വേഷം വേഷധാരിയല്ല
ചിരിക്കുന്നവരെല്ലാം സന്തുഷ്ടരാണെന്നു നിങ്ങളോടാരാണു പറഞ്ഞത്? കരയുന്നവര്‍ മുഴുവന്‍ ദുഃഖിതരാണെന്ന കാര്യം നിങ്ങള്‍ക്കെവിടെനിന്നു കിട്ടി? തോറ്റവരെല്ലാം തോറ്റവരും ജയിച്ചവരെല്ലാം ജയിച്ചവരുമാണെന്നാണോ നിങ്ങള്‍ വിധിയെഴുതുന്നത്? ജീവനുള്ളവര്‍ ജീവിക്കുന്നവരും ജീവനില്ലാത്തവര്‍ മരിച്ചവരുമാണെന്ന നിങ്ങളുടെ വിചാരത്തില്‍ വസ്തുതയ്ക്ക് എത്രമാത്രം സ്ഥാനമുണ്ട്?
മുഖം മനസിന്റെ കണ്ണാടിയായിരിക്കാം. എന്നാല്‍ ചിലപ്പോള്‍ മുഖം മനസിനെ കാണാതാക്കുന്ന മറ കൂടിയാവാറുണ്ടെന്ന സത്യം മറന്നുപോകരുത്. പുറത്തു ചിരിയും തമാശയുമായി നടക്കുന്ന പലരുമുണ്ട്. അകത്തു ദുഃഖത്തിന്റെ മഹാപര്‍വതങ്ങളും പേറി നടക്കുന്നവരായിരിക്കും ഒരുപക്ഷെ അവര്‍. നമ്മുടെ ദുഃഖങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാന്‍ വരുന്ന ചിലരുണ്ട്. നമുക്കു വേണ്ടി അവര്‍ നമ്മെക്കാളുപരി കണ്ണീര്‍ പൊഴിച്ചെന്നിരിക്കും. എന്നാല്‍, ആ കണ്ണീരിന്റെ ഉത്ഭവം ഹൃദയമായിരിക്കില്ല, കണ്ണുമാത്രമായിരിക്കും. അകമേ അവര്‍ നമ്മുടെ നഷ്ടങ്ങള്‍ നോക്കി നിറഞ്ഞാനന്ദിക്കുകയായിരിക്കാം.
തോറ്റുപോയ പലരുമുണ്ടാകും നമുക്കിടയില്‍. അവരെ നോക്കി തോറ്റവരാണെന്നു വിധിക്കരുത്. ആ തോല്‍വി അവര്‍ക്കു മഹാ വിജയം സമ്മാനിക്കാനിരിക്കയായിരിക്കും. പുതിയ ചുവടുവയ്പ്പുകള്‍ക്കും പുനഃപരിശോധനകള്‍ക്കും അതവര്‍ക്കു പ്രചോദനമാവുകയും ജയിച്ചവരെക്കാള്‍ മുന്നിലെത്താന്‍ അതവര്‍ക്കു വഴിയാവുകയും ചെയ്‌തേക്കും. അതുപോലെ ജയിച്ചവര്‍ മുഴുവന്‍ ജയിച്ചവരായിരിക്കില്ല. ജയത്തോടെ പ്രയാണം അവസാനിപ്പിച്ചു മൂലയിലിരിക്കുന്ന പലരുമുണ്ട്. 'ജയിച്ചല്ലോ ഇനിയെന്തിന് ' എന്ന ചോദ്യം അവരെ നിഷ്‌ക്രിയത്വത്തിലേക്കു തള്ളിവിട്ടിരിക്കാം. ജയിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ട വിഭാഗമാണവര്‍.
