പൊലിസിലെ പോസ്റ്റല്‍വോട്ട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകുന്നതില്‍ കോടതിക്ക് അതൃപ്തി
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊലിസിന്റെ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസില്‍ അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ആരാഞ്ഞു. ബാലറ്റ് അട്ടിമറിയില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ വരണാധികാരിയില്‍ നിന്നു കൂടുതല്‍ രേഖകള്‍ ലഭിക്കാനുണ്ട്. ഇതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. പോസ്റ്റല്‍ ബാലറ്റ് തനിക്ക് കൈമാറണമെന്നാവശ്യപ്പെട്ട ഇടതുപക്ഷ പൊലിസ് അസോസിയേഷന്‍ നേതാവ് വൈശാഖിനെ ചോദ്യം ചെയ്‌തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീപത്മനാഭയെന്ന ഗ്രൂപ്പിലൂടെ വൈശാഖ് സന്ദേശമയച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അന്വേഷണ സംഘം വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പൊലിസിന്റെ ബാലറ്റ് വോട്ട് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
പൊലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആരോപണത്തെ സംബന്ധിച്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മിഷനെവച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മിഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ പുറത്തുവന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണം. പൊലിസിനെതിരേയുള്ള ആരോപണത്തില്‍ സംസ്ഥാന പൊലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതുകൊണ്ട് സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നുമാണ് രമേശ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."