സംസ്ഥാന പൊലിസും ഡിജിറ്റലായി
മുക്കം: പൊലിസ് സേവനങ്ങള്‍ ഡിജിറ്റലായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റല്‍ വിവരശേഖരണവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റം സംസ്ഥാനത്ത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. രാജ്യത്തെ പൊലിസ് സംവിധാനത്തെ ഒറ്റ ശൃംഖലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി ഇതോടെ കേരള പൊലിസും മാറി. രാജ്യത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതിനായി 2009 ല്‍ ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ കീഴില്‍ ആരംഭിച്ച മിഷന് മോഡ് പ്രൊജക്റ്റ് ആണ് ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റം. ഇതോടെ സംസ്ഥാനത്തെ 813 പൊലിസ് സ്റ്റേഷനുകളും ഡിജിറ്റല്‍ ശൃംഖലയില്‍ ആയിക്കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2,641 കംപ്യൂട്ടറുകളും 1,211 പ്രിന്ററുകളും വിതരണം ചെയ്തു. 16 ട്രെയിനിങ് സെന്ററുകളിലായി 21,440 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. 1,02,200 ഫയലുകള്‍, ഒരു കോടിയിലധികം ജനറല്‍ ഡയറികള്‍, 35 ലക്ഷത്തോളം എഫ്.ഐ.ആറുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ഡാറ്റാ സെന്റര്‍, നാഷനല്‍ ഡാറ്റാ സെന്റര്‍, ഡിസാസ്റ്റര്‍ റിക്കവറി സെന്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായും വേഗത്തിലും എത്തിക്കുവാന്‍ പദ്ധതി സഹായകമാകും.
കേസന്വേഷണം, കുറ്റവാളികളെ കണ്ടെത്തല്‍, ഡാറ്റ അനലൈസേഷന്‍, കുറ്റവാളികളുടെ പ്രവര്‍ത്തനരീതി, സ്വഭാവം എന്നിവ ക്രോഡീകരിക്കല്‍ അടക്കമുള്ളവര്‍ക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന 'തുണ' വെബ് പോര്‍ട്ടല്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്നു. സംസ്ഥാന പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് പദ്ധതി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."