സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി അവസാനഘട്ടത്തിന് തുടക്കം
മലപ്പുറം: മണ്ണിന്റെ പോഷകമൂല്യത്തിന് അനുസൃതമായി രാസവള ഉപയോഗം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ അവസാനഘട്ടത്തിന് സംസ്ഥാനത്തു തുടക്കമാകുന്നു. നാഷനല്‍ മിഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ അഗ്രിക്കള്‍ചറിന് (എന്‍.എം.എസ്.എ) കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
2018- 19 സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന അവസാനഘട്ടത്തിന് 343.38 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ 206.03 ലക്ഷം കേന്ദ്രവും 137.35 ലക്ഷം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതില്‍ കേന്ദ്രവിഹിതം അനുവദിച്ചതായി സംസ്ഥാന സര്‍ക്കാരിന് നേരത്തെ കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പു ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വിഹിതം കൂടി അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കു ഭരണാനുമതി നല്‍കി. 2019 മാര്‍ച്ച് 31നു പദ്ധതി അവസാനിക്കും.
മണ്ണിന്റെ രാസഗുണങ്ങള്‍, ഭൂമിയുടെ സ്വഭാവം തുടങ്ങിയവ പരിശോധിച്ച് കര്‍ഷകര്‍ക്കു നല്‍കുന്ന ആധികാരിക രേഖയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്.
ഓരോ കര്‍ഷകനും കൃഷി ചെയ്യുന്ന മണ്ണില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങി 18 സൂക്ഷ്മ മൂലകങ്ങളുടെ ശരിയായ അളവ് കൃത്യമായി കാര്‍ഡില്‍ രേഖപ്പെടുത്തും.
മണ്ണ് ലാബുകളില്‍ പരിശോധിച്ച് ഫലം വിലയിരുത്തി കൃഷിയിടത്തിന് ആവശ്യമായ രാസവളങ്ങളുടെ അളവും കാര്‍ഡില്‍ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലുള്ള അളവില്‍ മാത്രമായിരിക്കും സബ്‌സിഡിയുള്ള വളം കര്‍ഷകര്‍ക്കു നല്‍കുക.
കൃഷിവകുപ്പും സംസ്ഥാന മണ്ണുപരിശോധനാ ഡയരക്ടറേറ്റും സംയുക്തമായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. 2015ലാണ് പദ്ധതിയുടെ ഒന്നാംഘട്ടം ആരംഭിച്ചത്. രണ്ടാംഘട്ടത്തോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും കാര്‍ഡ് ലഭ്യമാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നതെങ്കിലും അതിന്റെ പകുതിപോലും ഇതുവരെ വിതരണം ചെയ്യാനായിട്ടില്ല.
ആവശ്യത്തിനു ലാബ് സൗകര്യവും ജീവനക്കാരുമില്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."