എരിവും സുഗന്ധവുമുള്ള ഒരു ഇഞ്ചിക്കഥ
എരിവുകലര്‍ന്ന സുഗന്ധവ്യഞ്ജനം മാത്രമാണ് നമുക്ക് ഇഞ്ചി. ബാല്യത്തില്‍ എരിവും മധുരവും സമം ചേര്‍ന്ന ഇഞ്ചിമിഠായിയുടെ രുചിയാണത്. പനിക്കാലത്ത് ചുക്ക് കാപ്പിയുടെ ചൂടും എരിവും. വയറു നോവുമ്പോള്‍ തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിപ്പോകുന്ന ആശ്വാസവും.
എന്നാല്‍ ഇഞ്ചിക്ക് ഒരുപാട് രുചികളും വ്യത്യസ്തങ്ങളായ സുഗന്ധവും നിറവും കായ്കളും പൂക്കളുമുണ്ടെന്ന തിരിച്ചറിവാണ് ജിഞ്ചര്‍ വില്ലയിലേക്കുള്ള യാത്ര. 44 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇഞ്ചിവിത്തു സംരക്ഷണ കേന്ദ്രമാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തേഞ്ഞിപ്പലത്തെ സസ്യോദ്യാനം. ഇഞ്ചിയും ഏലവും കുരുമുളകുമടങ്ങുന്ന കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങള്‍ തേടി ആഴിതാണ്ടി അറബികളും യൂറോപ്യരുമെത്തിയ പഴയ പ്രതാപകാലത്തേക്കു പുതുതലമുറക്കുള്ള കുറുക്കുവഴിയാണ് ഈ സസ്യോദ്യാനം. മലബാറിന്റെ കൈവിട്ടുപോയ വാണിജ്യപ്പെരുമയുടെ വര്‍ണച്ചിത്രങ്ങള്‍ ഇവിടെ പുനരുജ്ജീവിപ്പിക്കപ്പെടുന്നു.
സിഞ്ചി ബെറാസീ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇഞ്ചിയുടെ 200 വ്യത്യസ്ത ഇനങ്ങളും 2,000 ഉപ ഇനങ്ങളുമാണ് തേഞ്ഞിപ്പലത്ത് കൃഷിയിലൂടെ സംരക്ഷിക്കപ്പെടുന്നത്. ഹിമാലയതാഴ്‌വരകളില്‍നിന്നും ആന്തമാന്‍ ദ്വീപിലെ നിത്യഹരിത വനങ്ങളില്‍നിന്നും ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍നിന്നും സംഭരിച്ചതും ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു ശേഖരിച്ചതുമായ ഇഞ്ചിയുടെ വിത്തിനങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു. അങ്ങനെ കാഴ്ചക്കാര്‍ക്കും പഠിതാക്കള്‍ക്കുമായി പലയിനം ഇഞ്ചികളാണിവിടെ സുഗന്ധം പരത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജിഞ്ചര്‍ ഗാര്‍ഡനിലേക്ക് എത്തുന്ന സ്വദേശികളും വിദേശികളുമായ ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. എം. സാബു വിജ്ഞാനത്തിന്റെ താളുകള്‍ മറിച്ച് വാചാലനാകുന്നു. ഇന്ത്യയില്‍ ആദ്യമായി ഇഞ്ചിയില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ വ്യക്തിയാണ് കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഡോ. എം. സാബു.
സസ്യോദ്യാനത്തിലേക്കുള്ള വഴി
1971ല്‍ ഡോ. ബി.കെ നായരുടെ നേതൃത്വത്തിലാണ് കോഴിക്കോട് സര്‍വകലാശാലയില്‍ സസ്യശാസ്ത്ര വിഭാഗം സസ്യോദ്യാനത്തിനു തുടക്കമിട്ടത്. ലോകത്ത് അന്യം നിന്നുപോകുന്ന സസ്യങ്ങളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അന്നുമുതല്‍ വ്യത്യസ്തങ്ങളായ സസ്യങ്ങളാണ് ഈ ഉദ്യാനത്തില്‍ വേരുകളാഴ്ത്തിത്തുടങ്ങിയത്. ഇന്ത്യക്കകത്തും പുറത്തും പോയി ശേഖരിച്ച അപൂര്‍വ സസ്യങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. ഇതു തന്നെയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനെ വ്യത്യസ്തമാക്കുന്നത്.
