തുമ്പ പൊലിസ് സ്റ്റേഷനില്‍ സി.പി.എം ആക്രമണം
കഴക്കൂട്ടം: തുമ്പ സ്റ്റേഷനില്‍ ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സംഘം ചേര്‍ന്ന് സ്റ്റേഷന്‍ ആക്രമിച്ചു. പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, നീതിയെയും നിയമത്തേയും വെല്ലുവിളിച്ചു, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ കഴക്കൂട്ടം മംഗലുരം ഏരിയ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ആറ്റിപ്ര സദാനന്ദന്‍, ഇയാളുടെ മകനും കുളത്തൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സനല്‍, സുരേഷ് ബാബു, ബെന്‍സിലോണ്‍, യൂനിയന്‍ കുമാര്‍ എന്ന കുമാര്‍, ഷൈജു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന പതിനാറു പേര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വാഹന പരിശോധനയ്ക്കിടെ സി.പി.എം പ്രവര്‍ത്തകനായ നാസറിനെ തുമ്പ എസ്.ഐ പ്രതാപ് ചന്ദ്രന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടു കൂടിയായിരുന്നു സംഭവം. ജില്ലാ കമ്മിറ്റി അംഗങ്ങടങ്ങുന്ന സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. കഴക്കൂട്ടം മുന്‍ ഏര്യാ സെക്രട്ടറിയും ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ആറ്റിപ്ര സദാനന്ദന്റയും ജില്ലാ കമ്മിറ്റി അംഗമായ വി.എസ് പത്മകുമാറിന്റെയും നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐയെയും പൊലിസുകാരെയും തെറി അഭിഷേകം ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം സ്റ്റേഷന് മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമണം അരങ്ങേറി.
സംഭവം അറിഞ്ഞെത്തിയ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍ തുമ്പസ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. എന്നാല്‍ പൊലിസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഗുണ്ടായിസം കാണിയ്ക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നതോട് കൂടി സി.പി.എമ്മിന് പുലിവാലായി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ പോലും എസ്.ഐക്ക് പിന്‍തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. സി.പി.എമ്മിലെ ഒരു വിഭാഗമാണ് സ്റ്റേഷന്‍ ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."