കര്‍ഷക ആത്മഹത്യ: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ പെരുകുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും കര്‍ഷകന്റെ കടത്തിന്റെ കണക്കെടുത്ത് അത് എഴുതിത്തള്ളണമെന്നും അതിനുള്ള തിയതി പ്രഖ്യാപിക്കണമെന്നും കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്ക് ബാധകമല്ലെന്ന നിലപാട് ഭാവിയില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകള്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും സഭയില്‍ വ്യക്തമാക്കി. 2003ല്‍ സഹകരണ മേഖലയില്‍ക്കൂടി സര്‍ഫാസി നിയമം നടപ്പിലാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.
കേരളത്തിലെ സഹകരണ, കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നും കൃഷിക്കാര്‍ എടുത്തിട്ടുള്ള രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എഴുതി തള്ളുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും സഹകരണ ബാങ്കുകള്‍ വഴി എല്ലാ ജില്ലകളിലും എഴുതി തള്ളാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും. സഹകരണബാങ്കുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളുടെയും അപേക്ഷകള്‍ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വഴി സ്വീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ വായ്പകള്‍ കൂടി കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ വരുന്നതിനുവേണ്ടി ആസൂത്രണ കമ്മിഷന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സഹകരണ കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നും കൃഷിക്കാര്‍ എടുത്തിരിക്കുന്ന കടങ്ങള്‍ എഴുതി തള്ളുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
ഇടുക്കി, വയനാട്, കുട്ടനാട് പ്രദേശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജ് കാര്യക്ഷമമായി നടപ്പിലാക്കും. മുന്‍കാലങ്ങളില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പാക്കേജുകള്‍ പരാജയപ്പെടാനുണ്ടായ കാര്യ കാരണങ്ങള്‍ വിശദമായി പഠിച്ച് പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയാകും പാക്കേജ് നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാരിന്റെ കാലത്ത് 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നില്ല അവരുടെ ആത്മഹത്യയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍പോലും സഹായിക്കാനില്ലാത്ത അവസ്ഥയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത്. കര്‍ഷക ദ്രോഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൊറട്ടോറിയം പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൊറട്ടോറിയം പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയാതെ പോയതിനു പിന്നില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ കടാശ്വാസ കമ്മിഷന്‍ തീരുമാനിക്കേണ്ട കാര്യമില്ല; മന്ത്രിസഭ തീരുമാനിച്ചാല്‍ മതി. നടപടി സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോഴും കര്‍ഷക ആത്മഹത്യ തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചുള്ള ചരിത്രപരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് കൃഷി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് മീറ്റിങ് വിളിച്ചുചേര്‍ത്ത് കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കുമേലുള്ള ജപ്തി നടപടികള്‍ ഡിസംബര്‍ 31വരെ നിര്‍ത്തിവയ്ക്കുന്നതിന് നിര്‍ദേശം നല്‍കി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബാങ്കേഴ്‌സ് മീറ്റിങ് വിളിച്ചുചേര്‍ത്ത് കര്‍ഷകര്‍ക്ക് ആശ്വാസ നടപടി എത്തിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."