പാര്‍ട്ടി എന്തുകൊണ്ട് തോറ്റു? സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറയുന്നു
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പരാജയത്തിനുള്ള കാരണങ്ങള്‍ നിരത്തി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് യെച്ചൂരി പറഞ്ഞു. വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിക്കും തൃണമൂലിനുമെതിരെ ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ബംഗാളില്‍ തയ്യാറായില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസി വോട്ട് തിരികെ പിടിക്കാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്രകമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘടനാ പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനം സംസ്ഥാന ഘടകങ്ങള്‍ നടപ്പിലാക്കിയില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടി.
കേരളത്തില്‍ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്നാണ് കേരളഘടകം ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. അതിനാല്‍ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കുക, വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തുക, അതുവഴി അവരെ കൂടെ നിര്‍ത്തുക തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."