പാര്‍ട്ടി പുറത്താക്കിയവര്‍ക്കും മെമ്പര്‍ഷിപ്പ്; പരപ്പനങ്ങാടിയില്‍ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു
പരപ്പനങ്ങാടി: കഴിഞ്ഞ മുനിസിപ്പല്‍, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇടതുപക്ഷത്തോടൊപ്പം പരസ്യമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്തവര്‍ക്കു കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ അറിയാതെ അംഗത്വ പുസ്തകങ്ങളും അനുബന്ധ രേഖകളും ചില നേതാക്കളില്‍നിന്ന് അനധികൃതമായി ലഭിക്കുകയും മെമ്പര്‍മാരെ ചേര്‍ക്കുന്നതിലും പ്രതിഷേധിച്ചു ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു.
തുടര്‍ന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഇന്നലെ പരപ്പനങ്ങാടിയിലെത്തി അടിയന്തരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ യോഗം വിളിച്ചുചേര്‍ത്തു. പാര്‍ട്ടി പുറത്താക്കിയവരുടെ കൈവശം അനധികൃതമായി കോണ്‍ഗ്രസ് അംഗത്വ പുസ്തകവും മറ്റും ലഭിച്ചത് അന്വേഷിക്കുമെന്നും ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ അറിയാതെ ചേര്‍ക്കുന്ന അംഗത്വം ഡി.സി.സി സ്വീകരിക്കില്ലെന്നും പ്രസിഡന്റ് വിശദീകരിച്ചു. എന്നാല്‍, പാര്‍ട്ടിയുമായി സഹകരിക്കുന്നവര്‍ക്കും മെമ്പര്‍ഷിപ്പ് ആഗ്രഹിക്കുന്നവര്‍ക്കും അംഗത്വം ലഭ്യമാക്കുമെന്നും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ രാജി തള്ളിയതായും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സി.പി ബാലകൃഷ്ണമേനോന്‍ അധ്യക്ഷനായി. എന്‍.പി ഹംസക്കോയ, പി.ഒ സലാം, ശബ്‌നം മുരളി, എം. അനീഷ്‌കുമാര്‍, സി. വേലായുധന്‍, ബി.പി ഹംസക്കോയ, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, ടി. അരവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."