താനൂര്‍ സംഭവം: 'വരട്ടുചൊറി' പ്രദര്‍ശനത്തിനൊരുങ്ങുന്നു
കോഴിക്കോട്: താനൂരില്‍ മാര്‍ച്ചില്‍ നടന്ന ഭീകരമായ പൊലിസ് നരനായാട്ടിനെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തിനൊരുങ്ങുന്നു. താനൂര്‍ സംഭവങ്ങളെ വ്യത്യസ്ഥമായ രീതിയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് 18ന് കോഴിക്കോട്ട് നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുക.
പൊന്നാനിക്കാരന്‍ ഹുദൈഫ റഹ്മാന്‍ സംവിധാനം ചെയ്ത വരട്ടുചൊറി എന്ന ഡോക്യുമെന്ററിയാണ് താനൂരിലെ പൊലിസ് അതിക്രമങ്ങളെ പ്രമേയമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു താനൂരിലെ തീര മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടാവുകയും അതിനുശേഷം കലാപം ഒതുക്കാനെന്ന പേരില്‍ പൊലിസ് അതിക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തത്.
താനൂര്‍, ഊട്ടുപുറം, അഴിമുഖം റോഡിന് ഇരുവശത്തും താമസിക്കുന്ന നിരവധി വീടുകള്‍, ചാപ്പപ്പടി, ആല്‍ ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലിസുകാര്‍ ഭീകരമാംവിധം നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും മത്സ്യബന്ധന ഉപകരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്തിരുന്നു. താനൂരിലെ സംഭവങ്ങളെ ആക്ഷേപഹാസ്യരൂപത്തില്‍ നോക്കിക്കാണുന്നതാണ് ഹുദൈഫയുടെ വരട്ടുചൊറി എന്ന ഡോക്യുമെന്ററി. വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനര്‍ഘ നിമിഷങ്ങള്‍ എന്ന പുസ്തകത്തിലെ യുദ്ധം അവസാനിക്കണമെങ്കില്‍ എന്ന കഥയിലെ സാഹിത്യകാരന്റെ വാക്കുകള്‍ കടമെടുത്താണ് വരട്ടുചൊറിയെന്ന് ഡോക്യുമെന്ററിക്ക് പേരു നല്‍കിയിരിക്കുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം താനൂര്‍ പ്രദേശത്തുള്ളവരാണ്.
സംഘര്‍ഷ സമയത്തെ സംഭവങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍തന്നെ ഇതിന് കാരണക്കാരായവരെ ഡോക്യുമെന്ററി എടുത്തുകാണിക്കുന്നുണ്ട്. കോഴിക്കോട്ട് നടക്കുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിലാണ് അല്‍താഫ് കാമറയും എഡിറ്റിങും നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."