HOME
DETAILS

നടുക്ക് നബിയെ വച്ചൊഴുകുന്ന കാലം

  
backup
November 01 2020 | 04:11 AM

8496846198-2020

 


ഒന്ന്: ഒരു മുറിയില്‍ വിളക്ക് വയ്ക്കുമ്പോള്‍ ഒത്തനടുവിലാവുമ്പോഴേ വെളിച്ചം ഒരുപോലാകൂ.
ഭൂമിയാണിവിടെ മുറി.
നബിയാണാ ദീപം. ഹിജാസാണാ മധ്യം.
അന്നത്തെ ലോകനാഗരികതകള്‍ പോക്കുവരവുകള്‍ നടത്തുന്ന പൊതുവിടം ഹിജാസായിരുന്നു. കരയിലൂടെ മെസപ്പെട്ടോമിയയിലേക്ക്, പേര്‍ഷ്യയിലേക്ക് പോവാം, സിറിയയിലെത്താം, കരയും കടലും വഴി ഈജിപ്തിലണയാം, അബ്‌സീനിയയിലെത്താം.


കടലിലൂടെ ഇന്ത്യയിലെത്താം, സില്‍ക്ക് റൂട്ടിലൂടെ ചൈനയിലുമെത്താം. ഏഷ്യാ- ഓഷ്യാനക്കും യൂറോ- ആഫ്രിക്കക്കും മക്കയിലേക്കുള്ള പാതകള്‍ എളുപ്പമായിരുന്നു. യൂറോപ്യരുടെ സഞ്ചാരസമ്പര്‍ക്കത്തിലൂടെ അമേരിക്കന്‍ വന്‍കരയും വൈകാതെ ആ വിളക്ക് കണ്ടെത്തി. ജനഭൂപഥത്തിന്റെ മധ്യം മക്കയായതിന്റെ സൗകര്യവും സാധ്യതയുമാണ് കഅ്ബാലയം അവിടെയാക്കിയതെങ്കില്‍ മറ്റൊരു പൊരുളല്ല നബിയുടെ നാടാവാനുള്ള നിയോഗവും.
നബിയാഗമനത്തിന് മരുഭൂമി നിമിത്തമായതിന് പൊരുളുകള്‍ ധാരാളം ഇനിയുമുണ്ട്. മരുഭൂമിയും അതിലെ അറബികളും അന്ന് ഒരു പോലെയായിരുന്നു, ചുട്ടുപൊള്ളുന്ന ഉപരിതലവും, ഒരു തുള്ളി നനവിനായി കേഴുന്ന ആന്തരിക തലവുമാണ് മരുഭൂമിയുടേത്. അറബികളുടെ മനോതലവും തഥൈവ.


അവിടെ ജീവിതം നിതാന്ത ജാഗ്രതയെ ആവശ്യപ്പെടുന്നു. അപകടങ്ങളെ കുറിച്ചുള്ള ആശങ്കയും അതിജീവനത്തിന്റെ കാമനയും ഒരുമിക്കുന്ന ഭൂമിശാസ്ത്രമാണവിടെ. മറുപുറത്തെത്താനുള്ള തിടുക്കവും, ലക്ഷ്യം കാണാനുള്ള നൊമ്പരംനിറഞ്ഞ കാത്തിരിപ്പും അവിടെ കാണാം, ഏറെക്കുറെ, അന്നത്തെ അറബികളുടെ മന:ശാസ്ത്രവും ഇതുപോലെയായിരുന്നു. താപോഗ്രമായിരുന്നു അവരുടെ മനോതലം. ക്ഷിപ്രകോപികളും തീവ്രശാഠ്യക്കാരുമായിരുന്നു അവര്‍. എങ്കിലും ആദര്‍ശത്തിന്റെ നനവിനായ് ദാഹിക്കുന്ന ഒരാത്മതലം അവരെല്ലാം ഉള്ളിലൊളിപ്പിച്ചുവച്ചിരുന്നു. വൈരത്തിന്റെ ഒരൊറ്റത്തീപ്പൊരികൊണ്ട് നാശത്തിന്റെ തീത്തിര തീര്‍ക്കാന്‍ അവര്‍ കാണിച്ച മിടുക്കിനപ്പുറം അവരുടെ ഹൃദയത്തില്‍ തുടിച്ചിരുന്ന ചില തിടുക്കങ്ങളെ ഉണര്‍ത്താന്‍, ഒരു അവധൂതനെന്നോണം വന്നണഞ്ഞ വസന്തത്തിന്റെ പേരായിരുന്നു മുഹമ്മദ് നബി. മണ്ണും മനസും ചേര്‍ന്നുണ്ടായ ഈ ഭൂമിശാസ്ത്രപരമായ ഒത്തുപൊരുത്തം, പിന്നീട് വിശ്വവിസ്മയങ്ങളുടെ നിത്യസ്മാരകങ്ങള്‍ പണിതു. നടപ്പുദൂഷ്യങ്ങളുടെ ഒടുക്കവും പുതുനടപ്പുകളുടെ തുടക്കവും അവിടെ ഉണ്ടായി, ഉണ്ടായിക്കൊണ്ടേയിരുന്നു.