ഓരോ ജാതിയിലും അവയുടെ വ്യത്യസ്ത ഉപജാതിയിലുംപെട്ട അപൂര്‍വ സസ്യശേഖരമാണ് ഇവിടെയുള്ളത്. തേഞ്ഞിപ്പലത്ത് സര്‍വകലാശാലാ കാംപസിനോടു ചേര്‍ന്നുള്ള 44 ഏക്കര്‍ ഭൂമിയിലാണ് ഇന്ന് ഉദ്യാനം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. സസ്യോദ്യാനത്തോടൊപ്പം ഒന്നര ഏക്കറിലെ കാനനപ്പാത കാഴ്ചക്കാരനെ വനാന്തരീക്ഷത്തിലേക്കു കൂട്ടിനടത്തുന്നു. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളായിട്ടാണു സസ്യോദ്യാനത്തെ വേര്‍തിരിച്ചിരിക്കുന്നത്. അതിലൊരു പ്രധാനം ഇടം ഇഞ്ചിക്കാണ്. ജിഞ്ചര്‍ വില്ല, ജിഞ്ചര്‍ ഹൗസ്, സ്‌പൈസ് ഹൗസ്, മെഡിസിന്‍ ഹൗസ്, ഫെറ ഹൗസ് എന്നിങ്ങനെയാണ് ഓരോ ഇനങ്ങളെ തരംതിരിച്ചിരിക്കുന്നത്.
ഇഞ്ചിക്കാഴ്ചകളുടെ വില്ല
ബൊട്ടാണിക്കല്‍ ഗാര്‍ഡനെ വേറിട്ടുനിര്‍ത്തുന്നതും ജിഞ്ചര്‍ വില്ലയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇഞ്ചിവിഭാഗങ്ങളുടെ വളര്‍ത്തുശാലയില്‍ ലോകത്ത് കാണപ്പെടുന്ന മുഴുവന്‍ ഇഞ്ചികളുടെയും അവയുടെ വകഭേദങ്ങളുടെയും വിത്ത് കൃഷി ചെയ്തു സംരക്ഷിക്കപ്പെടുന്നുണ്ട്. ഇഞ്ചി, മഞ്ഞള്‍, തക്കോലം തുടങ്ങിയ പേരുകളിലുള്ള 200ല്‍പരം സസ്യജാതിയില്‍പെട്ടതും രണ്ടായിരം ഉപജാതിയില്‍പെട്ടതുമായ തൈകള്‍ ജിഞ്ചര്‍ വില്ലയില്‍ സുഗന്ധം പരത്തുന്നു. സസ്യശാസ്ത്ര ലോകത്തിനും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ മുതല്‍കൂട്ടാണ്.
ഹിമാലയം മുതല്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ വരെ മാസങ്ങളോളം സഞ്ചരിച്ചാണ് ഇന്ത്യയിലെ വിവിധ വിഭാഗത്തില്‍പെട്ട ഇഞ്ചി ശേഖരിച്ചതെന്ന് ഡോ. സാബു പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യത്യസ്തയിനം ഇഞ്ചികള്‍ കാണപ്പെടുന്നത് ഇന്ത്യയിലാണ്. കാടുകളിലും ദ്വീപുകളിലും സാഹസികയാത്രകള്‍ നടത്തിയാണ് ഡോ. സാബുവും ഡോ. ഫിലിപ്പ് മാത്യുവും ചേര്‍ന്ന് ഇവ ശേഖരിച്ചത്. ഇന്ത്യയില്‍നിന്നു മാത്രം 150ഓളം വ്യത്യസ്തയിനം ഇഞ്ചിവിളകള്‍ കണ്ടെത്താനായി. അവയില്‍ കായ്ക്കുന്നവയും കായ്ക്കാത്തവയുമുണ്ട്. പൂക്കളില്‍ വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ളവയുമുണ്ട്. ഓരോന്നിനും വ്യത്യസ്ത ഗന്ധവുമാണ്. അതുകൊണ്ടു തന്നെയായിരിക്കും അറബികളും യൂറോപ്യന്മാരും കടല്‍യാത്രയുടെ സാഹസികതകളെല്ലാം താണ്ടിക്കടന്ന് ഇഞ്ചിയടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ തേടി ഇന്ത്യയിലെത്തിയത്.
