കോണ്‍ഗ്രസിലെ പഴംതീനി വവ്വാലുകള്‍
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയെ വിമര്‍ശിക്കുന്നവരെ 'പഴംതീനി വവ്വാലു'കളോട് ഉപമിച്ചിരിക്കുകയാണ് കെ.പി.സി.സിയുടെ ഖജനാവു സൂക്ഷിപ്പുകാരന്‍ തന്നെ. രാജ്യത്ത് കോണ്‍ഗ്രസ് നേരിട്ട വമ്പന്‍ തോല്‍വിക്കു പിന്നാലെ എ.കെ ആന്റണി അടക്കം മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് കൂട്ടായ്മകളില്‍ ഉള്‍പെടെ ഉയര്‍ന്നിരിക്കുന്ന കടുത്ത വിമര്‍ശനങ്ങളാണ് ആന്റണി- സുധീര പക്ഷക്കാരനായ നേതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്തുകൊണ്ട് ആന്റണിയെ വിമര്‍ശിച്ചു കൂടാ? ആന്റണി എന്നും വിമര്‍ശനത്തിന് അതീതനാണോ? ആന്റണിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ആദ്യം വന്നത് പുത്രന്‍ അജിത് ആന്റണിയായിരുന്നു. പിന്നാലെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും തൊട്ടുപിന്നാലെ ജോണ്‍സണ്‍ എബ്രഹാമും സൈബര്‍ ലോകത്തെ ആന്റണി ആക്രമണത്തിന് പ്രതിരോധ കവചം തീര്‍ക്കാന്‍ രംഗത്തെത്തി. വിമര്‍ശകരെ പഴംതീനി വവ്വാലുകളോട് ഉപമിക്കുമ്പോള്‍ ജോണ്‍സണ്‍ എബ്രഹാം ലക്ഷ്യമിടുന്നത് ആരെയൊക്കെ എന്നത് വ്യക്തം.
ആരാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ രാജ്യത്ത് മുച്ചൂടും മുടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പഴംതീനി വവ്വാലുകള്‍? ഉപ്പുവച്ച കലം പോലെയാവുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന സാധാരാണ പ്രവര്‍ത്തകരാണോ ആ പഴം തീനി വവ്വാലുകള്‍? പഴയ തഴമ്പിന്റെ പുറത്തു തടവി ചത്തേ കസേര ഒഴിയൂവെന്ന് ഉറപ്പിച്ച് അള്ളിപ്പിടിച്ചിരിക്കുന്ന പല്ലും നഖവും കൊഴിഞ്ഞ ഡല്‍ഹിയിലെ സിങ്കങ്ങളല്ലേ യഥാര്‍ഥത്തില്‍ പഴംതീനി വവ്വാലുകള്‍? രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി രാജ്യത്ത് കോണ്‍ഗ്രസിന്റെ പട നയിച്ച ഉപദേശി സംഘം പരാജയഭാരം ഇനിയും ഏറ്റെടുക്കാന്‍ തയാറായിട്ടുണ്ടോ ?
കാലവും കോലവും രാജ്യത്തു മാറുകയാണെന്ന തിരിച്ചറിവില്ലാതെ പോയത് കോണ്‍ഗ്രസിലെ സൈബര്‍ പടയാളികള്‍ക്കല്ല ഉപദേശി വൃന്ദത്തിനായിരുന്നു. കെ.സി വേണുഗോപാലും ജോതിരാദിത്യ സിന്ധ്യയും സചിന്‍ പൈലറ്റും ഒക്കെ ഉള്‍പെട്ട മധ്യയുവനിരയുടെ തിരിച്ചറിവെങ്കിലും ആന്റണി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ടായിരുന്നോ 'തീയില്‍ കുരുത്തത് വെയിലത്തു വാടില്ലെ'ന്നാണ് അജിത് ആന്റണി അച്ഛന്‍ ആന്റണിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഒരണ സമരത്തിനപ്പുറം വെയിലുകൊണ്ടും മുദ്രാവാക്യം വിളിച്ചും പൊലിസിന്റെ തല്ലുകൊണ്ടും അച്ഛന്‍ ആന്റണി ഏതു വെയിലും തീയുമാണ് ഏറ്റത്? എന്നും സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും തണലിലൂടെ തന്നെയാണ് ആന്റണി സഞ്ചരിച്ചതും സഞ്ചരിക്കുന്നതും.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനഹിതത്തെ നേരിടാന്‍ ഇക്കാലമത്രയും ആന്റണി പോര്‍ക്കളത്തില്‍ ഇറങ്ങിയിട്ടുണ്ടോ? രാജ്യസഭാ എം.പിയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായ ആന്റണി ആദര്‍ശത്തിന്റെ ആള്‍രൂപമായി അധികാരങ്ങളെ ആസ്വദിക്കുകയായിരുന്നു. വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയുമൊക്കെ അടിത്തറയിട്ട ആള്‍ബലത്തിന്റെ കരുത്തിലായിരുന്നു ആന്റണിയുടെ ഉന്നതിയുടെ പടവുകളിലേക്കുള്ള സഞ്ചാരം. അവിടെ തീയും വെയിലുമൊന്നും ആന്റണി കൊണ്ടതായി രാഷ്ട്രീയ ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
അജിത് ആന്റണിയുടെയും ജോണ്‍സണ്‍ എബ്രഹാമിന്റെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്യംവയ്ക്കുന്നത് കേരളത്തില്‍ ആന്റണിയുടെ ആദ്യാക്ഷരത്തിലൂടെ ഉമ്മന്‍ചാണ്ടി നായകനായ എ ഗ്രൂപ്പിനെയും ഗ്രൂപ്പുകളുടെ കൂട്ടായ്മയായ രമേശ് ചെന്നിത്തല നായകനായ ഐ ഗ്രൂപ്പിനെയുമാണെന്നത് നാലുതരം. ഐ, എ ഗ്രൂപ്പുകളാണ് പഴംതീനി വവ്വാലുകളെന്ന് കെ.പി.സി.സി ട്രഷറര്‍ തന്നെ പറയാതെ പറഞ്ഞുവയ്ക്കുന്നു. അജിത് ആന്റണി ഒരു പടികൂടി കടന്ന് ആന്ധ്രയിലെ തോല്‍വി എടുത്തുപറയുമ്പോള്‍ ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെയും.