തന്റെ ജനത നൂലറ്റ പട്ടം പോലെ അലക്ഷ്യസഞ്ചാരികളും അധര്‍മ്മ വാഹകരുമായതില്‍ മനംനൊന്തിരുന്ന ചെറുപ്പക്കാരനായ 'അല്‍അമീന്‍' ജബലുന്നൂറിലെ മലപ്പൊത്തില്‍ ചെന്നിരിക്കുമായിരുന്നു പലപ്പോഴും.
ശക്തിയുള്ളവന്റെ ന്യായം സത്യമാവുന്ന സാമൂഹിക കാലുഷ്യങ്ങളോട് കലഹിക്കുന്ന വിപ്ലവകാരിയുടെ മനസ് പാകപ്പെട്ടത് ഈ പാറക്കെട്ടിലെ ഏകാന്തവാസത്തിലായിരുന്നു. പലപ്പോഴും ദിവസങ്ങളോളം മടങ്ങിവരാതെ അവിടെത്തന്നെയായിരുന്നു ആ യുവാവ്. ധ്യാനനിമഗ്നതയുടെ ഉഛസ്ഥായീഭാവത്തിലലിഞ്ഞുചേരുന്ന പ്രിയതമന്; പത്‌നി ഖദീജ അങ്ങോട്ട് ഭക്ഷണവുമായി ചെല്ലാറായിരുന്നു, വളഞ്ഞും പുളഞ്ഞും ചെങ്കുത്തായി പടര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ...

രണ്ട്: ചരിത്രത്തിലെ ഒരടരല്ല തിരുപ്പിറവി, കാലനൈരന്തര്യത്തിന്റെ തുടര്‍ച്ചകളെ ബന്ധിപ്പിച്ച യുഗമുദ്രയാണ്. നബിത്വത്തിന്റെ കാലം കാലത്തിന്റെ ആദ്യമധ്യാന്തമാണ്. ഭൂമിയില്‍ ജീവിച്ച ചരിത്രമാണ് കള്ളികളുടെ കണക്കില്‍ വരുന്നത്.
ക്രിസ്താബ്ദം 610 ഓഗസ്റ്റ് മാസം 29ന് തിങ്കളാഴ്ച, ഉദയത്തിന് തൊട്ടുമുന്‍പുള്ള മുനകൂര്‍ത്ത മുഹൂര്‍ത്തം, ആകാശഭൂമികളുടെ ഉള്‍പ്പൊരുളുകള്‍ പ്രകമ്പനംകൊണ്ട സന്ദര്‍ഭം, ഇനിയും തെളിയാത്ത ഇരുളിന്റെയും ചെറുതായി വീശുന്ന മന്ദാരക്കാറ്റിന്റെയും മധ്യേ, തളം കെട്ടിനിന്നിരുന്ന മൗനം കീറി ജബലുന്നൂറിനകത്ത് വെളിപാടിന്റെ വെളിച്ചപ്പാടുമായി മലക്കിറങ്ങി, മരുഭൂമിയുടെ ഊഷരതയില്‍ വചനപ്രസാദങ്ങളുടെ നീരൊഴുക്കിന് അന്നാണ് നാന്ദിയായത്. അക്ഷരമിനാരങ്ങളും സഹന സൗധങ്ങളും പരിവര്‍ത്തനഗാഥകളും തുടങ്ങിയ ആ ചെറിയ മലപ്പൊത്ത് ഹിറ സര്‍വ്വപ്രപഞ്ചങ്ങളിലും വച്ചേറ്റവും വലിയ വാങ്മയത്തില്‍ ലയിച്ചു ചേര്‍ന്നു.