ജീവിക്കുന്നവര്‍ എന്നതിനു ജീവനുള്ളവര്‍ എന്ന അര്‍ഥകല്‍പന ഒരളവില്‍ ശരിയായിരിക്കാം. പക്ഷെ, പൂര്‍ണമായി ശരിയല്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രൂപത്തില്‍ ജീവിച്ചുപോകുന്നവരുണ്ട്. ഒരാള്‍ക്കും ഒരുപകാരവുമില്ലാത്ത വിഭാഗം. ഉണ്ടെങ്കിലും ഇല്ലാത്തതിനു സമാനമാണവര്‍. അത്തരക്കാര്‍ ജീവിക്കുന്നു എന്നു പറയാന്‍ കഴിയില്ല. ജീവനുള്ള ശവങ്ങള്‍ എന്നേ അവരെ വിശേഷിപ്പിക്കാന്‍ കഴിയൂ. അതേസമയം വേറെ ചിലരുണ്ട്. അവര്‍ മരിച്ചാലും മരിക്കാത്തവരായിരിക്കും. അവരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും തലമുറകള്‍ക്കു പ്രചോദനവും പ്രയോജനവുമായിരിക്കും. അവര്‍ ഇല്ലെങ്കിലും ഉള്ളതിനു സമാനം.
പലതിന്റെയും അകം പുറമെ കാണുന്നതുപോലെയായിരിക്കില്ല. അതിനാല്‍ അകം കാണാതെ പുറം മാത്രം കണ്ടു വിധിയെഴുതിയാല്‍ ചതിയിലകപ്പെടും. തലപ്പാവ് കണ്ട് പണ്ഡിതനാണെന്നു ധരിച്ച കുട്ടിക്ക് പറ്റിയ അബദ്ധം അതാണ്.
കുട്ടിക്ക് എവിടെന്നോ ഒരു രേഖ കിട്ടി. അതിലെഴുതിയതെന്താണെന്ന് അവനു മനസിലായില്ല. പലരോടും ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു അവര്‍ക്കൊക്കെയുമുള്ള മറുപടി. അങ്ങനെയിരിക്കെ ഒരിക്കല്‍ പ്രായം ചെന്ന ഒരാളെ കണ്ടുമുട്ടി. മുഖത്ത് പാണ്ഡിത്യത്തിന്റെ ഗിരിമയുള്ള ഒരു മനുഷ്യന്‍. തലയില്‍ വലിയ തലപ്പാവുണ്ട്. രേഖ അദ്ദേഹത്തിനു നല്‍കിക്കൊണ്ട് കുട്ടി ചോദിച്ചു: ''ഇതിലെഴുതിയത് എന്താണെന്ന് അങ്ങ് വായിച്ചുതരുമോ?''
'പണ്ഡിതന്‍' രേഖ വാങ്ങി സൂക്ഷ്മമായി നോക്കി. ഒന്നും മനസിലായില്ല. ഒടുവില്‍ പരാജയം സമ്മതിച്ചുകൊണ്ടു പറഞ്ഞു: ''ഇതേതു ഭാഷയാണെന്ന് എനിക്കറിയില്ല.''
അതു കേട്ടപ്പോള്‍ അവന്‍ അത്ഭുതത്തോടെ ചോദിച്ചു: ''ഇത്ര വലിയ തലപ്പാവു കെട്ടി നടക്കുന്ന നിങ്ങള്‍ക്ക് ഇതു വായിക്കാന്‍ അറിയില്ലെന്നോ?''
