ചാനല്‍ സി.ഇ.ഒക്കെതിരേ സ്ത്രീ പീഡനത്തിന് പരാതി
നെടുമ്പാശ്ശേരി: ചാനലിന്റെ സി.ഇ.ഒക്കെതിരേ നെടുമ്പാശ്ശേരി പൊലിസില്‍ സ്ത്രീ പീഡനത്തിന് പരാതി. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റെസിഡന്‍സി ഫ്ളാറ്റിലെ താമസക്കാരനായ ശ്രീകുമാറിനെതിരേയാണ് കേസ്. പ്രമുഖ ദേശീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അടുത്തിടെ ആരംഭിച്ച മലയാളം ചാനലിന്റെ സി.ഇ.ഒ എന്ന നിലയിലാണ് ഇയാള്‍ ഇവിടെ താമസിച്ചുവന്നിരുന്നത്.
ഈ ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ആപ്പിള്‍ റെസിഡന്‍സിയിലെ ജീവനക്കാരിയായ പാലക്കാട് സ്വദേശിയാണ് തന്നെ ശ്രീകുമാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് നെടുമ്പാശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഒരാഴ്ച മുന്‍പാണ് സംഭവം നടന്നതെങ്കിലും നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ജോലി നഷ്ടപ്പെടുമെന്ന പേടി മൂലം പുറത്ത് പറഞ്ഞില്ല. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാട്ടിലേക്ക് പോയി. ഇന്നലെ ഉച്ചയോടെ മാതാവിനോടൊപ്പം സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
തന്നെ ശ്രീകുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തില്‍ ജോലിക്കായി ഇന്റര്‍വ്യു കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് അപ്പിള് ഫ്ളാറ്റില്‍ ഫ്ളോര്‍ മാനേജരായി പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."