന്നെയായിരുന്നു. അധ്യയനമാധ്യമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും നിലനിന്നുപോന്നിരുന്നു.
ഇന്ത്യന്‍ വിദ്യാഭ്യാസം സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ കൂടിയായിരിക്കണമെന്നു വാദിക്കുന്ന ഓറിയന്റല്‍ ഗ്രൂപ്പും അതല്ല, ഇംഗ്ലീഷായിരിക്കണം പഠനമാധ്യമമെന്നു വാദിക്കുന്ന ഓക്‌സിഡന്റല്‍ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം ഏറെ പ്രസിദ്ധമാണ്. ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്.
ഒന്നാം മോദീസര്‍ക്കാരിന്റെ കാലത്ത് 2017 ലാണു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടുറിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡോ.കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. ഇതിനു തൊട്ടുമുമ്പ് 2015ല്‍ ടി.എസ്.ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഇതേപോലൊരു കമ്മിറ്റിയുണ്ടായിരുന്നു. ആ കമ്മിറ്റി 2016ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ കരടു റിപ്പോര്‍ട്ട് പൊതുജനാഭിപ്രായത്തിനായി പുറത്തുവിട്ടില്ല. ഇതിനെച്ചൊല്ലി അന്നത്തെ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുമായി കമ്മിറ്റിക്കു ഭിന്നിപ്പുണ്ടായി. യു.ജി.സി ഫണ്ടിങ് കുറച്ചതും ഫെലോഷിപ്പുകള്‍ പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നവും ജെ.എന്‍.യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭവും രോഹിത് വെമുലയുടെ ആത്മഹത്യയുംകൊണ്ട് ഏറെ കലുഷിതമായിരുന്നു ആ കാലഘട്ടം. ഇതു മറികടക്കാനായി സ്മൃതി ഇറാനിയെ മാറ്റി പ്രകാശ് ജാവ്‌ദേക്കറെ മാനവവിഭവശേഷി മന്ത്രിയാക്കി.
ജാവ്‌ദേക്കര്‍ പഴയ കമ്മിറ്റിക്കു പകരം പുതിയ കമ്മിറ്റിയെ നിയമിച്ചു. സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട് 'ഇന്‍പുട്ട് ' വിവരങ്ങളായി സ്വീകരിച്ചുകൊണ്ടു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കസ്തൂരിരംഗന്‍ കമ്മിറ്റിയെ 2017ല്‍ നിയമിച്ചത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് നാലാംനാള്‍, അതായത് 2019 മെയ് 31നു കമ്മിറ്റി പുതിയ മാനവശേഷി വകുപ്പു മന്ത്രി രമേശ് പൊക്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത്രയും ആമുഖം.
റിപ്പോര്‍ട്ടില്‍ ഹിന്ദി ഭാഷ നിര്‍ബന്ധ പഠനവിഷയമാക്കുന്നുവെന്നു പറഞ്ഞു തമിഴ്‌നാട്ടില്‍ ഡി.എം.കെ പ്രതിഷേധമുയര്‍ത്തി. സ്റ്റാലിനോടൊപ്പം കോണ്‍ഗ്രസ് നേതാവ് ചിദംബരവും ചേര്‍ന്നു. പശ്ചിമബംഗാളില്‍ നിന്നു മമതാ ബാനര്‍ജിയും ഈ വിധം പ്രതിഷേധിച്ചു. കര്‍ണാടകയില്‍ നിന്ന് എച്ച്.ഡി കുമാരസ്വാമിയും തിരുവനന്തപുരം എം.പി ശശി തരൂരും ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍, പ്രതിഷേധം ശക്തമാക്കാതെ മുളയിലേ തണുപ്പിക്കാന്‍ സര്‍ക്കാരിനായി.
