മിഠായിത്തെരുവില്‍ ഇന്ന് ബാബുഭായിക്കൊപ്പം മുനീറും പാടും
കോഴിക്കോട്: മിഠായിത്തെരുവില്‍ മൂന്നരപതിറ്റാണ്ടായി ഡോളകിന്റെ താളത്തിനൊപ്പം പാട്ടുപാടുന്ന ബാബുഭായിക്കൊപ്പം ഡോ.എം.കെ മുനീര്‍ എം.എല്‍.എയും പാടും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ബാബുവിനൊപ്പം പാട്ടില്‍ മുനീറും പങ്കുചേരുന്നത്.
തെരുവില്‍ പാട്ടുപാടി അന്നം കണ്ടെത്തിയിരുന്ന ഇവരെ കഴിഞ്ഞദിവസം പൊലിസ് തുരത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ യു.വി ജോസുമായി നടത്തിയ ചര്‍ച്ചയിലാണ് തെരുവിന്റെ ഗായകന് വീണ്ടും പാടാനുള്ള അനുമതി ലഭിച്ചത്. പ്രളയത്തില്‍ പൂവ്വാട്ടുപറമ്പിലെ ഇവരുടെ വീട്ടില്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു. പൊലിസ് പാട്ടിന്റെ കഴുത്തിന് പിടിച്ച് തെരുവില്‍ നിന്ന് ആട്ടിയതോടെ ജീവിതം പാടേ വഴിമുട്ടി. ജില്ലാ കലക്ടര്‍ യു.വി ജോസ് പാടാനുള്ള അനുമതി ജില്ലാ പൊലിസ് ചീഫിന് കൈമാറിയതോടെ രണ്ടു ദിവസമായി സാധാരണ പോലെ ബാബു പാടുമ്പോള്‍ പതിവിലേറെ ശ്രോദ്ധാക്കളെത്തുന്നുണ്ട്.
കഴിഞ്ഞദിവസം കലാകാരന്മാരുടെ സംഘടനയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു. പാട്ട് നിര്‍ത്താനാവശ്യപ്പെട്ട കാര്യം ശ്രദ്ധയില്‍പെട്ടയുടന്‍ സ്ഥലം എം.എല്‍.എ ഡോ.എം.കെ മുനീറും ജില്ലാ കലക്ടറും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ബാബുവിന്റെ മാതാപിതാക്കള്‍ കോഴിക്കോട്ടെത്തിയത്. ഇവരും നഗരത്തില്‍ പാടിനടന്നിരുന്നു.
കടപ്പുറത്തും മിഠായിത്തെരുവിലും ബസ് സ്റ്റാന്‍ഡുകളിലും മൂന്നര പതിറ്റാണ്ടോളമായി താളം പിടിക്കുന്ന ബാബുവിനൊപ്പം സ്ഥലം എം.എല്‍.എ കൂടിയായ മുനീര്‍ പങ്കുചേരുമ്പോള്‍ തെരുവില്‍ പാടുന്നത് പോലും വിലക്കുന്ന കേരളത്തിലെ ഭരണകൂട ഭീകരതക്കും സാംസ്കാരിക മൗനത്തിനുമെതിരായ പ്രതിഷേധവുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."