അന്നും ഉദിച്ചു സൂര്യന്‍, മക്കക്കാര്‍ കഥയറിയാതെ നേരം വെളുത്തപ്പോള്‍ മറുതലക്കല്‍ ആ യുവാവ് ഏകാന്തനായി നടക്കുകയായിരുന്നു, വേഗത്തില്‍ വീട്ടിലേക്ക്.
ആദ്യാനുഭവത്തില്‍ വിറങ്ങലിച്ച തിരുനബി വീടണഞ്ഞു. വിയര്‍ത്തുകുളിച്ച നായകന് പനി പിടിച്ചു. പ്രപഞ്ചനാഥന്റെ നോട്ടവും നീട്ടവും ഏറ്റെടുക്കാന്‍ തിരുനബിയുടെ മനുഷ്യപ്രകൃതി വഴങ്ങിത്തുടങ്ങുകയാണ്. പ്രിയപ്പെട്ടവളുടെ തണലില്‍ നബി ചൂടുകൊണ്ടു. പുതപ്പിട്ട് മൂടിയ വിറയാര്‍ന്ന നബിയെ നാഥന്‍ നേരിട്ടുണര്‍ത്തി. ഇനി ഉണര്‍വ്വിന്റെ നാളുകള്‍, ഉത്ഥാനത്തിന്റെ തിരിനാളങ്ങള്‍ കൊണ്ട് പ്രപഞ്ചത്തെ ഉണര്‍ത്താന്‍ തിരുനബി സജ്ജനായ് കഴിഞ്ഞു.

മൂന്ന്: തിരുനബിയുടെ ജീവിതമൊഴുകിയത് മിഴിതുറന്ന ചരിത്രത്തിന്റെ വെളിച്ചത്തിലായിരുന്നു. ഭാഷകളും ദേശങ്ങളും ഒരംശം ചോരാതെ ആ സത്ത് നന്നായ് കൊണ്ടു. അവിടെ ഒട്ടനേകം കാലസ്പന്ദിയായ മുഹൂര്‍ത്തങ്ങള്‍ ലോകത്തിന്റെ പ്രമേയങ്ങളും തലമുറകളുടെ പ്രേരണകളുമായി. സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, മനുഷ്യമഹത്വത്തിന്റെ വാക്കുകള്‍, കൃത്യങ്ങള്‍, സമ്മതങ്ങള്‍ അതായിരുന്നു അവ.
അനുസരിക്കപ്പെടുക മാത്രം ചെയ്താല്‍ നേതാക്കളാവുന്ന സങ്കല്‍പ്പം നബിയോടെ തീര്‍ന്നു. തിരുനബി അനുസരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്തു.


തിരുനബി ചെയ്തതുപോലെ ചെയ്യാന്‍ നബിയുടെ നടത്തത്തിന്റെ പാദപതനങ്ങള്‍പോലും അനുയായികള്‍ എണ്ണിവച്ചു, എന്നിട്ടവര്‍ നടക്കുമ്പോള്‍ എണ്ണമത്രമാത്രമാക്കാന്‍, അത്രതന്നെയാക്കാന്‍ അവര്‍ സ്വന്തം പാദപതനം റീഡിസൈന്‍ ചെയ്തു. നബി കാലുവച്ചിടത്ത് കാലുവച്ചും തലകുനിച്ചയിടത്ത് തലകുനിച്ചും മോണകാട്ടിച്ചിരിച്ച സന്ദര്‍ഭങ്ങള്‍ റീക്രിയേറ്റ് ചെയ്ത് അങ്ങനെ ചിരിച്ചും അനുസരണ സമം അനുകരണം എന്ന മതവ്യാഖ്യാനത്തിന് മാതൃകയിട്ടു. ആദ്യം മാംസാഹാരപ്രിയരായിരുന്ന അനുചരര്‍ നേതാവ് കഴിക്കുന്ന പച്ചക്കറികള്‍ക്കായ്, വിശിഷ്യാ ചുരങ്ങക്ക് തീപതപ്പിച്ചു. മതം നേരിട്ട് നിര്‍ണയിച്ചില്ലെങ്കിലും സ്‌നേഹം അവരുടെ കമ്പോള നിലവാരത്തെ, അടുക്കള നിര്‍ണയത്തെ ഭക്ഷണ മെന്യുവിനെ വരെ തിട്ടപ്പെടുത്തി. ഇഷ്ടം എന്നാല്‍ നബിയുടെ, നബിയോട് എന്നു വന്നു. ജീവചരിത്രങ്ങളും വ്യക്തിചരിത്രങ്ങളുമെല്ലാം ലോകത്ത് പലരെക്കുറിച്ചും ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ഒരു വ്യക്തിയുടെ കാലടി മുതല്‍ തലമുടിവരെ വരുന്ന ശാരീരിക വിശേഷങ്ങള്‍, ഉടുത്തണിഞ്ഞ പുടവകള്‍, ചിരിയും കരച്ചിലും, ഭാവവും ഭാഷയും, വാക്കും മൗനവും, ഇണയും തുണയും അങ്ങനെ ഒന്നുമൊഴിയാതെ. താടിരോമങ്ങളില്‍ നരബാധിച്ചവയുടെ എണ്ണം പറഞ്ഞ് പില്‍ക്കാലം സംവാദം നടത്തി. തൃപ്പാദം ചേര്‍ന്ന ചെരുപ്പിനെ വര്‍ണിച്ചുകൊണ്ട് മാത്രം ആയിരക്കണക്കിന് ഈരടികള്‍ കോര്‍ക്കപ്പെട്ടു 'അല്‍ഫത്ഹുല്‍ മുതആലി, ഫീമദ്ഹിന്നിആല്‍' പോലെ...

