അനധികൃത ലൈറ്റുകളും മ്യൂസിക് സിസ്റ്റവും നീക്കം ചെയ്യണം: ആര്‍.ടി.ഒ
കൊല്ലം: യാത്രക്കാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും അസൗകര്യമുണ്ടാക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നതുമായ ശക്തിയേറിയ ലേസര്‍, എല്‍.ഇ.ഡി നിയോണ്‍ ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി. സജിത്ത് അറിയിച്ചു.
നിയമ ലംഘനത്തിനെതിരേ ജില്ലയില്‍ വാഹന പരിശോധന സജീവമാക്കിയിട്ടുണ്ട്. പരിശോധനയില്‍ അനധികൃത ഫിറ്റിങുകള്‍ അഴിച്ചുമാറ്റുകയും മറ്റുള്ളവ ഹാജരാക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പരിശോധനയില്‍ വിവിധ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും സബ് ആര്‍.ടി. ഓഫിസുകളിലെ ഫീല്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന സ്റ്റീരിയോ, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഇവ ഘടിപ്പിച്ച 17 കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേയും ശബ്ദമലിനീകരണം നടത്തുന്ന മോട്ടോര്‍ സൈക്കിള്‍, എയര്‍ഹോണ്‍ ഘടിപ്പിച്ചവ ഉള്‍പ്പടെ 132 വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
1,59,500 രൂപ തത്സമയ പിഴ ശേഖരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകളില്‍ വലിയ ചിത്രങ്ങള്‍, എഴുത്തുകള്‍, ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന മറ്റ് പരസ്യങ്ങള്‍ എന്നിവ നിയന്ത്രിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."