ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം: മൂന്ന് മരണം
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി സംഘര്‍ഷം രൂക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇരു പാര്‍ട്ടികളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
ഇന്നലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ രണ്ടുപേര്‍ ബി.ജെ.പി പ്രവര്‍ത്തകരും ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണെന്ന് പൊലിസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ടാണ് കലാപത്തിന് തുടക്കമായത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് നോര്‍ത്ത് 24 പര്‍ഗാനാസില്‍ അക്രമം രൂക്ഷമായത്.
തങ്ങളുടെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതായി ബി.ജെ.പി ആരോപിച്ചു. മുകുള്‍ റോയ് അടക്കമുള്ള ബി.ജെ.പിയുടെ പ്രത്യേക പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ധരിപ്പിച്ചതായി ബി.ജെ.പി ബംഗാള്‍ ഘടകം അറിയിച്ചു.
സംസ്ഥാനത്ത് 42 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിച്ച് ബി.ജെ.പി ശക്തമായ സ്വാധീനം ചെലുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. 2014ല്‍ 32 സീറ്റുകള്‍ നേടിയ തൃണമൂലിന് ഇത്തവണ 22 സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. അതിനിടയില്‍ ബംഗാളില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം മുകുള്‍ റോയ്, ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി ബംഗാളിലെ അക്രമ സംഭവങ്ങളെക്കുറിച്ച് ധരിപ്പിച്ചു. അതേസമയം, അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ മന്ത്രിമാരില്‍ പലരും കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. സംസ്ഥാന വിഷയത്തില്‍ കേന്ദ്രം അനധികൃതമായി ഇടപെടുകയാണെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജ്യോതി പ്രിയ മല്ലിക് ആരോപിച്ചു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ബംഗാളില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."