സിറിയയിലെ 'മമ്പുറം തങ്ങന്മാര്‍'
രാജ്യത്തെ കൊള്ളയടിക്കാനെത്തിയ വിദേശശക്തികള്‍ക്കെതിരേ മലബാറില്‍ മതജാതി ഭേദങ്ങളില്ലാതെ ജനകീയമായ അധിനിവേശ വിരുദ്ധ പോരാട്ടം നയിക്കുകയും, അതോടൊപ്പം ഇവിടത്തെ മാപ്പിള സമുദായത്തിന്റെ ആത്മീയ പരിഷ്‌കര്‍ത്താവായി വാഴുകയും ചെയ്ത ഒരു ചരിത്രപുരുഷന്റെ പിന്‍തലമുറക്കാറുണ്ട് ഇന്ന് സിറിയയില്‍ കഴിയുന്നു. വിസ്തൃതമായ പഴയ മലബാറില്‍ മതജാതി വൈജാത്യങ്ങള്‍ മാറ്റിനിര്‍ത്തി മനുഷ്യനെന്ന ഒറ്റക്കോളത്തിനു കീഴെ നിര്‍ത്തി പതിനായിരങ്ങള്‍ക്കു തണലേകിയ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ പിന്‍ഗാമികള്‍. പരിഷ്‌കര്‍ത്താവും വഴികാട്ടിയും നേതാവുമൊക്കെയായി സമൂഹത്തിന്റെ ഹൃദയം കീഴടക്കിയ പ്രപിതാവിനെ കുറിച്ചുള്ള കഥകള്‍ കുട്ടിക്കാലം മുതലേ മാതാപിതാക്കളില്‍നിന്നു പറഞ്ഞുകേട്ടു പരിചയിച്ചവരാണ് അവര്‍. ഒടുവില്‍ ആ വീരപുരുഷന്റെ കേളീരംഗവും അന്ത്യവിശ്രമ കേന്ദ്രവും കാണാന്‍ അവരില്‍ പലരും കേരളത്തിലുമെത്തി.
കേരളം വിട്ട കഥ
മാപ്പിള സാമൂഹിക നവോഥാന രംഗത്ത് മുക്കാല്‍ നൂറ്റാണ്ടുകാലം ജ്വലിച്ചുനിന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിയോഗ ശേഷം ക്രി. വര്‍ഷം 1845(ഹി. 1260)ല്‍ സാമൂഹിക നേതൃത്വം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ ഏക ആണ്‍ മകനായിരുന്ന സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളായിരുന്നു. ഇരുപത് വയസായിരുന്നു പ്രായമെങ്കിലും അതില്‍ കവിഞ്ഞ പക്വതയും പാകതയും മകന്‍ ആര്‍ജിച്ചെടുത്തിരുന്നു. പിറന്ന മണ്ണില്‍ അവകാശവാദമുന്നയിച്ച വൈദേശികശക്തികളെ ഏതുവിധേനയും ചെറുത്തുതോല്‍പിക്കണമെന്നും സാംസ്‌കാരിക അധിനിവേശവും സാമ്രാജ്യത്വവും അവസാനിപ്പിക്കണമെന്നും പിതാവിനെപ്പോലെ മകനും അതിയായി ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ജാതി മത ഭേദമന്യെ ജനപ്രിയനായി മാറാന്‍ ഫദ്ല്‍ തങ്ങള്‍ക്കും ഏറെ സമയമെടുക്കേണ്ടി വന്നില്ല.
