സൂഫീപാതയില്‍ സഞ്ചരിച്ച സൗമ്യനായ പണ്ഡിതന്‍
കൈപ്പമംഗലം: സൂഫീ ചക്രവാളത്തിലെ അനേകം പണ്ഡിതന്മാരുമായി ചെറുപ്പം മുതലേ സംസര്‍ഗമുണ്ടായിരുന്നു ഇന്നലെ അന്തരിച്ച സയ്യിദ് മുഹമ്മദ് കോയ ബാഅലവി അല്‍ ഖാസിമി തങ്ങള്‍ക്ക്. പിതാവ് അങ്ങാടിപ്പുറം മുത്തുക്കോയ തങ്ങളായിരുന്നു അദ്ദേഹത്തിന് ദീനീ അധ്യാപനങ്ങളുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത്. ചെറുപ്പം മുതലേ ലഭിച്ച ആത്മീയ ശിക്ഷണത്തിന്റെ വെളിച്ചമാണ് ജീവിതാന്ത്യം വരെ എസ്.എം.കെ തങ്ങളെന്ന പണ്ഡിത ശ്രേഷ്ഠനെ മുന്നോട്ടു നയിച്ചത്.
വെള്ളാങ്ങല്ലൂര്‍ പള്ളിദര്‍സില്‍ നാലുവര്‍ഷം പ്രാഥമിക പഠനം നടത്തിയ അദ്ദേഹം പിന്നീട് അറിവന്വേഷിച്ച് അക്കാലത്തെ നിരവധി പണ്ഡിതന്മാര്‍ക്ക് കീഴില്‍ എത്തിച്ചേര്‍ന്നു. ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്ന് ഖാസിമി ബിരുദം കരസ്ഥമാക്കിയ തങ്ങള്‍ മഹാരാഷ്ട്രയില്‍ ഉന്നത പഠനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം ചെലവഴിച്ചു. ചെറുപ്പകാലം മുതലേയുള്ള സൂഫീ സഹവാസമാണ് എല്ലാവരില്‍ നിന്നും അകലം പാലിച്ച് ഒമ്പത് മാസക്കാലം നീണ്ടുനിന്ന ആത്മീയാന്വേഷണങ്ങളുടെ ലോകത്തേക്ക് അദ്ദേഹത്തെ ആനയിച്ചത്.
അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുമായി ദൃഢമായ ആത്മബന്ധം കാത്തുസൂക്ഷിച്ച തങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ ആത്മീയാചാര്യനായ ശൈഖ് സഅദുദ്ദീന്‍ മുഹമ്മദ് സലീം മുറാദ് അല്‍ യമനിയുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. പഠനകാലം മുതലേ ഉയര്‍ന്ന ചിന്താഗതിയും അഗാധമായ അന്വേഷണത്വരയും പ്രകടമാക്കിയ തങ്ങള്‍ സമകാലികരായ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
മുംബൈയിലെ പഠനകാലത്ത് തന്നെ ഖത്വീബായും മുദരിസായും സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് മടങ്ങിയെത്തി ചളിങ്ങാട്, താണിശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ഖത്വീബായും ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ദീനീപരമായ സേവനങ്ങള്‍ കൊണ്ടും തന്റെ കര്‍മമേഖല വികസിപ്പിച്ചു.
ചെന്ത്രാപ്പിന്നിയിലെ അദ്ദേഹത്തിന്റെ വസതി എന്നും ആലംബഹീനരുടെ ആശ്രയ കേന്ദ്രമായിരുന്നു. എല്ലാവരോടും സ്‌നേഹവാത്സല്യത്തോടെ വിഷയങ്ങള്‍ ചോദിച്ച് പരിഹാരം നിര്‍ദേശിച്ച് യാത്രയാക്കുന്ന തങ്ങള്‍ ആയിരങ്ങള്‍ക്കാണ് ആത്മീയമായ സാന്ത്വനമായത്.
ഇസ്‌ലാമിക അധ്യാപനങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ തീരദേശത്ത് സ്ഥാപിതമായ ചാമക്കാല നഹ്ജു റശാദ് ഇസ്‌ലാമിക് കോളജിന്റെ തുടക്കം മുതലേ കാര്യദര്‍ശിയായി തങ്ങള്‍ മുന്നിലുണ്ടായിരുന്നു. എല്ലാ ദിവസവും കോളജിലെത്തി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യമാണ് നഹ്ജു റശാദിന് ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ സഹായകമായത്.
രോഗത്തിന്റെ അവശതകള്‍ക്കിടയിലും സമസ്തയെ ആദര്‍ശ വിശുദ്ധിയില്‍ ജില്ലയില്‍ മുന്നോട്ട് നയിച്ച സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ വിടവാങ്ങുമ്പോള്‍ നിരവധി പേര്‍ക്ക് ആത്മീയമായ സാന്ത്വനം നല്‍കിയ തണല്‍മരമാണ് ഓര്‍മയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."