ഇന്ന് കേരളപ്പിറവി ദിനം പടന്നയിലെ കേരളാ മന്‍സില്‍ 64ന്റെ നിറവില്‍
തൃക്കരിപ്പൂര്‍: 1956 നവംബര്‍ ഒന്നിന് കേരളപ്പിറവി ആഘോഷം പൊടിപൊടിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ പടന്നയിലെ കേരളാ മന്‍സിലിലും ആഘോഷത്തിന് കുറവൊന്നുമുണ്ടായില്ല. പടന്ന പുഴയുടെ ഓരത്ത് ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്ന കേരളാ മന്‍സിലിന്റെ വീടുകൂടല്‍ ചടങ്ങും 1956 നവംബര്‍ ഒന്നിനായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വടക്കന്‍ കേരളത്തിന്റെ മുന്നണിയിലുണ്ടായിരുന്ന പി.കെ.സി മുഹമ്മദ് കുഞ്ഞി പടന്ന പുഴയുടെ ഓരത്ത് നിര്‍മിച്ച മൂന്നുനില വീട് 1956 നവംബര്‍ ഒന്നിന് മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായിരുന്നെങ്കിലും അവിടെ താമസം തുടങ്ങാന്‍ കേരള പിറവിക്കായി കാത്തിരിക്കുകയായിരുന്നു. വീടിന് പേരിടുന്നതിനും മുഹമ്മദ് കുഞ്ഞിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. കേരളാ മന്‍സില്‍ എന്നുതന്നെ പേരിട്ടു.
അന്ന് വീട് കൂടലിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബടക്കമുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രമുഖര്‍ സംബന്ധിച്ചിരുന്നു. വടക്കന്‍ കേരളത്തിന്റെ തനത് വാസ്തു ശില്‍പ ശൈലിയില്‍ നിര്‍മിച്ച വീടിന് 13 മുറികളും ഒന്‍പത് ഹാളുകളുമുണ്ടായിരുന്നു.
2006ല്‍ കേരളാ മന്‍സിലിന്റെ സില്‍വര്‍ ജൂബിലിക്ക് പൊളിച്ചു മാറ്റാതെ വീടിന്റെ അറ്റകുറ്റ പ്രവര്‍ത്തി നടത്തി നവീകരിച്ചിരുന്നു. പടന്ന ജമാഅത്തിന്റെ ആദ്യ പ്രസിഡന്റായ പി.കെ.സി മുഹമ്മദ് കുഞ്ഞി കേരളാ മന്‍സില്‍ നിര്‍മിക്കുന്ന അതേ സമയത്ത് തന്നെയാണ് പടന്നയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പടന്ന വലിയ ജുമാമസ്ജിദ് നിര്‍മിച്ചത്. നിലവില്‍ പി.കെ.സി മുഹമ്മദ് കുഞ്ഞിയുടെ മകളുടെ മകള്‍ വി.കെ.പി ഫാത്തിബിയാണ് കേരളാ മന്‍സിലില്‍ താമസിക്കുന്ന വീടിന്റെ അവകാശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."