പിതാവിന്റെ പാതയില്‍ സാമൂഹിക നായകനായും ആത്മീയ മാര്‍ഗദര്‍ശിയായും മകന്‍ ജനമനസുകളില്‍ ഇടംപിടിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയായിരിന്നു ബ്രിട്ടീഷ് ഭരണകൂടം കണ്ടിരുന്നത്. ഫദ്ല്‍ തങ്ങളെ തടയിടാന്‍ അവര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുതുടങ്ങി. ജന്മിത്വത്തിനെതിരേയും ബ്രിട്ടീഷുകാര്‍ക്കെതിരേയുമുള്ള സയ്യിദ് ഫദ്‌ലിന്റെ പ്രവര്‍ത്തനങ്ങളെയും സമരങ്ങളെയും ഇല്ലായ്മ ചെയ്യണമെങ്കില്‍ അദ്ദേഹത്തെ വകവരുത്തുകയോ നാടുകടത്തുകയോ ചെയ്യുക മാത്രമാണു പരിഹാരമാര്‍ഗമെന്ന് ബ്രിട്ടീഷുകാര്‍ കണക്കുകൂട്ടി. അങ്ങനെ, ജനങ്ങളെ സമരമുഖത്തേക്കു പറഞ്ഞുവിടുന്നത് സയ്യിദ് ഫദ്‌ലാണെന്ന് അവര്‍ പുതിയ ആരോപണമുന്നയിച്ചു. എന്നാല്‍, തങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുന്നതുകൊണ്ടു തന്നെ സയ്യിദ് ഫദ്‌ലിനെ നാട്ടില്‍ അധികം താമസിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്നവര്‍ ഉറപ്പിച്ചു. എന്നാല്‍ ഇതു ചോദ്യം ചെയ്യാനോ ഈ നീക്കത്തിനെതിരേ രംഗത്തിറങ്ങാനോ ഫദ്ല്‍ തങ്ങള്‍ തയാറായില്ല. താന്‍ കാരണം ഇവിടത്തുകാര്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
അങ്ങനെയാണ് തികച്ചും അനിവാര്യമായ ഘട്ടത്തില്‍, പിറന്ന നാടും താമസിച്ച വീടും ദേശവും വിട്ടു കൂട്ടുകുടുംബങ്ങളുമായി നാടുവിടാന്‍ ഫദ്ല്‍ തങ്ങള്‍ തീരുമാനിച്ചത്. മലബാറിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കു ശക്തി പകര്‍ന്ന സയ്യിദ് ഫദ്‌ലിന്റെ യാത്രയോടെ മലബാറില്‍ ആ കുടുംബത്തിന്റെ ചരിത്രം മറയ്ക്കുപിന്നിലാവുമെന്ന് ആരും നിനച്ചിരുന്നില്ല. രണ്ടു പുത്രന്മാര്‍, സഹോദരി, അവരുടെ ഭര്‍ത്താവ്, അംഗരക്ഷകര്‍, പരിചാരകള്‍ ഉള്‍പ്പെടെ 57 അംഗ സംഘവുമായി ഫദ്ല്‍ തങ്ങള്‍ മറ്റൊരു രാജ്യം തേടി യാത്രപുറപ്പെട്ടു. സഊദി അറേബ്യയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ തങ്ങള്‍ യമനില്‍ കപ്പലിറങ്ങി. സ്വന്തം പിതാവിന്റെയും പ്രപിതാക്കന്മാരുടെയും ജന്മസ്ഥലമായ ഹദര്‍മൗത്ത് സന്ദര്‍ശിച്ചു. പിന്നീട് ഈജിപ്ത് വഴി തുര്‍ക്കിയിലേക്കു തിരിച്ചു.