നാല്: പാഠങ്ങളെ ഏടില്‍ നിന്നും ജീവിതസന്ദര്‍ഭങ്ങളിലേക്ക് നീട്ടിവായിക്കാനാവുമ്പോഴാണ് കാലംകൊണ്ട് ദൂരത്തായിപ്പോയ നമുക്ക് നബിയെ തൊടാനാവുന്നത്. നബിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ഉച്ചരിക്കുന്ന ചേര്‍പ്പ് വാക്കാണ് 'തൊട്ട്'.
തീ പതക്കുന്ന വെയിലേറ്റ് കൂര്‍ത്ത് പൊങ്ങിയ മക്കാമലകള്‍ വെട്ടിത്തിളങ്ങിയ അക്കാലം ചരിത്രത്തിന്റെ ക്യാന്‍വാസില്‍ കറുത്ത കാലമാണ്. ദേശീയവിനോദം രക്തദാഹവും ഇഷ്ടവിനോദം രത്യുത്സവുമായ ജനതയായിരുന്നു മുക്കാലും, നാലുകാലുള്ളവയും അവയെ മേയ്ക്കുന്ന രണ്ടു കാലുള്ളവയും. മേലാളന്റെ ശരി കീഴാളാന്റെ ജീവിതം നിര്‍ണയിച്ചുപോന്നിരുന്ന കാട്ടുനീതി. ഹിംസ്രജന്തുക്കളോട് മല്‍പ്പിടുത്തം നടത്താന്‍ ദുര്‍ബലരെ കുഴിയിലിറക്കി രക്തം ചീറുന്നത് കാണുമ്പോള്‍ ബാല്‍ക്കണികളിലിരുന്ന് നാട്ടുരാജാക്കന്മാര്‍ കയ്യടിച്ച ഗ്ലാഡിയേറ്റര്‍ സ്‌പോര്‍ട്‌സിന്റെ കാലം. ഇപ്പറഞ്ഞവയുടെ പരിഷ്‌കൃത പതിപ്പുകള്‍ മാത്രമാണ് ഇക്കാലത്തിന്റെ ദീനങ്ങള്‍. ഇനി നബി വരാനില്ലാത്തതിനാല്‍ വരാനുള്ള നബിദിനങ്ങള്‍ക്ക് പത്തരയാണ് മാറ്റ്.


ഓര്‍മ്മകള്‍ക്കെതിരെ കലാപം നയിക്കുന്ന ചരിത്രധ്വംസനത്തിന്റെ ഭരണകാലവുമാണിത്. അസ്തിത്വങ്ങളും അടിസ്ഥാനങ്ങളും മറവിയിലേക്ക് മായുമ്പോള്‍ സമുദായസ്വത്വത്തിന് മണ്ണും മനസും ഇല്ലാതാവുന്നു. ഓര്‍മ്മ ഏറ്റവും വലിയ പ്രത്യാഖ്യാനവും പ്രത്യാക്രമണവുമാണിപ്പോള്‍. തിരുനബിയെയും നബി നടുവില്‍ നിന്ന കഥകളും ഓര്‍ക്കുമ്പോള്‍ മാത്രമാണ് നാം വേരുകളോട് ഒട്ടിനില്‍ക്കുന്നത്. വേരില്ലാത്ത മരങ്ങള്‍ പൂക്കാറില്ല.

