ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കല്‍
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കല്‍ വിഷയത്തില്‍ ബി.എസ്.എന്എല്ലിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് രംഗത്ത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ചുമതലയുള്ള ബി.എസ്.എന്‍.എല്‍ ജില്ലാ പഞ്ചായത്തുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നും പിന്നാക്കം പോയതോടെയാണ് രൂക്ഷ വിമര്‍ശനവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നത്. 18ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് ജില്ലാ പഞ്ചായത്തിലേക്ക് എത്താനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളും ആശുപത്രി അധികൃതരും മറ്റ് എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴാണ് ബി.എസ്.എന്‍.എല്ലിന്റെ തലതിരിഞ്ഞ നിലപാട്.
ഇതിനായി എച്ച്.എം.സി തെരഞ്ഞെടുത്ത സബ് കമ്മിറ്റിയെയും ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി കക്കൂസ് മാലിന്യം ഉള്‍പ്പെടെ നീക്കം ചെയ്യുന്നതിന് ബി.എസ്.എന്‍.എല്ലുമായി ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് പിന്മാറിയ ബി.എസ്എന്‍.എല്‍ ഈ പ്രവൃത്തി നടത്തുന്നതിലേക്ക് എട്ട് ലക്ഷം രൂപ നല്‍കാമെന്നും എച്ച്.എം.സി യോഗത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സിയുമായി ആശുപത്രി എച്ച്.എം.സി ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തിരുന്ന എട്ട് ലക്ഷം നല്കാന് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ തയ്യാറല്ല. ബി.എസ്.എന്‍.എല്‍ മുന്പ്നല്കിയ കരാര്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."