തുര്‍ക്കിയില്‍ ഖലീഫയായിരുന്ന അബ്ദുല്‍ അസീസും കുടുംബവും ഫദ്ല്‍ തങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ഇസ്തംബൂളില്‍ അദ്ദേഹത്തിനു താമസസൗകര്യമൊരുക്കുകയും ചെയ്തു. യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ ഭീകരവാഴ്ചയെ കുറിച്ചും മലബാറിലടക്കം നിരവധി പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ അടങ്ങുന്ന ദുര്‍ബല വിഭാഗങ്ങള്‍ ഇരയാകുന്നതിനെ കുറിച്ചും ഖലീഫക്കു മുന്‍പില്‍ തങ്ങള്‍ സവിസ്തരം വിശദീകരിച്ചു. പിന്നീട് മക്കയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ദേശാനടം. നീണ്ട പതിനെട്ടുവര്‍ഷക്കാലം മക്കയില്‍ താമസിച്ചു. മസ്ജിദുല്‍ ഹറമിലും സമീപ പ്രദേശങ്ങളിലുമായി പ്രാര്‍ഥനയിലും ആരാധനകളിലുമായി കഴിച്ചുകൂട്ടി. മക്കയിലെത്തുന്ന മലയാളി ഹാജിമാര്‍ അദ്ദേഹത്തെ കണ്ട് വിശേഷങ്ങള്‍ കൈമാറുകയും പ്രാര്‍ഥിക്കാന്‍ പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ദീര്‍ഘകാലത്തെ മക്കാവാസത്തിനുശേഷം സയ്യിദ് ഫദ്ല്‍ തുര്‍ക്കിയിലേക്കു തന്നെ മടങ്ങി. പിന്നീട് മരണംവരെ തുര്‍ക്കിയിലായിരുന്നു കഴിഞ്ഞത്. സുല്‍ത്താന്മാര്‍ക്കിടയില്‍ എറെ സ്വീകാര്യനായി മാറിയ തങ്ങളെ അവര്‍ ഭരണപ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയാക്കിയിരുന്നു. സുല്‍ത്താന്‍ കാബിനറ്റില്‍ അംഗമായും ഖലീഫയുടെ ഭരണോപദേഷ്ടാവായും അദ്ദേഹത്തെ അവരോധിച്ചു. സാമ്രാജ്യത്വത്തിനെതിരേ ജീവിതാന്ത്യംവരെ പോരാടിയ സയ്യിദ് ഫദ്ല്‍ 1900ല്‍, തന്റെ എഴുപത്തിയഞ്ചാം വയസില്‍ തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിര്യാതനായി.
തുര്‍ക്കിയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയിരുന്നുവെങ്കിലും മലബാറിലേക്കു മടങ്ങിവരാന്‍ തങ്ങള്‍ മാനസികമായി ആഗ്രഹിച്ചിരുന്നു. തുര്‍ക്കി സുല്‍ത്താന്മാരുടെ സഹായത്തോടെ പിറന്നനാട്ടിലേക്കു മടങ്ങാന്‍ നിരന്തരശ്രങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ മടക്കം ബ്രിട്ടീഷുകാര്‍ക്ക് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു. തങ്ങളുടെ ആധിപത്യത്തിനെതിരേ അദ്ദേഹം ജനങ്ങളെ വീണ്ടും രംഗത്തിറക്കാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ അവര്‍ തിരിച്ചുവരവിനെ ശക്തമായി എതിര്‍ത്തു.
ഫദ്ല്‍ തങ്ങളുടെ വിയോഗാനന്തരം തുര്‍ക്കി ഭരണകൂടം കുടുംബത്തിനു പ്രത്യേക പെന്‍ഷനും ഏര്‍പാടു ചെയ്തിരുന്നു. എന്നാല്‍ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ നിത്യവൃത്തിക്കു ബുദ്ധിമുട്ടിയ കുടുംബം ജോലിയാവശ്യാര്‍ഥം പല രാജ്യങ്ങളിലേക്കുമായി യാത്രപോയി.