അഞ്ച്: ഒരനുയായി തിരുനബിയുടെ മുന്‍പിലെത്തി തന്നെ അലട്ടുന്ന നൊമ്പരം പങ്കുവച്ചു. കേട്ടുനില്‍ക്കുന്നവര്‍ ഓരോരുത്തരും അക്കാര്യം തുറന്നുപറയാന്‍ ആഗ്രഹിച്ചവരായിരുന്നു. പക്ഷേ, അവസരമൊത്തുവന്നില്ല എന്നുമാത്രം. ആഗതന്‍ പറഞ്ഞു. 'സ്‌നേഹിക്കുന്ന ആളെ എപ്പോഴും കാണണമെന്നുണ്ടെങ്കിലും ജീവിതപ്രശ്‌നങ്ങള്‍ കാരണം നിരന്തര സമാഗമത്തിന് സാധിക്കാതിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥയെന്താണ്?' ചോദ്യകര്‍ത്താവിന്റെ സങ്കടത്തില്‍ ചാലിച്ച ആശങ്കയുടെ മര്‍മ്മം തിരുനബി തന്നെയായിരുന്നുവെന്ന് സദസിന് വ്യക്തമായി. ഒരിട, തിരുനബിയും വിഷണ്ണനായി. ശേഷം മൊഴിഞ്ഞു. 'സ്‌നേഹിക്കുന്നവനോടൊപ്പമായിരിക്കും മനുഷ്യന്‍'. ആഗതന്‍ സംതൃപ്തനായി, തിരുനബി സന്തുഷ്ടനും. എന്നും അനുചരന്മാരെ കേള്‍ക്കാന്‍ നബി സന്നദ്ധത കാണിച്ചിരുന്നു. മറ്റുള്ളവരെ കേട്ട് കൊടുക്കലാണ് വലുത്, പറഞ്ഞുകൊണ്ടേയിരിക്കുന്ന നേതാക്കള്‍ക്ക് പഞ്ഞമുണ്ടാവില്ല, കേട്ട് തരുന്നവര്‍ക്കാണ് മനുഷ്യരെ മനസിലാവുക.

ആറ്: ഇരുപത്തഞ്ചുകൊല്ലം തണലേകിയ ഖദീജ പോയ്മറഞ്ഞു; പരിപാലിച്ച പിതൃവ്യന്‍ അബൂത്വാലിബും വിടപറഞ്ഞു. തിരുനബിയുടെ മനസില്‍ ദു:ഖക്കടല്‍ അലയടിച്ചു. അകന്ന ബന്ധുക്കള്‍ കൈവിടില്ലെന്ന ധാരണയോടെയാണ് മലകയറി പച്ചവിരിച്ച ത്വാഇഫിലെത്തിയത്. ബനൂസഖീഫിലെ നേതാക്കളെ സമീപിച്ച് രക്ഷാമാര്‍ഗം പറഞ്ഞുകൊടുക്കുന്ന തിരുനബി ഞെട്ടിപ്പോയി. അവിടെ ചെന്നുകണ്ട ഒന്നാമന്‍ അബുയഅലിന്‍ നബിയെ കളിയാക്കി, 'യാത്രചെയ്യാന്‍ സ്വന്തമായി ഒരു കഴുത പോലുമില്ലാത്ത നിന്നെയല്ലാതെ നബിയാക്കാന്‍ മറ്റൊരാളെയും കിട്ടിയില്ലേ പടച്ചവന്?'.


നബി മുന്നോട്ടിഴപോയി. ഇപ്പോള്‍ മസ്ഊദാണ് മുന്‍പില്‍: 'നാണക്കേടാണിത്, നീ പ്രവാചകനായാല്‍പ്പിന്നെ ഞാന്‍ കഅ്ബയുടെ മൂടുതുണി മോഷ്ടിക്കും'. തിരുനബി നിര്‍ത്തിയില്ല. ഹബീബാണിപ്പോള്‍ മുന്‍പില്‍, പക്ഷേ, ഫലം തഥൈവ. ഒന്നുകൂടി തീക്ഷ്ണമായിരുന്നു ഇത്തവണത്തെ പ്രതികരണം; 'ഞാന്‍ നിന്നോട് സംസാരിക്കില്ല, നീ യഥാര്‍ഥ പ്രവാചകനാണെങ്കില്‍ ഞാന്‍ അതിന് മാത്രം യോഗ്യനല്ല. ഇനി നീ വ്യാജനാണെങ്കില്‍ നിന്നോട് സംസാരിക്കുന്നത് എനിക്ക് മാനഹാനിയുമാണ്. അതിനാല്‍ പോവുക മനുഷ്യാ'.


