കഥകള്‍ പറയുന്ന അവശേഷിപ്പുകളുടെ തോഴന്‍
കോഴിക്കോട്: പഴയ കാലത്തിന്റെ അവശേഷിപ്പുകളാണ് ഓരോ പുരാവസ്തുവും. നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത കഥകള്‍ അവ നമ്മോടു പറയും. കോഴിക്കോട് ബി.എസ്.എന്‍.എല്‍ ഓഫിസിനു സമീപം അബ്ദുറഹ്മാന്റെ പെട്ടിക്കടയില്‍ വില്‍പനക്ക് വച്ചിരിക്കുന്ന ഒാരോ പുരാവസ്തുക്കളും നമ്മോട് പറയുന്നതും അതാണ്. 20 വര്‍ഷത്തോളം പഴക്കമുണ്ട് അദ്ദേഹത്തിന്റെ പുരാവസ്തു വില്‍പനയ്ക്ക്.
വളരെ യാദൃച്ഛികമായാണ് ഈ തൊഴിലിലേക്ക് അദ്ദേഹം എത്തുന്നത്. പാലക്കാട് മേപ്പനം സ്വദേശിയായ അബ്ദുറഹ്മാന്‍ സ്റ്റീല്‍ പാത്ര വില്‍പനക്കായാണ് കോഴിക്കോട് എത്തിയത്. ഏകദേശം നാന്നൂറോളം വീടുകളില്‍ അദ്ദേഹത്തിന് കച്ചവടം ഉണ്ടായിരുന്നു. ആ വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് പുരാവസ്തുക്കളുടെയും വില്‍പന ആരംഭിച്ചത്. തുടര്‍ന്ന് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് ഈ മാര്‍ഗം തന്നെ തൊഴിലായി സ്വീകരിച്ചു. 300 രൂപ വിലയുള്ള ഓട്ടുകിണ്ടി മുതല്‍ ഒന്നരലക്ഷം വിലയുള്ള സപ്രമഞ്ച കട്ടില്‍ വരെയുണ്ട് അദ്ദേഹത്തിന്റെ ശേഖരത്തില്‍.
ചെറിയ വിലയുള്ള സാധനങ്ങള്‍ മാനാഞ്ചിറയിലെ ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്‍വശത്തുള്ള പെട്ടിക്കടയിലാണ് വില്‍ക്കുന്നത്. വില കൂടുതലുള്ള സാധനങ്ങള്‍ കല്ലായിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലും. ആവശ്യക്കാര്‍ അവിടേക്ക് വരുന്നതാണ് പതിവ്. 60 വര്‍ഷം പഴക്കമുള്ള സിന്ദൂരചെപ്പ്, തട, 15 കിലോഗ്രാം തൂക്കമുള്ള വെങ്കലപ്പാതകള്‍, ആമാടപ്പെട്ടി, ഭസ്മകൊട്ട, നാണയപ്പെട്ടി, ചൈനീസ് ഭരണികള്‍, വിവിധ തരം വിളക്കുകള്‍, പഴയ അടുക്കള പ്രതാപികളായിരുന്ന നാഴി, ഭരണി, ഉരുളി, വെങ്കലത്തിന്റെ പാല്‍ കഞ്ഞിപാത്രം, കൂജ തുടങ്ങി നിരവധി വസ്തുക്കളാണ് ആ ശേഖരത്തിലുള്ളത്.
പഴയ വീടുകള്‍ പൊളിക്കുമ്പോള്‍ ലഭിക്കുന്നതും നോക്കാനാളില്ലാതെ കിടക്കുന്നതുമായ സാധനങ്ങള്‍ ആളുകള്‍ വിളിച്ചറിയിക്കുന്നതിനനുസരിച്ച് അവിടങ്ങളില്‍ നിന്ന് ശേഖരിക്കുകയാണ് ചെയ്യറുള്ളത്. കൂടാതെ കേട്ടറിഞ്ഞ് പലരും വീട്ടിലേക്കു സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്. കേരളത്തിനു പുറത്തുള്ള സാധനങ്ങള്‍ ഒന്നും ശേഖരിക്കാറില്ല. കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ക്കാണ് ഡിമാന്റ് കൂടുതല്‍ എന്നുള്ളത് തന്നെയാണ് കാരണം.
തന്റെ ഉദ്യമത്തിലൂടെ പുതുതലമുറയ്ക്ക് അന്യമായികൊണ്ടിരിക്കുന്ന പഴമയെ പരിചയപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. വീട്ടില്‍നിന്നു കിട്ടുന്ന പിന്തുണയാണ് ഇത്ര വര്‍ഷമായിട്ടും ഈ തൊഴിലില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. പലപ്പോഴും മക്കളാണ് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."