സിറിയയിലെത്തുന്നു
ഫദ്ല്‍ തങ്ങളുടെ മൂത്തപുത്രന്‍ സയ്യിദ് ഹസന്‍ പാഷയാണ് ആദ്യമായി സിറിയയിലെത്തുന്നത്. ക്രി. വര്‍ഷം 1910ല്‍ പിതാവിനെപ്പോലെ മക്കയില്‍ ദീര്‍ഘവാസം നടത്താമെന്ന ആഗ്രഹവുമായി അദ്ദേഹം യാത്രപുറപ്പെട്ടു. വഴിമധ്യേ സിറിയയിലെ പ്രധാന തുറമുഖപട്ടണമായ ലാദിഖിയ്യ(ലട്ടാക്യ)യില്‍ കപ്പലിറങ്ങി. അവിടത്തെ കാലാവസ്ഥയും ഭൂപ്രദേശവും പ്രദേശവാസികളുടെ സമീപനവുമല്ലാം ഹസന്‍ പാഷയെ ഏറെ സന്തുഷ്ടനാക്കി. അസുഖം ഭേദമാകുംവരെ അവിടെ തങ്ങാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കുടുംബത്തെയും പരിചാരകരെയും കൊണ്ടുവന്ന് അവിടെ സ്ഥിരതാമസം തുടങ്ങി. താമസിയാതെ അദ്ദേഹത്തിന്റെ സഹോദരങ്ങളും കുടുംബങ്ങളുമല്ലാം ലാദിഖിയ്യയിലേക്കു ചേക്കേറി. മറ്റു ചിലര്‍ തുര്‍ക്കിയിലെ അങ്കാറയിലും ഇറാഖിലെ ബഗ്ദാദിലും താമസമാക്കി.
ലാദിഖിയ്യയില്‍നിന്ന് പതിമൂന്ന് കിലോമീറ്റര്‍ അകലെയുള്ള സനൗബര്‍ പട്ടണത്തിലാണ് ഇന്ന് മമ്പുറം തങ്ങളുടെ പൗത്രന്മാര്‍ താമസിക്കുന്നത്. സനൗബര്‍ എന്നാല്‍ പൈന്‍മരങ്ങള്‍ എന്നാണര്‍ഥം. പൈന്‍മരങ്ങളാല്‍ നിബിഡമായ ഏറെ ഹൃദയഹാരിയായ നാടാണിത്. ഇസ്‌ലാമിക പൈതൃകങ്ങള്‍ സ്ഫുരിക്കുന്ന, ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന ബിനാഉശ്ശറാഫ എന്ന പേരില്‍ പ്രസിദ്ധമായ ഒന്‍പതുനില ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അവര്‍ കുടുംബസമേതം താമസിക്കുന്നത്. സയ്യിദ് സഹ്ല്‍ ബിന്‍ ഫദ്ല്‍, സയ്യിദ് സ്വാഫീ ബിന്‍ സൈനല്‍ ആബിദീന്‍ എന്നിവരാണ് നൂറോളം അംഗങ്ങളുള്ള കുടുംബത്തിലെ കാരണവര്‍. കാലങ്ങളായി മൗലദ്ദവീല എന്ന പേരില്‍ പ്രശസ്തമായ ഈ കുടുംബം ഇന്ന് ആലു ഫദ്ല്‍ എന്ന മേല്‍വിലാസത്തിലാണ് ഇവിടെ അറിയപ്പെടുന്നത്.
കേരളത്തിലേക്കുള്ള തിരിച്ചുവരവ്
ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയാണു നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ മമ്പുറം തങ്ങളുടെ നാല്, അഞ്ച് തലമുറയിലുള്ളവര്‍ സിറിയയില്‍ കഴിയുന്ന വിവരം കണ്ടെത്തിയത്. ദീര്‍ഘകാലം സഊദിയില്‍ ജോലി ചെയ്ത്, പിന്നീട് സിറിയയിലേക്കു തിരിച്ചുപോയ സയ്യിദ് സഹ്ല്‍ ആലു ഫദ്‌ലിനെയാണ് ആദ്യം പരിചയപ്പെട്ടത്. 2009ലായിരുന്നു ഇത്.
മമ്പുറം കാണാന്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഈ കുടുംബത്തിന് ബഹാഉദ്ദീന്‍ നദ്‌വിയെ പരിചയപ്പെട്ടത് ഏറെ ആശ്വാസമായി. അവര്‍ അദ്ദേഹത്തെ സിറിയയിലേക്കു ക്ഷണിക്കുകയും കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നു സ്‌നേഹോഷ്മള സ്വീകരണം നല്‍കുകയും ചെയ്തു. ആലുഫദ്ല്‍ കുടുംബകാരണവരായിരുന്ന അബൂസ്വാഫി സയ്യിദ് ശരീഫ് സൈനുല്‍ ആബിദീന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണവും മറ്റു പരിപാടികളുമെല്ലാം. മമ്പുറത്തെത്താനും സയ്യിദ് അലവി തങ്ങളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഖബ്ര്‍ സന്ദര്‍ശിക്കാനുമായി ഉടന്‍ കേരളത്തിലെത്താമെന്നറിയിക്കുകയും ചെയ്താണ് അന്നവര്‍ നദ്‌വിയെ യാത്രയാക്കിയത്.