കല്ലേറും തെറിവിളിയുമാണ് പിന്നെ. പുണ്യരക്തം മണലില്‍ ചിതറി, കാലം നടുങ്ങിയ പാതകത്തില്‍ നബി മോഹാലസ്യപ്പെട്ടു. സൈദ് താങ്ങിയെടുത്തു. ഒന്നരമൈല്‍ അവരോടി. മുന്തിരിത്തോട്ടത്തൊഴിലാളി അദ്ദാസ് മധുരം നല്‍കിയപ്പോള്‍ ത്വാഇഫില്‍ വച്ച് ആദ്യമായ് തിരുനബി ആശ്വാസനിശ്വാസമുതിര്‍ത്തു. പ്രവാചകന്‍ യൂനുസിന്റെ നിനേവാ നാട്ടുകാരനായ അദ്ദാസ് തിരുനബിയെ തിരിച്ചറിഞ്ഞു. കാല്‍ക്കല്‍ വീണു ചുംബിച്ചു. അദ്ദാസില്‍ വെളിച്ചത്തിന്റെ കാറ്റടിച്ചു. മടങ്ങുംവഴി മലയുടെ മാലാഖ വന്നു. പീഢകരെ നശിപ്പിക്കാന്‍ സമ്മതം തേടിയ തിരുനബി ഗദ്ഗദപ്പെട്ടു. അലിവിന്റെ അലകടല്‍ കണ്ട് ചരിത്രം കോരിത്തരിച്ചു. തിരുനബി വിസമ്മതിച്ച് മാലാഖയെ തിരിച്ചയച്ചു. ഇവരോ ഇവരുടെ പിന്മുറക്കാരാ സത്യം പിന്നീടൊരിക്കല്‍ കണ്ടെത്തും, തിരുനബി പ്രത്യാശിച്ചു, പ്രാര്‍ഥിച്ചു, ആകാശലോകം ഏറ്റുപറഞ്ഞു. പച്ചപുതച്ച മാമലകളില്‍ നിന്നു വന്നൊരു ഇളങ്കാറ്റ് തിരുനബിയുടെ രക്തംപരന്ന മണല്‍തട്ടുകളെ തലോടി കടന്നുപോയി.

ഏഴ്: കണ്ണുകള്‍ ദാഹിച്ച കാത്തിരിപ്പിനൊടുവിലാണ് മദീനക്കാര്‍ക്ക് തിരുനബിയെ കിട്ടിയത്. ആതിഥ്യമരുളാന്‍ അവിടെ ഉള്ളവരും ഇല്ലാത്തവരും തന്നാലാവും വിധം ഭവനങ്ങളലങ്കരിച്ചിരുന്നു. സ്ഥല നിര്‍ണായകാവകാശം ദിവ്യകല്‍പ്പിതമായ ഒട്ടകം, ഖസ്വാഇന് വിട്ടുകൊടുത്ത തിരുനബി പരാതികള്‍ക്കിടം ഒന്നിലും ഒരിക്കലും നല്‍കിയിരുന്നില്ല. ഒട്ടകം ആദ്യം മുട്ടുകുത്തിയത് അനാഥബാലന്‍മാരുടെ മണ്ണിലായിരുന്നു; അവിടെ മസ്ജിദുയര്‍ന്നു. പിന്നെ, വീടലങ്കരിക്കാന്‍ സമ്പത്തില്ലാത്തതിനാല്‍ ദു:ഖിതനായിരുന്ന അബൂഅയ്യൂബിന്റെ വീട്ടുമുറ്റത്തും, നബിയുടെ പാര്‍പ്പിടം പിന്നെ അതായി, പാവങ്ങളോടും നിരാലംബരോടുമാണ് തന്റെ പ്രഥമ പ്രതിപത്തി എന്ന് തിരുനബി വിളംബരം ചെയ്തു. അബൂഅയ്യൂബിന്റെ സന്തോഷത്തിനിപ്പോള്‍ അതിരുകളില്ല. വീടിനകത്ത് രണ്ട് തട്ടുകളായിരുന്നു. മുകള്‍നില തിരുനബിക്കാണെന്നായിരുന്നു ആദ്യധാരണ. തിരുനബിയുടെ മീതെ താനും കുടുംബവും കിടന്നുറങ്ങുന്നത് ആ സഹൃദയന് അസഹ്യമായിരുന്നു. പക്ഷേ, സന്ദര്‍ശകരുടെ സൗകര്യം പറഞ്ഞ് തിരുനബി നിര്‍ബന്ധം പിടിച്ചപ്പോള്‍ താഴെനില നബിക്കായി. രാത്രി ഉറങ്ങുകയാണ്; അബൂഅയ്യൂബിന്റെ കാലുതടഞ്ഞ് വെള്ളപ്പാത്രം നിലത്തുവീണു, ജലം ചിതറിപ്പരന്നു. ഈന്തമരത്തടിയുടെ നിലമാണ്. താഴെ ഉറങ്ങുന്ന തിരുനബിയുടെ ദേഹത്ത് വെള്ളമുറ്റിവീഴുമോ, ഉറക്കത്തിന് ഭംഗമാകുമോ? ആശങ്കകള്‍ മിന്നിമറിഞ്ഞു. ആലോചിക്കാന്‍ നേരമില്ല; തുടച്ചുനീക്കുന്ന തുണി തിരയാന്‍ അവസരമില്ല. ഒറ്റമാര്‍ഗം; ഭര്‍ത്താവും ഭാര്യയും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പുതപ്പും വിരിപ്പുമടക്കം ജലം പരന്ന നിലത്തിലൂടെ കിടന്നുരുണ്ടു. അവസാനതുള്ളിയും ഒപ്പിയെന്നായപ്പോള്‍ അബൂഅയ്യുബ് താഴെക്കോടി, നക്ഷത്രതിളക്കത്തില്‍ മയങ്ങുന്ന തിരുനബിയെ നോക്കി, ഇല്ല! വെള്ളമുറ്റി വീണിട്ടില്ല. ഉറങ്ങുകതന്നെയാണ്. ആനന്ദക്കണ്ണീരോടെ, നനഞ്ഞുകുതിര്‍ന്ന ദമ്പതികള്‍ രാവിന് കാവല്‍നിന്നു.