സുഗന്ധം പരത്തുന്ന ഒരു യാത്രാവിവരണ ഗ്രന്ഥം എഴുതാന്‍ തക്കവിധമുള്ള അനുഭവങ്ങളാണ് സാബുവിനും സഹപ്രവര്‍ത്തകര്‍ക്കും ഇഞ്ചിതേടിയുള്ള യാത്രയില്‍നിന്നു ലഭിച്ചത്. ആന്തമാനില്‍ വച്ച് ബോട്ട് മറിഞ്ഞു മരണത്തെ മുഖാമുഖം കാണേണ്ടിവന്നു. ഹിമാലയത്തിന്റെ 1,500 അടി മുകളില്‍നിന്നുള്ള ഇഞ്ചിശേഖരണവും കഠിനവും സാഹസം നിറഞ്ഞതുമായിരുന്നു. ഒരുദിവസം മുഴുവന്‍ കാല്‍നടയായി നടന്നാല്‍ മാത്രമേ അടുത്ത ഗ്രാമത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ചിലപ്പോള്‍ ദിവസങ്ങളോളമുള്ള യാത്ര വെറുതെയാകും.
പലപ്പോഴും വനാതിര്‍ത്തിയില്‍നിന്നാണു വ്യത്യസ്ത ഇഞ്ചി ഇനങ്ങള്‍ കണ്ടെത്താനായത്. പുതിയ തലമുറയിലെ ഇഞ്ചിഗവേഷകര്‍ക്ക് ജിഞ്ചര്‍ വില്ല ഒരു മുതല്‍കൂട്ടാകണമെന്നായിരുന്നു അന്നു മനസിലുണ്ടായിരുന്നത്. ഇന്നതു യാഥാര്‍ഥ്യമാക്കാനായി. നാട്ടുവര്‍ഗത്തിലും കാട്ടുവര്‍ഗത്തിലും പെട്ടവയെ വേര്‍തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ജിഞ്ചര്‍ വില്ല സസ്യോദ്യാനത്തില്‍നിന്നു വേറിട്ടുനിര്‍ത്തിയിരിക്കുകയാണ്. ഇഞ്ചിയാത്രക്ക് സര്‍വകലാശാല പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു.
കടലുകടന്നെത്തിയ ഇഞ്ചി
വിദേശികള്‍ കടലുതാണ്ടി ഇഞ്ചിതേടിയെത്തിയ അതേ നാട്ടില്‍നിന്നു കടല് താണ്ടിപ്പോയി ഇഞ്ചി കൊണ്ടുവന്ന കഥയും ജിഞ്ചര്‍ വില്ലയുമായി ബന്ധപ്പെട്ട് സാബുവിനു പറയാനുണ്ട്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു വിവിധ വിഭാഗത്തില്‍പെട്ട ഇഞ്ചി കണ്ടെത്തിയതിനുശേഷമാണു വിദേശരാജ്യങ്ങളിലേക്കു പോകുന്നത്. ചൈന, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് ഇഞ്ചി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കാണപ്പെടുന്നതില്‍ വ്യത്യസ്തത നിറഞ്ഞ 20 ഇന ഇഞ്ചിവര്‍ഗങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്നു കണ്ടെത്താനായിട്ടുണ്ട്.