മുച്ചൂടും മുടിഞ്ഞു നില്‍ക്കുമ്പോഴും അതില്‍ നിന്നു കരകയറാനല്ല കോണ്‍ഗ്രസിന്റെ വൃദ്ധനേതൃത്വം ആഗ്രഹിക്കുന്നത്. സ്വന്തം കസേരയ്ക്ക് ഇളക്കം തട്ടാതെ തനിക്കു ശേഷം പ്രളയം എന്ന ചിന്തയില്‍ തന്നെയാണ്. ഞാനും അഫ്പ്പന്‍ തമ്പുരാനും എന്നതിനപ്പുറം രാജ്യത്തെ വിഭജന രാഷ്ട്രീയത്തെ എതിര്‍ക്കാനും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി നാവുയര്‍ത്തി പോരാടാനും ഇനി എന്താണ് വഴിയെന്നതിനെക്കുറിച്ച് കടല്‍ക്കിഴവന്‍മാര്‍ക്ക് ചിന്തയേതുമില്ല. തോല്‍വിയുടെ പേരില്‍ രാഹുല്‍ ഗാന്ധിയും പി.സി.സി അധ്യക്ഷരും കാട്ടിയ രാജിയെന്ന ആര്‍ജവം പോലും ഇന്ദ്രപ്രസ്ഥത്തിലെ പല്ലുംനഖവും കൊഴിഞ്ഞ ഉപദേശി സംഘത്തിലെ ഒരാളില്‍ നിന്നു പോലും ഉയര്‍ന്നില്ല.
യുവനേതൃത്വത്തിനു വഴിമാറിക്കൊടുത്ത് 'നിങ്ങള്‍ നയിക്കൂ ഞങ്ങള്‍ മാര്‍ഗനിര്‍ദേശ'വുമായി പിന്നിലുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസുകാരുടെ റോള്‍ മോഡലെന്ന് ജോണ്‍സണ്‍ എബ്രഹാം വിശേഷിപ്പിക്കുന്ന ആന്റണിയെപ്പോലുള്ളവര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. ഒരു കേരളത്തിനും പഞ്ചാബിനുമപ്പുറം ചരടുപൊട്ടിയ പട്ടമാണ് കോണ്‍ഗ്രസ് എന്ന് തിരിച്ചറിയാന്‍ ഇനിയും നിങ്ങള്‍ വൈകരുത്. ജോണ്‍സണ്‍ എബ്രഹാം വിശേഷിപ്പിക്കുന്ന സൈബിറടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ ഏറെയും കോണ്‍ഗ്രസിന്റെ ദുരവസ്ഥ തിരിച്ചറിയുന്ന യുവത്വമാണ്. അവര്‍ക്കിടയില്‍ കടന്നു കയറി ഗ്രൂപ്പ് താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് പോസ്റ്റുകളുടെ നിര്‍മിതി നടത്താന്‍ ശ്രമിക്കുന്നവരും ഇല്ലാതില്ലെന്നല്ല.
ആന്റണിയുടെയും കെ.സി വേണുഗോപാലിന്റെയും ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിലെ അപ്രമാദിത്വത്തെ ഭയക്കുന്ന അസൂയാലുക്കളാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറെയും. കേരളത്തിലെ ചില നേതാക്കളുടെയെങ്കിലും ഭാവി രാഷ്ട്രീയം ശോഭനമായിരിക്കാന്‍ ആന്റണിയുടെയും വേണുഗോപാലിന്റെയും തൂവെള്ള ഖദറില്‍ കരി ഓയില്‍ പൂശി കറുപ്പിച്ചേ മതിയാകൂ. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ ഐ, എ ഗ്രൂപ്പുകള്‍ പതിനെട്ടടവും പയറ്റുക സ്വാഭാവികം. എന്തിനും ഏതിനും സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന കാലത്ത് സൈബറിടങ്ങളില്‍ നിന്നുള്‍പെടെ ഉയരുന്ന യാഥാര്‍ഥ്യത്തോടെയുള്ള വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി നേതാക്കള്‍ക്കുണ്ടാവുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. അഭിപ്രായം പറയാന്‍ വേദിയില്ലാതെ വരുന്നിടത്താണ് കെ.പി.സി.സിയുടെ ഖജനാവു സൂക്ഷിപ്പുക്കാരന്‍ വിശേഷിപ്പിച്ച സൈബര്‍ ഇടത്തെ പഴംതീനി വവ്വാലുകള്‍ ആന്റണിയെപ്പോലുള്ള നേതാക്കള്‍ക്കു നേരെ വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നതെന്ന തിരിച്ചറിവും നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."