പെരിയ ഇരട്ടക്കൊല: കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ ശ്രമമെന്ന്, കുറ്റപത്രത്തിലെ സാക്ഷികള്‍ കുറ്റാരോപിതരായ സിപിഎം നേതാക്കള്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് കേസിന്റെ പോക്ക്. കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായി നിറയുന്നത് കുറ്റാരോപിതരും സിപിഎം നേതാക്കളുമാണെന്നാക്ഷേപം. 229 സാക്ഷികളില്‍ അമ്പത് പേര്‍ സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നാണ് ആരോപണം. ഇതിനുപിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രംഗത്തെത്തി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി. മാത്യു, ഏഴാംപ്രതി ഗിജിന്റെ അമ്മ ഗീത, ആരോപണ വിധേയനായ വത്സരാജ് അഡ്വക്കറ്റ് ഗോപാലന്‍ നായര്‍ തുടങ്ങിയവരും സാക്ഷി പട്ടികയിലുള്ളവരാണ്.
പ്രതികളെ സഹായിക്കാനായി സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് മറ്റൊരാക്ഷേപം.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്.
പ്രതികള്‍ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയിരുന്നു. എന്നാല്‍, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടില്‍ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് മാത്യുവിന്റെ മൊഴി. കുറ്റം തെളിയിക്കാനാവശ്യമായ മൊഴികള്‍ക്ക് പകരം കുറ്റാരോപിതരെ രക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."