ജിഞ്ചര്‍ വില്ലയില്‍ ഓരോ വിഭാഗത്തെയും പ്രത്യേകം പരിചരിക്കാനും അവയ്ക്കു വളരാന്‍ സഹായകമായ സാഹചര്യം സൃഷ്ടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അധികം ചൂടും മഴയും കൊള്ളാതെ വളരേണ്ടവയെ പ്രത്യേക മേലാപ്പു കെട്ടിയാണു സംരക്ഷിക്കുന്നത്. പത്തിലധികം തൊഴിലാളികളാണു ദിനേന ഇവയ്ക്കു കാവലാളാകുന്നത്. നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന ഇഞ്ചിവര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കാനും പരിപാലിക്കാനും ഏറെ ബുദ്ധിമുട്ടാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായവും ലണ്ടന്‍ ആസ്ഥാനമായുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷനല്‍, നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെയെല്ലാം സഹായങ്ങളും ജിഞ്ചര്‍ വില്ല വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് സാബു പറയുന്നു.
ആദ്യ ഇഞ്ചിഗവേഷണം
ഇഞ്ചിയോടുള്ള അഭിനിവേശം സാബുവിന് തുടങ്ങിയത് ചെറിയ ക്ലാസുകളിലെ പഠനവേളയിലാണ്. പി.എച്ച്.ഡിക്ക് വിഷയമായി ഇഞ്ചി തിരഞ്ഞെടുക്കാന്‍ കാരണമായതും അതാണ്. അപ്പോഴാണ് അറിയുന്നത് ഇന്ത്യയില്‍ അതുവരെ ഇഞ്ചി വിഷയമാക്കി പി.എച്ച്.ഡി ചെയ്ത ആരുമില്ലെന്ന്. സാബുവിന്റെ ഗവേഷണ ജൈത്രയാത്രയാണ് ഒടുവില്‍ തേഞ്ഞിപ്പലത്തെ ജിഞ്ചര്‍ വില്ലയില്‍ ചെന്നെത്തിയത്. ഇപ്പോള്‍ പി.എച്ച്.ഡിക്കു പുതിയ വിദ്യാര്‍ഥികള്‍ ഇഞ്ചി വിഷയമാക്കാന്‍ തുടങ്ങിയതായും സാബു പറയുന്നു. ഇഞ്ചിയിലൂടെ കണ്ടെത്തിയ അറിവുകള്‍ ചേര്‍ത്ത് മൂന്നു പുസ്തകങ്ങളും സാബു രചിച്ചിട്ടുണ്ട്. ഇവയാണു പുതുതലമുറക്കു വഴികാട്ടിയാവുന്നത്.
ഇഞ്ചിയടക്കമുള്ള സിഞ്ചി ബെറാസീ വര്‍ഗത്തില്‍പെട്ട സസ്യങ്ങളുടെ യഥാര്‍ഥ ഔഷധഗുണങ്ങളെക്കുറിച്ചോ രാസഘടനയെക്കുറിച്ചോ ഇന്നും അജ്ഞാതമാണ്. ഇത്തരത്തിലുള്ള വിശാലമായ പഠനത്തിനാണ് തേഞ്ഞിപ്പലത്തെ സസ്യോദ്യാനം കാലിക്കറ്റ് സര്‍വകലാശാല നട്ടുവളര്‍ത്തുന്നത്. സാധാരണ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനുമപ്പുറം ആഭരണ നിര്‍മാണത്തിലും മരുന്നിലും സുഗന്ധദ്രവ്യത്തിലും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്. ഏറെ ദിവസം ഇഞ്ചിയുടെ പൂവ് വാടാതെ നില്‍ക്കുമെന്നതിനാല്‍ ഇഞ്ചിയുടെ പൂവ് ബൊക്കെ നിര്‍മാണത്തിലും ഉപയോഗിക്കുന്നു. ഇഞ്ചിപ്പൂവ് വിദേശത്തേക്കു കയറ്റി അയക്കുന്നവരുമുണ്ട്. എന്നാല്‍ ജിഞ്ചര്‍ വില്ലയില്‍ പഠിതാക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണിവ.