എട്ട്: ഏറെക്കൊതിച്ച മഴയുടെ കുളിരാസ്വദിച്ച് എല്ലാവരും പാതി ഉറക്കത്തിലമര്‍ന്നുകഴിഞ്ഞിരുന്നു. വെട്ടം പുലര്‍ന്നാല്‍ പോരാട്ടമാണ്, ബദ്ര്‍. പില്‍ക്കാലത്തിന്റെ സ്വഭാവം തീരുമാനമാകുന്ന പോരാട്ടമാണ് . സാമൂഹിക പ്രതിബദ്ധതയുള്ള നേതാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ചാരെ സഹചാരിയായ അബൂബക്കര്‍ മാത്രം കൂട്ടിന്. ഒരുയര്‍ന്ന കുന്നിന്‍മുകളിലെ തമ്പില്‍ തിരുനബി പ്രാര്‍ഥനയിലമര്‍ന്നു. സുജൂദില്‍ നിന്നുയരുന്നില്ല.
'ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നീ ആരാധിക്കപ്പെടില്ല'. പ്രാര്‍ഥനയില്‍ പരിസരം മറന്ന തിരുനബിയുടെ ചുമലുകളില്‍ നിന്നും പുതപ്പ് താഴെ വീണിരിക്കുന്നു. അത്താഴ മുഹൂര്‍ത്തത്തില്‍, അനുചരര്‍ ഓരോരുത്തരായി ഉണര്‍ന്നുവന്നു. പുതിയ പ്രഭാതമാണ് അവര്‍ക്കിനി, പക്ഷേ നേതാവ് പഴയ രാത്രിയിലെ സുജൂദില്‍ നിന്നിനിയുമുയര്‍ന്നിട്ടില്ല.

ഒന്‍പത്: പൂര്‍ണമാവുകയാണ്. അറഫാ മൈതാനം നിറഞ്ഞുതുളുമ്പിയിരുന്നു. ഹിറയുടെ ഹൃദയതാളമേറ്റെടുത്ത് ദാറുല്‍ അര്‍ഖമിന്റെ നാല്‍ചുവരുകളില്‍ ഒളിച്ച് പാര്‍ത്തവരാണീ പടര്‍ന്നുപരന്നപരായിരങ്ങള്‍. അതിനിടെ, യുദ്ധങ്ങളുടെ മരുഭൂമികള്‍ താണ്ടി, സഹനങ്ങളുടെ കടലുകള്‍ കടന്നു, മാപ്പിന്റെ മാമലകള്‍ പണിതു. തുടങ്ങിവച്ചവര്‍ പലരും പാതിവഴിയിലൂടെ പോയ്മറഞ്ഞു; മക്ക അധീനത്തിലായി, ശത്രുക്കള്‍ പലരും മിത്രങ്ങളായി, കീഴാളര്‍ മേലാളരായി, മേല്‍വിലാസമില്ലാത്തവര്‍ വിജുഗീഷുക്കളായി. കറുപ്പും വെളുപ്പും ഒന്നായി, ഭക്തിയാണ് യഥാര്‍ഥ ശക്തിയെന്നായി, ഉയിര്‍പ്പായി, തളിര്‍പ്പായി. എല്ലാത്തിനും മീതെ മഹാവിജയത്തിന്റെ വിനയസ്തതിയെന്നോണം തിരുനബി മുനിഞ്ഞുകത്തി. മതവും മനുഷ്യാവകാശവും പറഞ്ഞുതീര്‍ത്ത് തിരുനബി പ്രസംഗിച്ചു. എല്ലാ കണ്ണുകളുമിപ്പോള്‍ ആ വെളിച്ചത്തിലമര്‍ന്നുകഴിഞ്ഞു. കാതുകളില്‍ ആ സ്വരസുധമാത്രം. ഒന്നേകാല്‍ലക്ഷം അനുചരര്‍ക്ക് മേധ്യ സത്യോദയം അതിന്റെ ഉദയ പൂര്‍ണത പ്രാപിക്കുകയാണ്. മാലാഖ പറന്നുവന്നു. സമ്പൂര്‍ത്തീകരണത്തിന്റെ വേദവിളംബരം മുഴങ്ങി. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്കുമേല്‍ സമ്പൂര്‍ണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതരികയും ചെയ്തിരിക്കുന്നു'.