തമിഴ്‌നാട്ടില്‍ നിന്നുള്ള ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഇതില്‍ പ്രധാന പങ്കു വഹിച്ചു. ഏതെങ്കിലും ഭാഷ ആര്‍ക്കെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും റിപ്പോര്‍ട്ട് കേവലം കരടു രൂപമാണെന്നും തമിഴില്‍ ട്വീറ്റ് ചെയ്തുകൊണ്ട് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഏതായാലും റിപ്പോര്‍ട്ടില്‍ ഹിന്ദിയെക്കുറിച്ചു പറയുന്ന ഭാഗം കരടു രേഖയില്‍ തന്നെ തിരുത്തല്‍ വരുത്തി. പഠന വിഷയമെന്ന നിലയില്‍ ഹിന്ദി നിര്‍ബന്ധമാക്കില്ലെന്ന തരത്തിലായിരുന്നു തിരുത്തല്‍. അങ്ങനെ ഒരുപക്ഷേ തമിഴ്‌നാട്ടില്‍ ഉയര്‍ന്നേക്കാവുന്ന മറ്റൊരു ഹിന്ദി വിരുദ്ധ പോരാട്ടം ഇല്ലാതാക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നതു നല്ല കാര്യം.
ചെന്നൈ എഗ്‌മോറില്‍ 'താലമുത്തു നടരാജന്‍ മാളിഗെ' എന്ന പേരില്‍ ഒരു സര്‍ക്കാര്‍ മന്ദിരമുണ്ട്. ആരാണീ താലമുത്തുവും നടരാജനുമെന്നല്ലേ. പറയാം. 1937ല്‍ സി. രാജഗോപാലാചാരി (രാജാജി) യുടെ നേതൃത്വത്തിലുള്ള പ്രാദേശികസര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കരുടെ സ്വാഭിമാനപ്രസ്ഥാനവും ജസ്റ്റിസ് പാര്‍ട്ടിയും ഇതിനെതിരേ പോരാടി. തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം വ്യാപകമായി.
പെരിയാറും അണ്ണാദുരൈയുമടക്കം ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതില്‍ രണ്ടുപേര്‍ ജയിലിനകത്തു വച്ചു മരിച്ചു. കുംഭകോണത്തു നിന്നുള്ള താലമുത്തുവും ചെന്നൈയില്‍ നിന്നുള്ള നടരാജനും. ഇവര്‍ മരിക്കാനിടയായതോടെ പ്രക്ഷോഭത്തിന്റെ ആക്കം കൂടി. തുടര്‍ന്ന്, 1939ല്‍ രാജാജി ഗവണ്‍മെന്റ് രാജിവച്ചു. സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയത്പിന്‍വലിച്ചുകൊണ്ട് 1940 ല്‍ ഗവര്‍ണര്‍ എര്‍സികിന്‍ ഉത്തരവിറക്കി. തമിഴ്‌നാട്ടിലെ ഹിന്ദിവിരുദ്ധ പോരാട്ടത്തിന്റെ ഒന്നാംഘട്ടമാണ് 1937 മുതല്‍ 1940 വരെയുള്ള കാലം.
പിന്നീട്, ഭാഷാപ്രശ്‌നം, വിശേഷിച്ച് ഹിന്ദി ഭാഷാ പ്രശ്‌നം ഉടലെടുക്കുന്നതു കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയിലാണ്. ദേശീയഭാഷയും ഔദ്യോഗികഭാഷയും ഏതായിരിക്കണമെന്ന വിഷയത്തില്‍ ഏറെ ചര്‍ച്ചനടന്നു. കോണ്‍ഗ്രസിലെ തമിഴ്്‌നാട്ടില്‍ നിന്നുള്ള ടി.ടി കൃഷ്ണമാചാരി ഹിന്ദി പൊതു ദേശീയഭാഷയാക്കുന്നതിനെ എതിര്‍ത്തു. അദ്ദേഹം അന്നു ഭരണഘടനാ നിയമനിര്‍മാണസഭയില്‍ പറഞ്ഞ ഒരു വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
''സര്‍, ഹിന്ദി ഇന്ത്യ എന്നത് യു.പിയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളുടെ ആവശ്യമാണ്. എന്നാല്‍, അഖണ്ഡ ഇന്ത്യ ഒരു പൊതുആവശ്യമാണ്. ഏതു വേണമെന്ന് അവര്‍ക്കു തീരുമാനിക്കാം. വളരെ വികാരഭരിതമായിരുന്നു ആ വാക്കുകള്‍. '' ഒരുപാടു ചര്‍ച്ചകള്‍ക്കുശേഷം ഒടുവില്‍ ഒരു ഫോര്‍മുലയിലെത്തി. മുന്‍ഷി അയ്യങ്കാര്‍ ഫോര്‍മുലയെന്നായിരുന്നു അത് അറിയപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുദേശീയ ഭാഷയെക്കുറിച്ചു പ്രതിപാദിക്കില്ല. എന്നാല്‍, ഹിന്ദിയായിരിക്കും ഔദ്യോഗികഭാഷ. 15 വര്‍ഷത്തേയ്ക്ക് ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി തുടരും. അങ്ങനെ 15 വര്‍ഷത്തേയ്ക്കു ഭാഷാപ്രശ്‌നം കെട്ടടങ്ങി.