കൂമ്പടഞ്ഞ ഒട്ടനവധി സസ്യങ്ങള്‍ സാബു അടക്കമുള്ളവരുടെ പ്രയത്‌നത്താല്‍ കണ്ടെത്തി സംരക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ ഇഞ്ചിയെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്നാണു വാഴ. ലോകത്തെ 35 ഇനം വാഴകള്‍ കണ്ടെത്തി വളര്‍ത്തുന്നുണ്ട് ഇവിടം. ഫലം ഭക്ഷിക്കാന്‍ കഴിയുന്നതും അല്ലാത്തവയും ഇതില്‍ ഉള്‍പ്പെടും. ആനത്താമര, കാട്ടുതെങ്ങ്, കൃഷ്ണമരം, വിവിധയിനം പനകള്‍, കര്‍പ്പൂര മരം തുടങ്ങി അപൂര്‍വയിനം മരങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു. സസ്യോദ്യാനത്തിലൂടെയുള്ള ഒരു യാത്ര കഴിഞ്ഞാല്‍ മരങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും നമുക്ക് എരിവും മധുരവും ചേര്‍ന്നൊരു ആത്മസംതൃപ്തി ലഭിക്കുമെന്നുറപ്പാണ്.
അകക്കാഴ്ചയിലെ പൂന്തോട്ടം
കണ്ണില്‍ ഇരുട്ട് പടര്‍ന്നവര്‍ക്കു കണ്ണുള്ളവരെക്കാളും വേഗത്തില്‍ മരങ്ങളെക്കുറിച്ച് അറിയാനാണ് അന്ധര്‍ക്കായുള്ള പൂന്തോട്ടവും(ടച്ച് ആന്‍ഡ് ഫീല്‍ഡ് ഗാര്‍ഡന്‍) ബോട്ടണി വിഭാഗം ഒരുക്കിയത്. കാഴ്ചയില്ലാത്തവര്‍ക്കു മണത്തും തൊട്ടുനോക്കിയും പ്രകൃതിയെ അറിയാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം കാഴ്ചയില്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള തോട്ടങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലേതിനെക്കാളും സൗകര്യത്തിലും വിസ്തൃതിയിലുമാണ് തേഞ്ഞിപ്പലത്ത് അന്ധര്‍ക്കായി പൂന്തോട്ടമൊരുക്കിയിട്ടുള്ളത്.
രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് അന്ധര്‍ക്കായുള്ള പൂന്തോട്ടം സജ്ജീകരിച്ചതെന്ന് സാബു പറയുന്നു. ഉദ്യാനത്തിന്റെ നിര്‍മിതിയിലും നടപ്പാത ഒരുക്കുന്നതിലും തൊട്ട് ചെടികളുടെ തിരഞ്ഞെടുപ്പില്‍വരെ ഏറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അറുപത്തിയഞ്ച് ഇനം സുഗന്ധസസ്യങ്ങളാണു ചട്ടികളില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതലും മലയാളികള്‍ക്കു പരിചിതമായവ. ഓരോ ചെടിയുടെ ചുവട്ടിലും ബ്രെയില്‍ ലിപിയില്‍ സസ്യനാമം, സസ്യകുടുംബം, മലയാളത്തിലെ പ്രാദേശിക നാമം എന്നിവ രേഖപ്പെടുത്തിയ നെയിംപ്ലേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പേനയുടെ രൂപത്തിലുള്ള സോണിക് ലേബലര്‍ എന്ന ഉപകരണം നെയിംപ്ലേറ്റില്‍ മുട്ടിച്ചാല്‍ ഉപകരണത്തില്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്ന ചെടിയെ സംബന്ധിച്ച വിശദമായ ഓഡിയോ വിവരം കേള്‍ക്കാനുമാവും. പൂന്തോട്ടത്തില്‍ പരിപാലിക്കപ്പെടുന്ന ചെടികളൊന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാത്തവയാണ്. ഇല, തണ്ട്, പൂവ്, കായ് എന്നിവയിലെല്ലാം സവിശേഷമായ മണവും രുചിയുമുണ്ട്. ഇതിനാല്‍ തൊട്ടും മണത്തും ഇവര്‍ക്കു കേട്ടുകേള്‍വി മാത്രമുള്ള മരങ്ങളെ തൊട്ടറിയാനാവും. ദിനേനയെന്നോണം അന്ധരായ നിരവധി പേരാണ് ഇവിടെ ചെടികളെ തൊട്ടറിഞ്ഞ് അറിവ് നേടാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."