എന്‍ജിനീയറിങ് പരീക്ഷ: ജയിക്കാനുള്ള മാര്‍ക്ക് 40 ആക്കി കുറച്ചു
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനീയറിങ് പരീക്ഷയില്‍ ജയിക്കാന്‍ ഓരോ വിഷയത്തിനും വേണ്ട മിനിമം മാര്‍ക്ക് 45ല്‍നിന്ന് 40 ആക്കി കുറച്ചതായി മന്ത്രി കെ.ടി ജലീല്‍. ഇന്റേണല്‍ മിനിമം മാര്‍ക്ക് വേണം എന്ന നിബന്ധനയും ഒഴിവാക്കി. അഖിലേന്ത്യാ സാങ്കേതിക കൗണ്‍സില്‍ മാനദണ്ഡ പ്രകാരമാണ് മാര്‍ക്ക് കുറച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സെമസ്റ്ററില്‍ പരമാവധി 5 തിയറി, 2 ലാബ് കോഴ്‌സുകളാണുള്ളത്. എല്ലാ തിയറി കോഴ്‌സുകളുടെ സിലബസും പരമാവധി 5 മൊഡ്യൂളുകളാക്കി കുറച്ചു. എല്ലാ പ്രാക്ടിക്കല്‍ കോഴ്‌സുകള്‍ക്കും യൂനിവേഴിസിറ്റി പരീക്ഷ നിര്‍ബന്ധമാക്കി. അവസാന രണ്ടു പരീക്ഷകളുടെ ക്രെഡിറ്റ് 31 ആയി കുറച്ചു.
എ.ഐ.സി.ടി.ഇയുടെ മാതൃകാ കരിക്കുലം അടിസ്ഥാനമാക്കി സാങ്കേതിക സര്‍വകലാശാലയുടെ സിലബസ് പരിഷ്‌കരിക്കും. 2019ന് മുന്‍പ് പ്രവേശനം നേടിയവര്‍ക്ക് ബി.ടെക് ബിരുദം നേടാനാവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി കുറച്ചു. നേരത്തേ ഇത് 182 ആയിരുന്നു. ഇങ്ങനെ ലഭ്യമാകുന്ന അധികസമയം സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റേണ്‍ഷിപ്പിനും ബി.ടെക് ഓണേഴ്‌സ് ഡിഗ്രിക്കും മൈനര്‍ കോഴ്‌സുകള്‍ക്കുമായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം.
വിദ്യാര്‍ഥികളുടെ പഠനശാഖയിലെ സ്‌പെഷലൈസേഷനാണ് ബി.ടെക് ഓണേഴ്‌സ്. അവസാന രണ്ട് സെമസ്റ്ററുകളില്‍ കുറഞ്ഞത് മൂന്നു വിഷയങ്ങളില്‍ 12 ക്രെഡിറ്റും ഓണ്‍ലൈനായി കുറഞ്ഞത് രണ്ടു വിഷയങ്ങള്‍ക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്നവര്‍ക്ക് ബി.ടെക് ഡിഗ്രിക്ക് പകരം ബി.ടെക് ഓണേഴ്‌സ് ഡിഗ്രി കരസ്ഥമാക്കാം.
മറ്റ് പഠനശാഖകളിലുള്ള സ്‌പെഷലൈസേഷനാണ് ബി.ടെക് മൈനര്‍ ഡിഗ്രി. മൂന്നാം സെമസ്റ്റര്‍ മുതല്‍ മൈനര്‍ കോഴ്‌സുകള്‍ക്ക് ചേരാം. അധികമായി മറ്റ് പഠനശാഖയിലെ മൂന്ന് വിഷയങ്ങളില്‍ 12 ക്രെഡിറ്റും ഓണ്‍ലൈനായി കുറഞ്ഞ് രണ്ട് വിഷയങ്ങള്‍ക്ക് എട്ട് ക്രെഡിറ്റും നേടുന്നവര്‍ക്ക് ബി.ടെക്കിനൊപ്പം മൈനര്‍ ഡിഗ്രി കൂടി നേടാം. ഓണേഴ്‌സ്, മൈനര്‍ ബിരുദങ്ങള്‍ക്കുള്ള സിലബസ് ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ നിശ്ചയിക്കും.
5, 7 സെമസ്റ്ററുകള്‍ക്കിടയില്‍ നാലു മാസക്കാലം ഇന്റേണ്‍ഷിപ്പിന് നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്റേണ്‍ഷിപ്പിനായുള്ള വെബ്‌പോര്‍ട്ടല്‍ ഈ അക്കാദമിക് വര്‍ഷം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് മേഖലയോടുള്ള അഭിരുചി വര്‍ധിപ്പിക്കുന്നതിന് രണ്ടാഴ്ച നീളുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമോടെയാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങുക.
ഇതിനായി ഒന്നാം സെമസ്റ്ററിന്റെ ആകെ ക്രെഡിറ്റ് 17ആക്കി കുറച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനും ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കാനും വേണ്ടി ബ്രേക്ക് ഓഫ് സ്റ്റഡിക്കുള്ള അവസരവും നല്‍കും. സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, എന്‍.എസ്.എസ്, സെമിനാറുകളില്‍ പങ്കെടുക്കുക, എം.ഒ.ഒ.സി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുക എന്നിവയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."