പൂജാമുറിയില്‍ ഒരു മഗ്‌രിബ് നിസ്‌കാരം
വാട്‌സാപ്പില്‍ ഒരാള്‍ അയച്ചുതന്ന വര്‍ഗീയവിഷം തുപ്പുന്ന സന്ദേശം വായിച്ചുകൊണ്ടിരിക്കെയാണ് ബീരാന്‍കുട്ടി മാഷ് ഫോണില്‍ വിളിക്കുന്നത്. എനിക്കു പരിചയമുള്ളയാളല്ല ബീരാന്‍ കുട്ടി മാഷ്. അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കാരനാണ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹിയും സജീവപ്രവര്‍ത്തകനുമാണ് തുടങ്ങി തന്നെപ്പറ്റി ആമുഖമായി പറഞ്ഞശേഷം അദ്ദേഹം ചോദിച്ചു, തിരക്കിലാണോ.
മാന്യവും ഹൃദ്യവുമായ ആ വാക്കുകള്‍ കേട്ടപ്പോള്‍, വീണ്ടുവിചാരം കോളം എഴുതാനുള്ള വിഷയമായി കരുതിയിരുന്ന വാട്‌സാപ്പിലെ ആ വര്‍ഗീയസന്ദേശം വായിക്കുന്നത് അവസാനിപ്പിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ തീരുമാനിച്ചു.
എന്തെങ്കിലും പ്രത്യേകകാര്യം പറയാനല്ല ബീരാന്‍ കുട്ടി മാഷ് വിളിച്ചത്, ഇത്തവണത്തെ നബിദിനത്തില്‍ തനിക്കുണ്ടായ ചില ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ്. മീലാദ് കാംപയ്‌നിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ഇബാദ് സമിതി 'ഗിഫ്റ്റ് ഓഫ് റബീഇ്' സമ്മാനിക്കാന്‍ ചില അമുസ്‌ലിം വീടുകളില്‍ പോയിരുന്നു.
അവര്‍ക്കു നല്‍കിയ സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ എഴുതിയ ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം എന്ന പുസ്തകവും ഉണ്ടായിരുന്നു. അക്കാര്യം പറയാനും തങ്ങളുടെ സമ്മാനം വാങ്ങിയവരില്‍ ചിലര്‍ എന്നെക്കുറിച്ചു പറഞ്ഞ ചില നല്ല വാക്കുകള്‍ അറിയിക്കാനുമാണ് മാഷ് വിളിച്ചത്.
അതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണെങ്കിലും ബീരാന്‍കുട്ടി മാഷുടെ സംസാരത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ചില അനുഭവങ്ങളായിരുന്നു. രോമാഞ്ചജനകമായ ആ അനുഭവം പരമാവധി ആളുകളിലേയ്ക്ക് എത്തിക്കുകയെന്നത് എന്റെ കടമയാണെന്നു മനസ്സു പറഞ്ഞു...
ബീരാന്‍കുട്ടി മാഷും സഹപ്രവര്‍ത്തകരും സന്ദര്‍ശിച്ച വീടുകളില്‍ ഒന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റേതായിരുന്നു. അവര്‍ അവിടെയെത്തുമ്പോള്‍ മഗ്‌രിബ് നിസ്‌കാരത്തിന് ഏതാണ്ട് സമയമായിരുന്നു.
നിസ്‌കരിക്കാന്‍ അടുത്തെങ്ങാനും പള്ളിയുണ്ടോ എന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദിച്ചു. അവിടെ അടുത്തെങ്ങും പള്ളിയുണ്ടായിരുന്നില്ല. കുറച്ച് അകലെ പോകണം.
പള്ളിയില്‍ വച്ചു തന്നെ നിസ്‌കരിക്കണമെന്നുണ്ടോ എന്നു ഗൃഹനാഥന്‍ ചോദിച്ചു.
അങ്ങനെയൊന്നുമില്ലെന്ന് ആഗതരുടെ മറുപടി.