ഭരണഭാഷയായി ഇംഗ്ലീഷ് തുടരുമെന്ന 15 വര്‍ഷ സമയം അടുത്തതോടെ ഔദ്യോഗിക ഭാഷാനിയമം അനിവാര്യമായി. 1963ലെ ഔദ്യോഗിക ഭാഷാനിയമമാണ് അടുത്ത ഘട്ടം പ്രതിഷേധത്തിനു കാരണമായത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ രാജ്യസഭയില്‍ ഡി.എം.കെയുടെ അണ്ണാദുരൈയുടെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി അനിശ്ചിതകാലത്തേയ്ക്കു തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദി സംസാരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഭരണത്തിന്റെ നേട്ടവും കോട്ടവും അതുപോലെ തുല്യപരിഗണനയും അവസരവും ലഭിക്കാന്‍ അത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ ഇംഗ്ലീഷിന് ഔദ്യോഗിക ഭാഷയായി തുടരാമെന്ന് എഴുതിച്ചേര്‍ത്തു. അണ്ണാദുരൈ ഇതിനെയും എതിര്‍ത്തു. തുടരാമെന്ന വാക്കിന് തുടരാതിരിക്കാമെന്നും വിവക്ഷയുണ്ടല്ലോ. അതിനാല്‍, തുടരാമെന്നതു തുടരുമെന്നാക്കി മാറ്റണമെന്ന് അണ്ണാദുരൈ ആവശ്യപ്പെട്ടു. പക്ഷേ, പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒരു മാറ്റവും വരുത്താതെ ബില്‍ പാസാക്കി.
അണ്ണാദുരൈയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വീണ്ടും പ്രക്ഷോഭം അരങ്ങേറി. അറസ്റ്റും ആത്മഹത്യാഭീഷണിയും. ഒടുവില്‍ പ്രധാനമന്ത്രി നെഹ്‌റു തന്നെ ഇടപെട്ടു. ഇംഗ്ലീഷ് അനിശ്ചിതകാലത്തേയ്ക്ക് ഔദ്യോഗികഭാഷയായി തുടരുമെന്നു നെഹ്‌റു ഉറപ്പു നല്‍കി. പ്രക്ഷോഭം തണുത്തു. എന്നാല്‍, 1964 ല്‍ നെഹ്‌റു മരിച്ചതോടെ വീണ്ടും അതൃപ്തിയും ആശങ്കയും മുളപൊട്ടി. നെഹ്‌റുവിന്റെ ഉറപ്പു പാലിക്കപ്പെടുമോയെന്ന ആശങ്ക. ഒപ്പം എം. ഭക്തവത്സലത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റ് തമിഴ്‌നാട് നിയമസഭയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഫോര്‍മുല നടപ്പാക്കിയതോടെ ഡി.എം.കെയുടെ പ്രക്ഷോഭം ആളിക്കത്തി. സംസ്ഥാനത്തുടനീളം കോളജ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. തിരുച്ചിറപ്പള്ളിയിലെ ചിന്നസ്വാമി എന്നൊരാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഔദ്യോഗികഭാഷാ നിയമം നിലവില്‍ വരുന്ന 1965 ജനുവരി 26 കരിദിനമായി ആചരിക്കാന്‍ ഡി.എം.കെ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭക്തവത്സലം ഈ നീക്കത്തെ ദുരുപദിഷ്ഠിതമെന്നു വിശേഷിപ്പിച്ചതോടെ ഡി.എം.കെ കരിദിനാചരണം ഒരു ദിവസം നേരത്തേയാക്കി. അണ്ണാദുരൈയടക്കം 3000 ത്തില്‍ അധികം പേര്‍ കരുതല്‍ തടങ്കലിലായി. പ്രക്ഷോഭകരും കോണ്‍ഗ്രസ് പ്രവര്‍ത്തകും തമ്മില്‍ മധുരയില്‍ വച്ചുണ്ടായ ഏറ്റുമുട്ടല്‍ പിന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി.
രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ കണക്കു പ്രകാരം മാത്രം മരിച്ചത് 70 പേര്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനെ ക്രമസമാധാനപ്രശ്‌നമായാണു കണ്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സി. സുബ്രഹ്മണ്യവും അളകേശനും പ്രധാനമന്ത്രി ശാസ്ത്രിക്കു രാജിക്കത്തു നല്‍കി. രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ രാജി അംഗീകരിച്ചില്ല. പകരം പ്രശ്‌നം രൂക്ഷമാകാതെ നോക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ 1965 ഫെബ്രുവരി 11 ന് ഒരു റേഡിയോ പ്രഭാഷണത്തിലൂടെ നെഹ്‌റു നല്‍കിയ ഉറപ്പു പാലിക്കപ്പെടുമെന്നു പ്രധാനമന്ത്രി ശാസ്ത്രി പ്രഖ്യാപിച്ചു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ത്തന്നെയായിരിക്കുമെന്നും സിവില്‍ സര്‍വിസ് പോലുള്ള ഉന്നത മത്സരപരീക്ഷകള്‍ ഇംഗ്ലീഷില്‍ തുടരുമെന്നും പ്രധാനമന്ത്രി ശാസ്ത്രി ഉറപ്പു നല്‍കി. ഈ ഉറപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പിന്നീട് 1967ല്‍ ഔദ്യോഗികഭാഷാ നിയമം ഭേദഗതി ചെയ്തു. അങ്ങനെ തമിഴ്‌നാട്ടിലെ ഹിന്ദിവിരുദ്ധ പോരാട്ടത്തിന് അറുതി വന്നു. തുടര്‍ന്നിങ്ങോട്ടുള്ള അരനൂറ്റാണ്ടുകാലം കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ദ്വിഭാഷാ പദ്ധതി തുടര്‍ന്നു പോന്നു. തമിഴും ഇംഗ്ലീഷും 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിലാണ് ത്രിഭാഷാ പദ്ധതി നിലവില്‍ വരുന്നത്. തമിഴ്‌നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളിലും പബ്ലിക് സ്‌കൂളുകളിലും ഹിന്ദി പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. ഒരു ഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതു തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരുടെ കുട്ടികള്‍ക്കു മാത്രമാണെന്നോര്‍ക്കുക. ഹിന്ദി പഠിക്കാത്തതുകൊണ്ടു തമിഴ്‌നാട്ടിന് എന്തൊക്കെ ത്യജിക്കേണ്ടി വന്നുവെന്നതിനെക്കുറിച്ചു കാര്യമായ പഠനമൊന്നും ഇതേവരെ നടന്നിട്ടില്ല. ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളേക്കാള്‍ മാനവ വികസന സൂചികയില്‍ പ്രത്യക്ഷത്തില്‍ തമിഴ്‌നാട് പിറകിലല്ലെന്നും നമുക്കറിയാം.
എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. ഒരു ഭാഷകൂടി പഠിക്കാനുള്ള നല്ല അവസരം തമിഴ്‌നാട് എന്തിന് ഇല്ലാതാക്കണം. ഏതു ഭാഷാപ്രേമത്തിന്റെ പേരിലാണു തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ സാധാരണ കുട്ടികള്‍ക്ക് ഈ അവസരം നിഷേധിക്കുന്നത്. ഏതു ഭാഷയും പഠിക്കാനുള്ള അവസരം വിട്ടുകളയാതെ നോക്കാന്‍ ഭരണകൂടം ശ്രദ്ധിക്കേണ്ടതല്ലേ. വരുംതലമുറ നമ്മെ കുറ്റപ്പെടുത്താതിരിക്കാന്‍ ഇന്നു നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."