മുസ്‌ലിംകളില്‍നിന്ന് ഒരു പ്രഭാകരനുണ്ടാവരുതെന്ന് സിരിസേന
രഹസ്യാന്വേഷണ വിഭാഗം തലവനെ പുറത്താക്കി
കൊളംബോ: രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും മുസ്‌ലിംകളില്‍നിന്ന് ഒരു പ്രഭാകരനുണ്ടാവരുതെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റര്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലെ അകല്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സിരിസേനയുടെ പ്രസ്താവന. ക്രിസ്ത്യന്‍ ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളുണ്ടായിരുന്നു. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമില്‍ ഈഴത്തിന്റെ (എല്‍.ടി.ടി.ഇ) പഴയ ആസ്ഥാനമായ മുള്ളറ്റുവയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ന് രാജ്യത്തെ മതനേതാക്കളും രാഷ്ട്രീയക്കാരും തമ്മില്‍ ഭിന്നിച്ചിരിക്കുകയാണ്. ഒരു മുസ്‌ലിം പ്രഭാകരന് ജന്മം നല്‍കാനുള്ള അവസരം നല്‍കരുത്. നമ്മള്‍ വിഭജിക്കപ്പെട്ടാല്‍ രാജ്യം ദുര്‍ബലമാവും. അത് മറ്റൊരു യുദ്ധത്തിലാണ് കലാശിക്കുക. രാജ്യത്തിന്റെ പുരോഗതിയെ തടയുന്നത് വിഭജനമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രധാന്യം നല്‍കുന്നത്. തമിഴ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ അറിയാമെന്നും ഇത് പരിഹരിക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരോഗതിക്കായി ഒരുമിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ടി.ടി.ഇയുടെ സ്ഥാപക പ്രസിഡന്റായിരുന്നു വേലുപ്പിള്ളി പ്രഭാകരന്‍. ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്വതന്ത്രമായ തമിഴ് പ്രദേശം സ്ഥാപിക്കുകയെന്നുള്ളതായിരുന്നു എല്‍.ടി.ടി.ഇയുടെ പ്രധാന ലക്ഷ്യം. ഇത് ശ്രീലങ്കയെ ആഭ്യന്തര യുദ്ധത്തിലേക്കാണ് നയിച്ചത്. പതിനായരക്കണക്കിന് പേരാണ് ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. 2009ല്‍ ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ കൊലപ്പെടുത്തി.
ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ സിസിര മെന്‍ഡിസിനെ പ്രസിഡന്റ് സിരിസേന കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അടിയന്തര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. പുറത്താക്കിയതിനുള്ള കാരണം വ്യക്തമാക്കാന്‍ പ്രസിഡന്റിന്റെ ഓഫിസ് തയാറായില്ല. എന്നാല്‍ ഈസ്റ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പാര്‍ലമെന്റ് സമിതിക്ക് മുന്‍പില്‍ പ്രസിഡന്റിനെതിരേ മെന്‍ഡിസ് മൊഴിനല്‍കിയിരുന്നു. അന്വേഷണ സമിതിയുമായി സഹകരിക്കേണ്ടെന്ന് സിരിസേന തീരുമാനിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."