പാഠപുസ്തകം എത്തിച്ച് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു
തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. സംസ്ഥാനത്തെ ഒന്നുമുതല്‍ 12വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി എട്ട്, ഒന്‍പത്,10 ക്ലാസുകളിലെ 98 ശതമാനം പാഠപുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിക്കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. 20നുള്ളില്‍ ബാക്കി പുസ്തകങ്ങളും എത്തിക്കും. ജൂണ്‍ ഒന്നിനു മുന്‍പ് പാഠപുസ്തകങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. പാഠപുസ്തകം വൈകുക എന്ന അലംഭാവം ഇനി ഉണ്ടാകില്ലെന്നും മന്ത്രി. ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 14ന് തുടങ്ങും. ഇതിനനുസരിച്ചുള്ള ടൈംടേബിള്‍ തയാറായിട്ടുണ്ട്. ഒന്നു മുതല്‍ 12വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും. കുട്ടികള്‍ക്ക് അധികഭാരം ഒഴിവാക്കാനായി ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായാണ് ഇത്തവണ അച്ചടിക്കുന്നത്.
ഒന്നാം വാല്യത്തില്‍ 2,86,69,591 പുസ്തകങ്ങളാണ് വേണ്ടിയിരുന്നത്. ഇവയുടെ അച്ചടിയും വിതരണവുമാണ് പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."