ഇതു വേറിട്ട നിക്കാഹ് കാഴ്ച
റിയാദ്: കൊവിഡ് മഹാമാരിയില്‍ സഊദിയില്‍ കുടുങ്ങിയ മലയാളിക്ക് നേരത്തെ നാട്ടില്‍വച്ച് ഉറപ്പിച്ച വിവാഹം ഗംഭീരമായി നടത്തികൊടുത്ത് സഊദി കുടുംബം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്ലീമിന്റെയും കാടാമ്പുഴ സ്വദേശി അസ്മയുടേയും നിക്കാഹാണ് ഇന്നലെ റിയാദില്‍ തസ്ലീമിന്റെ സ്പോണ്സര് സ്വന്തം മകന്റെ വിവാഹം പോലെ നടത്തി കൊടുത്തത്. സഊദിയില്‍ തന്നേയുള്ള വധുവിന്റെ പിതാവും തസ്ലീമിനുമൊപ്പം സുഹൃത്തുക്കളും കൂടി ചേര്‍ന്നതോടെ നിക്കാഹ് കര്‍മം മംഗളമായി നടന്നു. നേരത്തെയും മലയാളി നിക്കാഹുകളും വിവാഹങ്ങളും സഊദിയില്‍ നടന്നിട്ടുണ്ടെങ്കിലും സ്പോണ്സര് സ്വന്തം മകനെ പോലെ തന്റെ തൊഴിലാളിയുടെ വിവാഹം നടത്തി കൊടുത്തത് ഏറെ ശ്രദ്ധേയമായി.
റിയാദില്‍ സ്വദേശിയുടെ വീട്ടില്‍ നാല് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തസ്ലീം ഒന്നര വര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് വിവാഹനിശ്ചയം നടത്തിയത്. ഇതിനിടെ കൊവിഡ് മൂലം വിമാന സര്‍വിസുകള്‍ നിലച്ചതോടെ നാട്ടില്‍ പോയി വിവാഹം നടത്തണമെന്ന തന്റെ ആഗ്രഹം നീണ്ടു പോകുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ അബഹയിലുള്ള വധുവിന്റെ പിതാവുമായി ആലോചിച്ച് ഇവിടെ തന്നെ ഹോട്ടലില്‍ നിക്കാഹ് നടത്താനായായിരുന്നു ആലോചനയെങ്കിലും തന്റെ വീട്ടില്‍വച്ച് ഈ മംഗള കര്‍മം നടത്തണമെന്ന സ്പോണ്‍സറുടെ നിര്‍ബന്ധമായിരുന്നു ഇങ്ങനെ ഒരു ഒത്തുചേരല്‍. നിക്കാഹ് പരിപാടി ഗംഭീരമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളും സ്പോണ്സര് സിയാദ് ഹസന് അല്‍ മുഫ്ത ഒരുക്കി. അദ്ദേഹത്തിന്റെ മാതാവ് കല്യാണ പുടവയും നല്കി. കാടാമ്പുഴ സ്വദേശിയായ വധുവിന്റെ പിതാവ് അബഹയില്‍ നിന്നെത്തിയത്തോടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഉസ്താദുമാര്‍ നിക്കാഹ് നടത്തി കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് സഊദി മാതൃകയില്‍ വീട്ടില്‍ തന്നെ തയാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചാണ് അതിഥികള്‍ പിരിഞ്ഞു പോയത്. സഊദി പൗരന്റെ സ്നേഹത്തിനു മുന്നില്‍ ചടങ്ങിനെത്തിയവരുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."