അങ്ങനെയാണ് പിതാവിന്റെ നിര്‍ദേശപ്രകാരം സയ്യിദ് ശരീഫ് സ്വാഫിയും പിതൃസഹോദര പുത്രന്‍ സയ്യിദ് സഹ്ല്‍ ബിന്‍ ഫദ്‌ലും ആ വര്‍ഷം തന്നെ മമ്പുറം കാണാനും തങ്ങന്മാരുടെ മഖ്ബറകള്‍ അടങ്ങിയ ദര്‍ഗയുടെ നോക്കിനടത്തിപ്പുകാരായ ദാറുല്‍ ഹുദാ സന്ദര്‍ശിക്കാനുമായി കേരളത്തിലെത്തിയത്. നൂറ്റാണ്ടിലേറെക്കാലം നീണ്ട തിരിച്ചുവരവ് ശ്രമങ്ങളുടെ ശുഭസമാപ്തി കൂടിയായിരുന്നു അത്. ഇ് ലാദിഖിയ്യയിലെ പ്രമുഖരും പ്രസിദ്ധരുമായ കുടുംബമാണിവര്‍. ഭരണകൂടത്തിന്റെ പ്രത്യേക പരിരക്ഷയോടെയാണവര്‍ താമസിക്കുന്നത്. പ്രവാചക കുടുംബ പരമ്പരയിലുള്ളവര്‍ എന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യരുമാണ്.
പോയവര്‍ഷവും സയ്യിദ് സ്വാഫിയും കുടുംബവും കേരളത്തിലെത്തിയിരുന്നു. മമ്പുറം മഖാമും ദാറുല്‍ ഹുദാ സന്ദര്‍ശനവുമായിരുന്നു രണ്ടാം വരവിന്റെയും ലക്ഷ്യം. മൂന്നുദിന സന്ദര്‍ശനവേളയില്‍ അവരോടൊപ്പം അനുഗമിക്കാന്‍ ലേഖകനും അവസരമുണ്ടായി. മമ്പുത്തെയും കോഴിക്കോട്ടെയും കുടുംബവീടുകളിലും മമ്പുറം മഖാമിലുമുള്ള സന്ദര്‍ശനം വികാരഭരിതമായിരുന്നു.
സിറിയയിലെ ആഭ്യന്തര യുദ്ധക്കെടുതിയില്‍നിന്നെല്ലാം അവരും സനൗബര്‍ പ്രദേശവും സുരക്ഷിതരാണെന്നാണ് സയ്യിദ് സ്വാഫി പങ്കുവച്ചത്. സയ്യിദ് ഫദ്‌ലിന്റെ പൗത്രരുടെ വാസസ്ഥലമായതു കൊണ്ടുതന്നെ അവിടെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രപിതാവിന്റെയും കുടുംബാംഗങ്ങളുടെയും നാടും ഖബ്‌റും സന്ദര്‍ശിക്കാനും, പ്രകൃതിരമണീയത കൊണ്ടു സമൃദ്ധമായ മലാബാറില്‍ കുടുംബസമേതം താമസിച്ചു പൂര്‍വപിതാവിന്റെ ജീവിതവും ജനസ്വാധീനവും കൂടുതല്‍ അടുത്തറിയാനും വര്‍ഷാവര്‍ഷം നടക്കുന്ന ആണ്ടുനേര്‍ച്ചയില്‍ സംബന്ധിക്കാനുമായി ഇനിയും വരുമെന്നു പറഞ്ഞാണ് അവര്‍ തിരിച്ചുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."