പ്രതീക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വരൂപിക്കാനായില്ല; മകളുടെ വിവാഹദിവസം പിതാവ് ജീവനൊടുക്കി
കൊല്ലം: കതിര്‍മണ്ഡപത്തില്‍ മകള്‍ക്ക് അണിയാനായി പ്രതീക്ഷിച്ചത്ര സ്വര്‍ണാഭരണങ്ങള്‍ സ്വരൂപിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിവാഹ ദിനത്തില്‍ പിതാവ് ജീവനൊടുക്കി. അഗ്നിസാക്ഷിയായി തന്റെ കൈപിടിച്ചേല്‍പ്പിക്കേണ്ട പിതാവ് എന്നെന്നേയ്ക്കുമായി യാത്രയായതറിയാതെ മകള്‍ വിവാഹിതയായി. ചാത്തന്നൂര്‍ ഉളിയനാട് ഡീസന്റ് ജംഗ്ഷനു സമീപം പ്രസാദ് ഭവനില്‍ ബി.ശിവപ്രസാദ്(46) ആണ് മകള്‍ നീതുവിന്റെ വിവാഹദിവസമായ ഞായറാഴ്ച പുലര്‍ച്ചെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ചത്. വിവാഹസമയത്ത് നല്‍കാനാഗ്രഹിച്ചിരുന്നത്രയും സ്വര്‍ണാഭരണങ്ങളില്ലാതെ കതിര്‍മണ്ഡപത്തിലേക്കു മകള്‍ കയറുന്നതു കാണാനുള്ള ശേഷിയില്ലാതെ ഒരുമുഴം കയറില്‍ ശിവപ്രസാദ് ജീവനൊടുക്കുകയായിരുന്നു.
വീടും പുരയിടവും വിറ്റ് മകളുടെ വിവാഹം നടത്താനും സഹകരണ ബാങ്കിലുള്ള കടം വീട്ടാനും ശിവപ്രസാദ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ചാത്തന്നൂരിലെ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശ്ശിക ആയതോടെ വീട്ടിലേക്ക് ബാങ്കില്‍ നിന്ന് നോട്ടിസ് അയച്ചിരുന്നു. കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ആഴ്ച മുന്‍പു ബാങ്ക് അധികൃതര്‍ ശിവപ്രസാദിന്റെ വീട്ടിലുമെത്തിയിരുന്നു. കുളിക്കാനായി ഞായറാഴ്ച പുലര്‍ച്ചെ 5.30നു വീട്ടില്‍ നിന്നിറങ്ങിയ ശിവപ്രസാദ് കുറെനേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്. കൂട്ടുകാരും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുടുംബവീട്ടില്‍ ബൈക്ക് കണ്ടെത്തിയത്. പിന്നീട് ശിവപ്രസാദിനെ കുടുംബവീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്വര്‍ണത്തിന് കുറവുണ്ടെങ്കിലും വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നല്‍കിയിരുന്നതായി ശിവപ്രസാദിന്റെ ബന്ധുക്കള്‍ പറഞ്ഞു. ശിവപ്രസാദ് മരിച്ച വിവരം മകളെ അറിയിക്കാതെ ചാത്തന്നൂര്‍ വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുകയായിരുന്നു. ഈ സമയം ചിറക്കര പഞ്ചായത്തോഫിസിനു സമീപം ആള്‍ത്താമസമില്ലാത്ത കുടുംബവീട്ടില്‍ ചേതനയറ്റ നിലയിലായിരുന്നു ശിവപ്രസാദ്.
ചടങ്ങിന് ഭര്‍ത്താവിനെ അന്വേഷിച്ച ഭാര്യ ജലജയെയും ബന്ധുക്കള്‍ മരണം അറിയിച്ചില്ല. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശിവപ്രസാദിന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. നിതിന്‍, പ്രീജ എന്നിവരാണു മറ്റുമക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."