പൊന്നാനിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച
പൊന്നാനി: പൊന്നാനിയില്‍ വീണ്ടും മോഷണം. തെയ്യങ്ങാട് കണ്ടേന്കുളങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏകദേശം 25,000 രൂപ അപഹരിച്ചതായി ക്ഷേത്ര ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്കി.
ചമ്രവട്ടം-പള്ളപ്രം ദേശീയപാതയോരത്തെ തെയ്യങ്ങാട് കണ്ടേന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലു ഭണ്ഡാരങ്ങളും മോഷ്ടാവ് കുത്തിത്തുറന്നിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് അകത്തുകടന്നും മോഷണശ്രമം നടത്തി. ക്ഷേത്രത്തിന്റെ സ്റ്റോര്‍ റൂമും കുത്തിത്തുറന്നു. രാവിലെ നട തുറക്കാനായി പൂജാരി എത്തിയപ്പോഴാണ് ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്തതു കണ്ടത്. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മോഷണവിവരം അറിയുന്നത്.
പരാതിയെ തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തെയും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. പൊലിസില്‍ പരാതിപ്പെട്ടിട്ടും മോഷണം തടയുന്നതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മേഖലയില്‍ നാളുകളായി നിരവധി മോഷണങ്ങളാണ് നടന്നത്. എന്നാല്‍, ഇതുവരെ മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."