ഇവിടെ സൗകര്യം ചെയ്താല്‍ മതിയോ എന്നായി ഗൃഹനാഥന്‍. ഒരു അമുസ്‌ലിമിന്റെ വീട്ടില്‍ നിസ്‌കരിക്കാന്‍ ആഗതര്‍ക്കു വിരോധമുണ്ടാകുമോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം.
തന്റെ വീട്ടില്‍ നിസ്‌കാരത്തിന് സൗകര്യം ചെയ്തുതരാമെന്ന് ഒരു അമുസ്‌ലിം പറയുന്നതു കേട്ടപ്പോള്‍ ആഗതരുടെ മുഖം പ്രകാശിച്ചു. ഒരു നിമിഷം പോലും ആലോചിച്ചു നില്‍ക്കാതെ അവര്‍ മറുപടി നല്‍കി, അതു സന്തോഷമുള്ള കാര്യമല്ലേ.
ഇതു കേട്ടപ്പോഴേയ്ക്കും ഉണ്ണികൃഷ്ണന്റെ മകന്‍ സുധീഷ് ഉത്സാഹഭരിതനായി എഴുന്നേറ്റു. തങ്ങള്‍ പൂജാമുറിയായി ഉപയോഗിക്കുന്ന മുറി തന്നെ അടിച്ചു വൃത്തിയാക്കി. അതില്‍ കടലാസ് വിരിച്ചു നിസ്‌കരിക്കാന്‍ തയാറാക്കി. ആഗതര്‍ അംഗശുദ്ധി വരുത്തി നിറഞ്ഞ മനസ്സോടെ മഗ്‌രിബ് നിസ്‌കാരത്തിനായി ആ പൂജാമുറിയില്‍ പ്രവേശിച്ചു.
ആ നിമിഷത്തില്‍ ആ വീട്ടുകാര്‍ അനുഭവിച്ചതു തീര്‍ച്ചയായും ആത്മഹര്‍ഷമായിരിക്കും. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രാര്‍ഥനയില്‍ തീര്‍ച്ചയായും സന്മനസ്സുള്ള ആ വീട്ടുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.
പ്രാര്‍ഥന കഴിഞ്ഞു പുറത്തിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു മുന്നിലേയ്ക്ക് ഗൃഹനാഥന്‍ ഒരു പെട്ടിയില്‍ ലഡുവുമായെത്തി. ഓരോരുത്തര്‍ക്കും ലഡു നല്‍കി. അവര്‍ അതു കഴിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: എല്ലാ വര്‍ഷവും നബിദിനത്തില്‍ ഞാന്‍ ലഡു വിതരണം നടത്താറുണ്ടായിരുന്നു. ഇത്തവണയും വാങ്ങിവച്ചു. വേണ്ട രീതിയില്‍ വിതരണം ചെയ്യാനായില്ല. കൊവിഡ് ഭീതിമൂലം ആളുകള്‍ വാങ്ങിക്കഴിക്കുമോ എന്ന സംശയത്തിലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ഇതു സന്തോഷത്തോടെ വാങ്ങി കഴിക്കുന്നതു കാണുമ്പോള്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്.
എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച മറ്റു വീടുകളിലൊന്ന് കിഴിശ്ശേരിയില്‍ താമസിക്കുന്ന സുഗതന്റേതായിരുന്നു. വനംവകുപ്പില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് സുഗതന്‍. കൊല്ലത്തുകാരനാണ്. ഓര്‍ക്കാപ്പുറത്ത് തന്റെ വീട്ടിലേയ്ക്ക് നബിദിന ആശംസയും സമ്മാനവുമായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സുഗതന് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. കൊല്ലത്തുനിന്നു മലപ്പുറത്തു വന്നു താമസിക്കുന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്നെ പരിഗണിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു അദ്ദേഹം.
സംസാരിച്ചിരിക്കുന്നതിനിടയില്‍ സുഗതന്‍ മുറിയിലേയ്ക്കു പോയി ഒരു പുസ്തകവുമായെത്തി. അത് പരിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു.
എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ വിശുദ്ധഗ്രന്ഥം പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. വെറുതെ വായിച്ചുപോകുകയല്ല, തികഞ്ഞ ജാഗ്രതയോടെ. ഓരോ വായനയിലും ഇസ്‌ലാമിനെക്കുറിച്ചുള്ള ശരിയായി മനസ്സിലാക്കാന്‍ കഴിയുന്നു. ഇതേപോലെ ഓരോരുത്തരും ഇതര മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങള്‍ വായിച്ച് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ ഇവിടെ സാഹോദര്യമല്ലാതെ സ്പര്‍ദ്ധയുണ്ടാകില്ല.
തുടര്‍ന്ന് അദ്ദേഹം ആ ഗ്രന്ഥത്തിന്റെ പരിഭാഷകനെക്കുറിച്ചു പറഞ്ഞു: വര്‍ഷങ്ങളോളം ഒരു മുറിക്കുള്ളില്‍ ഏകാഗ്രമായിരുന്നു വ്യക്തമായി പഠിച്ചശേഷമാണ് ഈ പരിഭാഷ നടത്തിയതെന്ന് മുഖവുരയില്‍ പറയുന്നുണ്ട്. തന്റെ അശ്രദ്ധമൂലം വായനക്കാരനിലേയ്ക്ക് തെറ്റായ ഒരു സന്ദേശവും എത്തരുത് എന്ന ഉറച്ച നിലപാട് ആ പരിഭാഷകനുണ്ടായിരുന്നു.
ബീരാന്‍കുട്ടി മാസ്റ്റര്‍ ഇത്തരം അനുഭവങ്ങള്‍ ഓരോന്നും അത്യാവശ്യം വിശദമായിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എനിക്കു മടുപ്പല്ല സന്തോഷമാണ് തോന്നിയത്. കാരണം, നേരത്തെ പറഞ്ഞ, വര്‍ഗീയവിദ്വേഷം നിറഞ്ഞ വാട്‌സാപ്പ് സന്ദേശം എന്റെ മനസ്സിനെ ഏറെ വ്യാകുലപ്പെടുത്തിയ നിമിഷത്തിലാണ് ഒരു കുളിര്‍മഴ പോലെ ബീരാന്‍കുട്ടി മാഷുടെ ആ അനുഭവ വിവരണം ചെവിയില്‍ പതിക്കുന്നത്.
പ്രതീക്ഷയും ആശ്വാസവും ഏറെ തരുന്നതായിരുന്നു ആ അനുഭവ കഥകള്‍. നമ്മുടെ നാടിനെ അനുദിനം സാമുദായിക വിരോധത്തിന്റെ പിടിയിലേയ്ക്കു തള്ളി വിടുന്നതിനും അതിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഏറെ സന്തോഷം തരുന്നതു തന്നെയല്ലേ.
തീര്‍ച്ചയായും, വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തുകൊണ്ട് മാനവസാഹോദര്യം വിളംബരം ചെയ്യുന്ന ഇത്തരം വിവരങ്ങള്‍ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനായാല്‍ അതുതന്നെയല്ലേ ഇക്കാലത്ത് ചെയ്യാവുന്ന ഏറ്റവും പുണ്യമായ പ്രവൃത്തി.
ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇതെഴുതുന്ന ദിവസം വന്ന സന്തോഷകരമായ ഒരു പത്രവാര്‍ത്തയെ അനുസ്മരിച്ചുകൊണ്ടു കൂടിയാവട്ടെ. പള്ളിയുടെ സ്ഥലം സൗജന്യമായി നല്‍കി; പരതക്കാട് ക്ഷേത്രത്തിലേക്കുള്ള വഴി തെളിഞ്ഞു എന്നതാണ് ആ വാര്‍ത്ത. അതും മലപ്പുറം ജില്ലയില്‍ നിന്നു തന്നെ.
ഇത്തരം സദ്‌വാര്‍ത്തകളാല്‍ നിറയട്ടെ നമ്മുടെ മാധ്യമങ്ങള്‍. അങ്ങനെ നമ്മുടെയെല്ലാം മനസ്സില്‍ നിന്നു കാലുഷ്യം തൂത്തെറിയപ്പെടട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."