നിയമങ്ങള്‍ തടസമായില്ല; രാത്രിയെ പകലാക്കി അവര്‍ കര്‍മനിരതരായി
ഫൈസല്‍ കോങ്ങാട്
പാലക്കാട്: ആംബുലന്‍സ് അപടകത്തില്‍ മരിച്ച എട്ടുപേരുടേയും പോസ്റ്റ്‌മോര്‍ട്ടവും മറ്റും പൂര്‍ത്തിയാക്കാന്‍ പൊലിസ് സര്‍ജനും സേനയും അന്നപാനീയങ്ങളും വിശ്രമവുമില്ലാതെ രാവും പകലും കര്‍മനിരതരായപ്പോള്‍ ദുരന്തം അടിച്ചേല്‍പ്പിച്ച വേദനക്കിടയിലും നാട്ടുകാര്‍ക്ക് അത് ഏറെ ആശ്വാസമായി.
അപകടം നടന്നയുടന്‍ തന്നെ എട്ടുമരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട് ഡിവൈ.എസ്.പി ജി.ഡി വിജയകുമാര്‍ പൊലിസ് നടപടിക്രമങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത് മിനിറ്റുകള്‍ക്കകമായിരുന്നു. എട്ടുപേരുടേയും മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എട്ടു സബ് ഇന്‍സ്‌പെക്ടര്‍മാരെ അദ്ദേഹം നിയോഗിച്ചു. സമയനഷ്ടം ഒഴിവാക്കാനായിരുന്നു ഇത്. അതേസമയം എട്ട് പൊലിസ് സംഘങ്ങള്‍ മൂന്നരയോടെ സജ്ജരായെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാതെ ഇന്‍ക്വസ്റ്റ് നടത്താന്‍ പൊലിസിന് ആവില്ലായിരുന്നു. ആശുപത്രിയിലും പരിസരങ്ങളിലും തടിച്ചുകൂടിയ ആളുകളില്‍ നിന്ന്് മരിച്ചവരുടെ ബന്ധുക്കളെ തിരഞ്ഞുപിടിച്ച് ഇന്‍ക്വസ്റ്റ് റൂമിലെത്തിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത് ഉറപ്പുവരുത്താന്‍ ഡി.വൈ.എസ്.പി വിജയകുമാര്‍ മുഴുസമയവും ജില്ലാ ആശുപത്രി മോര്‍ച്ചറി പരിസരത്തു തന്നെയുണ്ടായിരുന്നു.
വൈകിട്ട് ആറരയോടെ എട്ടുപേരുടേയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അതിനിടെ നേരത്തെ മറ്റ് നാലു പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രിയിലെ അസി. പൊലിസ് സര്‍ജന്‍ ഡോ.ജെറി ആറുമണിയോടെ ആശുപത്രി വിട്ടിരുന്നു. പകല്‍വെളിച്ചം നഷ്ടമായതിനാലും രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് മരിച്ചവരുടെ ബന്ധുക്കളാരും ആവശ്യം ഉന്നയിക്കാതിരുന്നതും പരിഗണിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്. എന്നാല്‍ നിയുക്ത എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യഹരിദാസ്, എം.എല്‍.എമാരായ ശാഫി പറമ്പില്‍ , കെ.ബാബു, പ്രസേനന്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച ചെയ്ത് രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു. കാലത്ത് പോസ്റ്റ് മോര്‍ട്ടം തുടങ്ങിയാല്‍ തന്നെ എട്ടുപേരുടേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും വൈകുന്നേരമാകും. സംസ്‌കാരചടങ്ങുകള്‍ രാത്രിയിലേക്ക് നീളുമെന്നതിനാല്‍ രാത്രി തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ നന്നാവുമെന്ന അഭിപ്രായം ജനപ്രതിനിധികള്‍ പങ്കുവച്ചു.
അപകടമരണങ്ങള്‍ നടന്നാല്‍ അഞ്ചുപേരില്‍ കൂടുതലുണ്ടെങ്കില്‍ സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം രാത്രിയും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വ്യവസ്ഥയുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി. സൂപ്രണ്ട് തന്നെ ജില്ലാ പൊലിസ് സര്‍ജന്‍ ഡോ.ഗുജ്‌റാലുമായി ആശയവിനിമയം നടത്തിയപ്പോള്‍ അവധി ദിനത്തില്‍ സ്ഥലത്തില്ലായിരുന്ന അദ്ദേഹം സേവന സന്നദ്ധത അറിയിച്ച് അരമണിക്കൂറിനകം ആശുപത്രിയിലെത്തി.
തുടര്‍ന്ന് ആറരക്ക് തന്നെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഘട്ടംഘട്ടമായി എട്ടുപേരുടേയും പൂര്‍ത്തിയാക്കിയപ്പോള്‍ നേരം പുലരാറായിരുന്നു. ഇതിനിടെ വിശ്രമമോ ജലപാനമോ ഇല്ലാതെയാണ് ഡോ.ഗുജ്‌റാല്‍ എട്ടു പോസ്റ്റ്‌മോര്‍ട്ടങ്ങളും പൂര്‍ത്തിയാക്കിയത്. ഈ സമയമത്രയും ഡിവൈ.എസ്.പി വിജയകുമാറും പ്രദേശത്ത് ക്യാംപ് ചെയ്തു. വി.കെ ശ്രീകണ്ഠന്‍ എം.പി ഉറക്കമൊഴിച്ച് പൊലിസിന് കൂട്ടുമിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."