മക്ക ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി: കവാടത്തിന് നാശനഷ്ടം; പ്രതി പിടിയില്‍
അബ്ദുസലാം കൂടരഞ്ഞി
മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയിലേക്ക് അതിവേഗതയില്‍ കാര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹറം പള്ളിയുടെ പുറം മുറ്റത്തെ കവാടത്തിലേക്ക് അതിവേഗതയില്‍ കുതിച്ചെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാ സേന കാര്‍ ഡ്രൈവറെ കീഴ്പ്പെടുത്തി.
സ്വദേശി പൗരന് ഓടിച്ച കാര്‍ ആണ് അപകടം വരുത്തിയതെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും മക്ക പ്രവിശ്യ വക്താവ് സുല്‍ത്താന്‍ ദോസരി വ്യക്തമാക്കി. പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇയാള്‍ മനോവൈകല്യമുള്ളയാളാണെന്നാണ് പൊലിസ് നല്കുന്ന വിവരം.
അതീവ സുരക്ഷാ സംവിധാനമുള്ള ഇവിടെ കാര്‍ കയറിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തിലെ വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അമിത വേഗതയില്‍ ഇടിച്ചു കയറുന്നതായി വിഡിയോയില്‍ നിന്നും വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."