അതിശയം കലര്‍ന്ന ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞില്ല. പകരം തന്റെ തലപ്പാവ് അഴിച്ചുകൊണ്ട് അവനു നല്‍കി. എന്നിട്ടു പറഞ്ഞു: ''കുട്ടീ, ഇതു നീ ധരിച്ചുകൊള്ളുക. എങ്കില്‍ നിന്റെ രേഖ നിനക്കുതന്നെ വായിക്കാമല്ലോ''
''അതെങ്ങനെ? തലപ്പാവ് കെട്ടിയാല്‍ ഇതു വായിക്കാനുള്ള കഴിവ് കൈവരുമോ?'' അവന്‍ ചോദിച്ചു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അതുതന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. വലിയ തലപ്പാവ് കെട്ടിയിട്ടും എനിക്കിതു വായിക്കാന്‍ കഴിയാത്തതല്ലേ നിന്റെ അത്ഭുതം''
തലപ്പാവ് കെട്ടിയാല്‍ പണ്ഡിതന്റെ കോലം കിട്ടുമെങ്കിലും പണ്ഡിതനാവില്ല. അതിനു പാണ്ഡിത്യം തന്നെ വേണം. പാണ്ഡിത്യമുണ്ടെങ്കില്‍ തലപ്പാവ് കെട്ടിയില്ലെങ്കിലും പണ്ഡിതനാണ്. പ്ലാസ്റ്റിക്ക് പൂവിന് ഒറിജിനലിനെ വെല്ലുന്ന സൗന്ദര്യമുണ്ടെങ്കില്‍തന്നെ അത് ഒറിജിനലാവില്ല. ഒറിജിനല്‍ പൂക്കള്‍ക്കു സൗന്ദര്യം കുറഞ്ഞാലും അതു യഥാര്‍ഥ പൂവാണ്.
ബാഹ്യലക്ഷണങ്ങള്‍ വസ്തു എന്താണെന്ന് അറിയിച്ചുതരാന്‍ സഹായിക്കുമെങ്കിലും അവയ്ക്കു ആധികാരിക സ്ഥാനം കല്‍പിക്കരുത്. ചിലപ്പോള്‍ പുറത്തുള്ളതായിരിക്കില്ല അകത്തുള്ളത്. അകവും പുറവും നേര്‍വിപരീതമായിരിക്കും.
പുറം മനോഹരവും അകം വിരൂപവുമായ പലതുമുണ്ട് ലോകത്ത്. ചിലരെ കാണാന്‍ നല്ല സൗന്ദര്യമുണ്ടാകും. പക്ഷെ, ആ സൗന്ദര്യം അകത്തുണ്ടാവില്ല. കൂടെ നടന്നാലായിരിക്കും അകത്തെ വൈരൂപ്യവും ബോധ്യപ്പെടുക. ചിലരുടെ വാക്കുകള്‍ക്ക് എന്തൊരു മധുരമായിരിക്കും! അതില്‍ വീണുപോകാത്തവരുണ്ടാവില്ല. എന്നു കരുതി ആള്‍ മധുരവാനാണെന്നു കരുതരുത്. അയാളുടെ ഓരോ മധുരവാക്കുകള്‍ക്കുമിടയില്‍ കൊടിയ വിഷം ഒളിഞ്ഞിരിപ്പുണ്ടാകും.
നമുക്ക് അനുകൂലമായി സംസാരിക്കുന്നവരെല്ലാം നമ്മുടെ അനുകൂലികളല്ല. നമ്മെ കുഴിയില്‍ ചാടിക്കാനുള്ള ഉപായമായിട്ടായിരിക്കാം അവര്‍ അനുകൂലിക്കുന്നത്. പ്രായം കുറവാണെന്നു കരുതി ബുദ്ധി കുറവാണെന്നു പറയരുത്.
ചിലര്‍ക്കു വലിയ പ്രായമുണ്ടാകും; ചെറിയ കുട്ടിയുടെ ബുദ്ധി പോലുമുണ്ടാവില്ല. വേറെ ചിലര്‍ക്കു പ്രായം കുറവായിരിക്കും. പക്ഷെ, പ്രായത്തെ മറികടക്കുന്ന ബുദ്ധിശക്തിയുണ്ടാകും.
വസ്തുത കാണിച്ചുതരുന്ന കണ്ണാടിയാണു വേഷം. വസ്തുതയെ കാണാതാക്കുന്ന മറ കൂടിയാണു വേഷം. വേഷത്തെയല്ല, വേഷധാരിയെയാണു കാണേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."