സന്തോഷമോ! ആനന്ദമോ! കണ്ണീരിന്റെ കടലിരമ്പി, ശുക്കിന്റെ വിര്‍ദുകള്‍ പരന്നു. മറുപുറം കണ്ട അബൂബക്കര്‍ പൊട്ടിക്കരഞ്ഞു; തിരുനബിയും പൂര്‍ണമാവുകയാണ്. ഏതോ ശൂന്യത സിദ്ദീഖിനെ വലയം ചെയ്യുംപോലെ, തിരുനബി വീണ്ടും മിണ്ടിത്തുടങ്ങി,
'ഇവിടെ ഉള്ളവന്‍ ഇല്ലാത്തവര്‍ക്കീ സത്യം എത്തിച്ചുനല്‍കട്ടെ'. അനുചരര്‍ അത് നെഞ്ചിലേറ്റെടുത്തു. തിരുനബി ജനങ്ങളോട് ചോദിച്ചു. 'ഞാനീ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചുതരുന്നതിന് നാളെ നിങ്ങള്‍ അല്ലാഹുവിന് മുന്‍പില്‍ സാക്ഷ്യം പറയില്ലേ?' സദസ് ഒന്നിച്ച് ഏറ്റുപറഞ്ഞു. 'അതെ തിരുദൂതരെ...'


തിരുനബി ആകാശത്തേക്ക് കൈയ്യുയര്‍ത്തി. ചൂണ്ടാണിവിരല്‍ ഇനിയും വ്യാഖ്യാനിക്കപ്പെടാത്ത ഏതോ ലക്ഷ്യത്തിലേക്ക് നീണ്ടു.
ഭാവം മാറി, തിരുനബിക്ക് മാത്രം പ്രാപ്യമായ അവസ്ഥ; ആകാശാരോഹണ രാവില്‍ കണ്ടുവന്ന നാഥനെ ചൂണ്ടി ചുണ്ടുകള്‍ മൊഴിഞ്ഞു: 'അല്ലാഹുവേ നീ സാക്ഷി.. നീ സാക്ഷി.. നീ സാക്ഷി'. നബിയുടെ ദേഹവിയോഗം പിന്നെയും മൂന്ന് മാസം കഴിഞ്ഞാണ്. അന്നൊരു തിങ്കള്‍ പ്രഭാതോദയം കഴിഞ്ഞ് നാഴികനേരം പിന്നിട്ടിരിക്കുമ്പോള്‍ ആ തിരുമിഴികള്‍ മലര്‍ന്നു, ചുണ്ടില്‍ മന്ദഹാസം വിടര്‍ന്നു.


ഏകദേശം 37,000 മനുഷ്യര്‍ ഒറ്റക്കൊറ്റക്ക് ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തു. അന്നത്തെ മദീനാ നഗരരാഷട്രത്തിന്റെ മുക്കാല്‍ ഭാഗമായിരുന്നു അത്. നബിയുടെ വേര്‍പ്പാട് ഭൗതികമായിട്ട് തന്നെ അനുഗ്രഹമാണ്. അവിടന്ന് അമരനായി ഭൂമിക്ക് പുറത്ത് ജീവിക്കുകയും അനുരാഗികര്‍ മരിച്ച് മണ്ണടിയുകയും ചെയ്യുകയാണെങ്കില്‍ എത്ര ശൂന്യമാകുമായിരുന്നു ബര്‍സഖ്!
പ്രാപഞ്ചിക പ്രവാഹത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിച്ച ആ അനര്‍ഘ സന്ദര്‍ഭത്തിന്റെ സൗന്ദര്യത്തിനു മേല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  4 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  4 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  4 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  5 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  5 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  5 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  5 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  5 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  5 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  5 days ago