കരൂര്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ യാത്രാമൊഴി
കാസര്‍കോട്: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏഴുപേരുടേയും സംസ്കാരം കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചില്‍ നടന്നു. ഇന്നലെ ചര്‍ച്ചിനു സമീപം പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം മംഗളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പള്ളിയിലെ പൊതുദര്‍ശനം കഴിഞ്ഞ് വൈകിട്ടാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
കുമ്പള ബന്തിയോട് മണ്ടേക്കാപ്പില്‍ നിന്ന് തീര്‍ഥാടനത്തിനു പോയ ഹൊറാള്‍ഡ് മന്തേരോ (52), ഭാര്യ പ്രസില്ല മന്തേരോ (45), മകന് റോഹിത് മന്തേരോ (22), സഹോദരന്മാരായ സത്റിന് മന്തേരോ (35), ആല്വിന് മന്തേരോ (29), സത്റിന്റെ മകള്‍ ഷരോണ (ഏഴ്), മറ്റോരു സഹോദരന് ഡെന്‍സിലിന്റെ ഭാര്യ റീമ (29) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ സത്റിന് മന്തേരോയുടെ ഭാര്യ ജേഷ്മ (26), മകന് സാന്‍വി (ഒന്നര), ഹൊറാള്‍ഡ് മന്തേരോയുടെ മറ്റൊരു മകന് റോഷന് (20), ആല്‍വിന്റെ ഭാര്യ പ്രീമ (24) എന്നിവര്‍ കരൂര്‍ കുളിത്തലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."