'സാറേ... ഇതിന്റെ ഉള്ളില്‍ ഇടുന്ന കള്ളന് ചോറു കൊടുക്കുമോ'
ചെര്‍പ്പുളശ്ശേരി: പൊലിസ് എന്ന് കേള്‍ക്കുമ്പോഴേക്കും പേടിച്ച് ഓടിയൊളിക്കുന്ന കുരുന്നുകള്‍ക്ക് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശനം നവ പാഠമായിമാറി. കച്ചേരിക്കുന്ന് നോര്‍ത്ത് എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൊതുസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമയാണ് ചെര്‍പ്പുളശ്ശേരി പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.
എ.എസ്.ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കുട്ടികളെ മിഠായി നല്‍കി സ്വീകരിച്ചു. പേടിച്ച് വിറച്ച ചിലര്‍ക്കതാശ്വാസമായി. സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ ആദ്യം ലോക്കപ്പ് സന്ദര്‍ശിച്ചു. ലോക്കപ്പ് ശൂന്യമാണെങ്കിലും കുട്ടികളുടെ കുന്നുമനസ്സിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊലിസ് തൊപ്പിയൂരി. 'സാറേ... ഇതിന്റെ ഉള്ളില്‍ ഇടുന്ന കള്ളന് ചോറു കോടുക്കുമോ ?' ഒരു ചോദ്യം വന്നപ്പോഴേക്കും പിന്നെ ചോദ്യങ്ങളുടെ നിരയായി .... ' സാറെ ... ഇവിടെ എ.കെ 47 തോക്കുണ്ടോ' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഓഫിസര്‍മാരും ചിരിച്ചു.
പിന്നെ കയ്യില്‍ ഇടുന്ന വിലങ്ങ് കാണിച്ചു കൊടുത്തപ്പോള്‍ ഒരാള്‍ ' സാറെ... അത് കയ്യിലൊന്ന് ഇട്ടു തരുമോ' എന്നായി. പല തരം തോക്കുകളും, അതിലിടുന്ന ഉണ്ടകളും, ലത്തികളും, ഷീല്‍ഡും, കണ്ണീര്‍ വാതക ഷെല്ലുകളും, വയര്‍ലസ് ഫോണും കാണിച്ച് അതിന്റെ ഉപയോഗ രീതിയും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
അവസാനം എ.എസ്.ഐ ബാബുരാജിന്റെ നര്‍മത്തില്‍ കുതിര്‍ന്ന ചോദ്യങ്ങളും, ഗുണപാഠം ഉള്‍കൊണ്ട കഥയും, കുട്ടികള്‍ക്കുള്ള നന്മായാര്‍ന്ന ഉപദേശങ്ങളും സന്തോഷത്തോടെ ഉള്‍ക്കൊണ്ട് കുട്ടികള്‍ മടങ്ങി. പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശനത്തിന് അധ്യാപകരായ അല്‍ത്താഫ് മംഗലശ്ശേരി, ഹസീന, പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് പറക്കാടന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."