കുടിവെള്ളം വിതരണം തടസപ്പെട്ടു; ഡി.വൈ.എഫ്.ഐ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
നിലമ്പൂര്‍: നഗരസഭാ പരിധിയിലെ ആശുപത്രിക്കുന്ന്, കോവിലകത്ത്മുറി, അരുവാക്കോട്, കോടതിപ്പടി, കല്ലേമ്പാടം പ്രദേശങ്ങളില്‍ ദിവസങ്ങളായി കുടിവെള്ളം മുടങ്ങയിട്ടും വാട്ടര്‍അതോറിറ്റി കുടിവെള്ളം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മറ്റി ചന്തക്കുന്നിലെ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. നഗരസഭാ കൗണ്‍സിലര്‍ അരുമ ജയകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി കുഞ്ഞുട്ടിമാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പൊട്ടിയ പൈപ്പുകള്‍ നന്നാക്കേണ്ടത് കരാറുകാരുടെ ജോലിയാണെന്ന് വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ അറിയിച്ചതോടെ സമരക്കാര്‍ തീരുമാനമാവാതെ പിരിഞ്ഞുപോവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ഗ്രേഡ് എസ്.ഐ അജിത്തും സംഘവും ജീവനക്കാരും സമരക്കാരുമായി ചര്‍ച്ചനടത്തി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ കുടിവെള്ള വിതരണം പുനരാരംഭിക്കാമെന്നും, കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. സമരത്തിന് ഷനൂഫ് കോട്ടായി, സംഗീത് കോവിലകത്തുമുറി, യൂനസ് ചന്തക്കുന്ന്, പ്രദീപ് അരുവാക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
**പടം (ഇമെയില്‍)-കുടിവെള്ളം വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റിയുടെ ചന്തക്കുന്നിലെ ഓഫീസ് ഉപരോധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."